ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച നാഗ്പൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് യുഎഇയിലെ അബുദാബിയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചത് വലിയ വിവാദത്തിനും സോഷ്യൽ മീഡിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. പാസ്പോർട്ട് പോലുമില്ലാത്ത വിദ്യാർത്ഥിക്ക് വിദേശത്ത് കേന്ദ്രം ലഭിച്ചതോടെ ആശങ്കയിലായ കുടുംബം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സമീപിക്കുകയായിരുന്നു.
ഇതൊരു സാങ്കേതിക തകരാർ മൂലമുണ്ടായ പിഴവാണെന്ന ആരോപണം എൻടിഎ പൂർണമായും തള്ളി. പരീക്ഷാ അപേക്ഷ തിരുത്താനുള്ള സമയത്ത് വിദ്യാർത്ഥിയുടെ സ്വന്തം ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രം അബുദാബിയിലേക്ക് മാറ്റിയതെന്ന് വെബ് ആക്റ്റിവിറ്റി രേഖകൾ വ്യക്തമാക്കുന്നതായി അധികൃതർ അറിയിച്ചു. മൂന്ന് തവണ ലോഗിൻ ചെയ്ത് ഈ മാറ്റങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും എൻടിഎ വ്യക്തമാക്കി.
തങ്ങൾ അങ്ങനെയൊരു ഓപ്ഷൻ നൽകിയിട്ടില്ലെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആവർത്തിച്ചു. പരീക്ഷയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വിദ്യാർത്ഥി നേരിട്ട കടുത്ത മാനസിക സമ്മർദം കണക്കിലെടുത്ത്, അടിയന്തര നടപടിയെന്നോണം എൻടിഎ പിന്നീട് പരീക്ഷാ കേന്ദ്രം നാഗ്പൂരിലേക്ക് തന്നെ മാറ്റി നൽകി. ഒരു വിദ്യാർത്ഥിക്കും പരീക്ഷ നഷ്ടപ്പെടരുത് എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എൻടിഎ കൂട്ടിച്ചേർത്തു.
Tags : NTA NEET UG Latest News