National
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾ ശാന്തരായിരിക്കണമെന്നും സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷ സുരക്ഷിതവും സുതാര്യവുമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എൻടിഎ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
പരീക്ഷ മാറ്റിവെച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ എൻടിഎ, ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് ആവശ്യപ്പെട്ടു. ക്രമക്കേടുകൾ തടയാൻ ബഹുതല സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കാൻ ഏതൊരു നിയമവിരുദ്ധ ശ്രമത്തെയും കർശനമായി നേരിടുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 21ന് പുനഃപരീക്ഷ നടക്കും. പരീക്ഷാ സമ്മർദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാരിന്റെ 'മാനസ്' ഹെൽപ്പ്ലൈൻ നമ്പർ ലഭ്യമാക്കിയിട്ടുണ്ട്. അനാവശ്യമായ ആശങ്കകൾ ഒഴിവാക്കാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും മാതാപിതാക്കളോടും അധ്യാപകരോടും എൻടിഎ അഭ്യർത്ഥിച്ചു.
മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ, ചോദ്യപേപ്പർ ചോർച്ചാ പരാതികളെ തുടർന്ന് മേയ് 12-നാണ് എൻടിഎ റദ്ദാക്കിയത്. നിലവിൽ സിബിഐ അന്വേഷിക്കുന്ന ഈ സംഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഇത്തവണ പരീക്ഷാ രീതികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ് വഴി ലഭിക്കാത്തവർക്ക് ഡിജിലോക്കർ വഴിയും ഇത് ലഭ്യമാകും.
റോൾ നമ്പർ, പേര്, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. ഇതിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പരീക്ഷാർത്ഥികൾക്ക് ഹെൽപ്ലൈൻ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ എൻടിഎ അധികൃതരുമായി ബന്ധപ്പെടാം.
National
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ. ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടി. രാജ്യത്തെ ഒരു ദേശീയ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ വിതരണത്തിനായി സായുധ സേനയെ നിയോഗിക്കുന്നത് ഇതാദ്യമായാണ്.
രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പുനഃപരീക്ഷ എഴുതുന്നത്. പരീക്ഷാ നടപടികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ പ്രോട്ടോക്കോളുകളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.
പുനഃപരീക്ഷാ ഒരുക്കങ്ങൾ വിലയിരുത്താൻ തെലങ്കാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് വ്യോമസേനയെ പങ്കാളിയാക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെലങ്കാനയിലെ 24 നഗരങ്ങളിലായി 208 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് മേയ് 12-നാണ് എൻടിഎ ചോദ്യപേപ്പർ റദ്ധാക്കിയത്. നിലവിൽ ഈ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ പോലീസിന്റെ കർശന നിരീക്ഷണവും സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജൂൺ 21-ലേക്ക് മാറ്റിവെച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം പരമ്പരാഗതമായ 'പെൻ ആൻഡ് പേപ്പർ' (ഓഫ്ലൈൻ) രീതിയിൽ തന്നെയാകും പരീക്ഷ നടക്കുകയെന്ന് വ്യക്തമായി.
ആർജെഡി എം.പി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. നിലവിൽ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വലിയ സമ്മർദത്തിലാണെന്നും, അവസാന നിമിഷം പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം ഹർജികൾ മുൻപും തള്ളിയിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയം വേനലവധിക്ക് ശേഷം ജൂലൈയിൽ വിശദമായി പരിഗണിക്കാനായി മാറ്റിവെച്ചു. മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 11 വരെ നീട്ടിയതായി പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
നേരത്തേ പ്രഖ്യാപിച്ചിരുന്ന സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു.
അതിനുള്ളിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.
ബുധനാഴ്ച രാത്രി ഒന്പതുവരെ അപേക്ഷിക്കാനുള്ള വിൻഡോ ലഭ്യമായിരിക്കും. രാത്രി 11:50 വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.