പാലാ: എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ തുടയില്‍ തുളഞ്ഞു കയറിയ സൈക്കിള്‍ ഹാന്‍ഡില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്നതിനിടെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപമാണ് വിദ്യാര്‍ഥി അപകടത്തില്‍പെട്ടത്.
ഹാന്‍ഡില്‍ ഇടതു തുടയിലൂടെ തുളച്ചു കയറി മറു വശത്തേക്കു ഇറങ്ങിയ നിലയിലായിരുന്നു. തൊടുപുഴയില്‍നിന്ന് അഗ്നിശമന സേനയെത്തി ഹാന്‍ഡില്‍ സൈക്കിളില്‍നിന്നു മുറിച്ചു മാറ്റിയ ശേഷം വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
25 സെന്റീമീറ്ററോളം നീളത്തില്‍ തുടയില്‍ തറച്ചു കയറിയിരുന്ന ഹാന്ഡിലുമായാണ് വിദ്യാര്‍ഥിയെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചത്. പ്രധാന രക്തക്കുഴലിനു ചേര്‍ന്നായിരുന്നു ഹാന്‍ഡില്‍ തുളഞ്ഞു കയറിയത്. ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപ്പിക് സര്‍ജറി വിഭാഗം മേധാവി ഡോ. ജിബിന്‍ കെ. തോമസിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി തുടയില്‍നിന്നു ഹാന്‍ഡില്‍ നീക്കംചെയ്യുകയായിരുന്നു.
കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സി. കൃഷ്ണന് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനീഷ് ജോസഫ്, അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജെ. പാപ്പച്ചന്, ഡോ. ബേസില്‍ പോള്‍ മനയാലില്‍ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. വിദ്യാര്‍ഥി സുഖം പ്രാപിച്ചുവരുന്നു.