ഫാ. മാത്യു തെക്കേല്‍
ചുരുങ്ങിയ കാലത്തിനുള്ളില്‍ വളര്‍ന്നു പന്തലിച്ച് മധ്യകേരളത്തിലെ മികവുറ്റ ആശുപത്രികളിലൊന്നായി മാറിയ പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി പ്രവര്‍ത്തനത്തിന്റെ ഏഴാം വാര്‍ഷികാഘോഷത്തിലാണ്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണത്തിലാണ് സമ്പൂര്‍ണ ചികിത്സാകേന്ദ്രമായി 2019 സെപ്റ്റംബര്‍ 14ന് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. പതിനായിരക്കണക്കിനു രോഗികള്‍ക്ക് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ചികിത്സാ സൗകര്യം ഒരുക്കി നല്കാന് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ ദീപികയുമായി സംസാരിച്ചപ്പോള്‍.
മറ്റ് ആശുപത്രികളില്‍നിന്നു മെഡിസിറ്റിയെ വ്യത്യസ്തമാക്കുന്നത് ?
ഏറ്റവും വിദഗ്ധമായ പരിശോധനകളും ഗുണമേന്മയുള്ള ചികിത്സയും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കുമാണ് മെഡിസിറ്റിയെ വ്യത്യസ്തമാക്കുന്നത്. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലും പ്രഗത്ഭരും വിദഗ്ധരുമായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ടീമാണുള്ളത്. അലോപ്പതി, ആയുര്‍വേദ, ഹോമിയോ, സിദ്ധ ചികിത്സകള്‍ ഒരു കുടക്കീഴില് ലഭ്യമാണ്.
ഏഴു വര്‍ഷത്തിലുണ്ടായ വളര്‍ച്ച ?
ഏഴു വര്‍ഷത്തിനുള്ളില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും സെന്റര്‍ ഓഫ് എക്സലന്‍സായി എന്നതു വലിയ നേട്ടമാണ്. ലഭ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്. ശ്വാസകോശ രോഗവിഭാഗത്തില്‍ ക്രയോ ആപ്ലിക്കേഷന്‍, ട്വിന്‍ അള്ട്രതിന് ബ്രോങ്കോസ്കോപ്പ് ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്കോപ്പി സ്കില്‍ ലാബ് കൂടി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ കാര്‍ട്ടിലേജ് ബോണ്‍ കോംപ്ലക്സ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കി.
കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ?
ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാരംഭ ഘട്ടത്തിലാണ്. നിലവിലെയും ഭാവിയിലെയും എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ സെന്ററാണ് ലക്ഷ്യമിടുന്നത്. സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്.
പൊതുജന സമ്പര്‍ക്ക പരിപാടികള്‍ ?
ആശുപത്രിയില്‍ മാത്രം ഒതുങ്ങുന്നതല്ല മെഡിസിറ്റിയുടെ പ്രവര്‍ത്തനം. കമ്യൂണിറ്റി കണക്ട് എന്ന പ്രോജക്ട് വഴി സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് സേവനങ്ങളുമായി എത്തുന്നു. ഇടവകകള്‍ കേന്ദ്രീകരിച്ചും സംഘടനകളുമായി കൈകോര്‍ത്തും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഹെല്‍ത്ത് ടോക്കുകളുമുണ്ട്. പാലിയേറ്റീവ് രംഗത്തും സജീവമാണ്.
രോഗികള്‍ക്കുള്ള സേവന പദ്ധതികള്‍ ?
സാധാരണക്കാര്‍ക്കു താങ്ങാവുന്ന നിരക്കാണ് ആശുപത്രിയിലുള്ളത്. ആശുപത്രി പേട്രണ്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പേരിലുള്ള പേട്രണ്‍ ചാരിറ്റി ഫണ്ടില്‍ നിന്നും അര്‍ഹരായ രോഗികള്‍ക്ക് സഹായങ്ങള്‍ നല്കുന്നു. 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്ക് വീട്ടില്‍ മരുന്ന് എത്തിക്കുന്ന മെഡിസിന് അറ്റ് ഹോം പദ്ധതിയുമുണ്ട്.
സ്വകാര്യ ആശുപത്രികളുടെ പ്രസക്തി ?
സ്വകാര്യ ആശുപത്രികളുടെ പ്രസക്തിയും സേവനവും എക്കാലവും വലുതാണ്. ഇനിയും വര്‍ധിച്ചുകൊണ്ടേയിരിക്കും. സര്‍ക്കാരിന്റെ ആരോഗ്യസംവിധാനങ്ങളോടു ചേര്‍ന്നാണ് സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം. ആരോടും മത്സരിക്കാറില്ല, എല്ലാവരോടും ചേര്‍ന്നുനിന്ന് നല്ല ആരോഗ്യ സംസ്കാരം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഭാവിപ്രവര്‍ത്തനം?
ഒരു സമ്പൂര്‍ണ ആരോഗ്യ കേന്ദ്രമായി വളര്‍ന്ന മെഡിസിറ്റിയെ ഒരു മെഡിക്കല്‍ കോളജ് ലെവലിലേക്ക് എത്തിക്കും. റോബോട്ടിക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചികിത്സാരീതികള്‍ ഉടനെത്തും. ആയുര്‍വേദ വിഭാഗത്തിന് പ്രത്യേക ബ്ലോക്കും പരിഗണനയിലുണ്ട്.
വാര്‍ഷികാഘോഷം ഇന്നു വൈകുന്നേരം അഞ്ചിന്
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ ആശുപത്രിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍, അനക്സ് ഒന്ന് ബ്ലോക്കിലേക്കു മാറിയ ഗാസ്ട്രോസയന്‍സസ് ആന്‍ഡ് പള്‍മണറി ബ്ലോക്കിന്റെ ഉദ്ഘാടനം, ഗാസ്ട്രോ സയന്‍സസ് വിഭാഗം - സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനം, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ 150 പേരുടെ സംഗമം എന്നിവ നടത്തും.
ആരോഗ്യമന്ത്രി കെ. മുരളീധരന് ഉദ്ഘാടനം നിര്‍വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, നാട്ടകം സുരേഷ്, എം.ജെ. സെബാസ്റ്റ്യന്‍, പ്രഫ. റോണി കെ. ബേബി എന്നിവര്‍ പ്രസംഗിക്കും.
Tags : Local News Nattuvishesham Medicity Seven Years Excellence