ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്ന ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അരീന.
ന്യൂഡല്‍ഹി: 2026 ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അരീനയില്‍ തുടക്കം. 30-ാം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ദിനം 23-ാം തീയതിയാണ്. 21നു ക്വാര്‍ട്ടര്‍, 22 സെമി ഫൈനല്‍ പോരാട്ടങ്ങളും അരങ്ങേറും.
പുരുഷ-വനിതാ സിംഗിള്‍സ്, പുരുഷ-വനിതാ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലായി ആകെ 382 കളിക്കാരാണ് ലോക ചാമ്പ്യന്‍ഷിപ്പിനായി ഇന്നു മുതല്‍ കോര്‍ട്ടില്‍ ഇറങ്ങുക. ഇതു രണ്ടാം തവണയാണ് ഇന്ത്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനു വേദിയൊരുക്കുന്നത്. 2009ല്‍ ഹൈദരാബാദില്‍വച്ചായിരുന്നു ആദ്യത്തേത്.
ഇന്ത്യന്‍ ചരിത്രം ഇതുവരെ
ലോക ബാഡ്മിന്റണില്‍ ഇതുവരെ ഇന്ത്യ 15 മെഡല്‍ സ്വന്തമാക്കി. 1983ല്‍ പുരുഷ സിംഗിള്‍സില്‍ പ്രകാശ് പദുക്കോണിന്റെ വെങ്കലമാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. പിന്നീട് 2011ല്‍ വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പയും ജ്വാല ഗുട്ടയും വെങ്കലം സ്വന്തമാക്കി.
2019ല്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു നേടിയ സ്വര്‍ണമാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. രണ്ടു വെള്ളിയും വെങ്കലവും അടക്കം വനിതാ സിംഗിള്‍സില്‍ അഞ്ച് മെഡല്‍ സിന്ധുവിനുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയതും സിന്ധുവാണ്. സൈന നെഹ്വാളാണ് (വനിതാ സിംഗിള്‍സ്) ഒന്നിലധികം മെഡലുള്ള മറ്റൊരു ഇന്ത്യന്‍ താരം; 2015ല്‍ വെള്ളിയും 2017ല്‍ വെങ്കലവും. എച്ച്.എസ്. പ്രണോയിയാണ് (വെങ്കലം) മെഡല്‍ നേടിയ ഏക മലയാളി.
ഇന്നു കളത്തില്‍
ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനമായ ഇന്ന് ഇന്ത്യയുടെ പി.വി. സിന്ധു, ആയുഷ് ഷെട്ടി, ട്രീസ ജോളി, എം.ആര്. അര്ജുന് തുടങ്ങിയവന് ഇറങ്ങും. വനിതാ സിംഗിള്‍സ് ആദ്യറൗണ്ടില്‍ സിന്ധുവിന്റെ മത്സരം വൈകുന്നേരം 5.20നാണ്.
പുരുഷ സിംഗിൾസില്‍ ആയുഷ് ഷെട്ടി വൈകുന്നേരം 6.10ന് ഇറങ്ങും. പുരുഷ ഡബിള്‍സില്‍ എം.ആര്. അര്ജുന്-ഹരിഹരന് അംസകരുണന്‍ സഖ്യം ഉച്ചയ്ക്ക് 12.20നും വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട് വൈകുന്നേരം 4.30നും കോര്‍ട്ടിലെത്തും.
ഇന്ത്യ @ ലോക ചാമ്പ്യന്‍ഷിപ്പ്
പി.വി. സിന്ധു: സ്വര്‍ണം (2019) | വെള്ളി 2017 | വെള്ളി 2018 | വെങ്കലം 2013 | വെങ്കലം 2014
സൈന നെഹ്വാള്: വെള്ളി (2015) | വെങ്കലം (2017)
കിഡംബി ശ്രീകാന്ത്: വെള്ളി (2021)
പ്രകാശ് പദുക്കോണ്‍: വെങ്കലം (1983)
ജ്വാല ഗുട്ട & അശ്വിനി പൊന്നപ്പ: വെങ്കലം (2011)
ബി. സായ് പ്രണീത്: വെങ്കലം (2019)
ലക്ഷ്യ സെന്‍: വെങ്കലം (2021)
സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി: വെങ്കലം (2022) | വെങ്കലം (2025)
എച്ച്.എസ്. പ്രണോയ്: വെങ്കലം (2023)
ആകെ: 15 മെഡല്‍ (1 സ്വര്‍ണം, 4 വെള്ളി, 10 വെങ്കലം)
Tags : BWF WorldBadmintonChampionship Sports