കാപ്പി, കുരുമുളക്
കാപ്പിത്തോട്ടങ്ങളിൽ മഴയുടെ അഭാവം ഉത്പാദനത്തെ ബാധിക്കുമോയെന്ന ആശങ്കയിൽ ഉത്പാദകർ, കൊളംബിയയിലെ പ്രകൃതി ദുരന്തം കാപ്പി കയറ്റുമതിയുടെ താളം തെറ്റിച്ചു. പച്ചത്തേങ്ങ വിലക്കയറ്റം കൊപ്രയുടെ മുന്നേറ്റത്തിന് പച്ചക്കൊടി ഉയർത്തി. വിയറ്റ്നാമിൽ കുരുമുളക് വിളവെടുപ്പു പൂർത്തിയായതോടെ ചെറുകിട വിപണികളിൽ വരവ് കുറഞ്ഞു. റബർ ഷീറ്റ് ലഭ്യത ഏഷ്യൻ റബർ മാർക്കറ്റിൽ ചാഞ്ചാട്ടമുളവാക്കാം.
കേരളത്തിലെയും കർണാടകത്തിലെയും കാപ്പി ഉത്പാദന മേഖലകളിൽ കാലവർഷം ദുർബലമായി നീങ്ങിയത് ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ ഉത്പാദനക്കുറവിനു ഇടയാക്കാം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി വിളയുന്ന കൂർഗിൽ ജൂൺ മുതൽ ഓഗസ്റ്റ് മധ്യം വരെ മഴയുടെ അളവ് മുൻ വർഷത്തേക്കാൾ ഏകദേശം 25 ശതമാനം കുറഞ്ഞു. ഹസൻ, ചിക്കമംഗലൂർ, വയനാട് മേഖലയിലെ കാപ്പി തോട്ടങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചില്ല.
ദക്ഷിണേന്ത്യയിലെ വിവിധ കാപ്പി ഉത്പാദക മേഖലകളിൽ രണ്ട് മുതൽ 61 ശതമാനം വരെ മഴ കുറവ്. ഓഗസ്റ്റ് രണ്ടാം പകുതിയിലും സെപ്റ്റംബറിലും മഴദൈവങ്ങൾ കനിഞ്ഞില്ലെങ്കിൽ ഒക്ടോബറിൽ തുടങ്ങുന്ന കാപ്പി സീസണിൽ ഉത്പാദനം ഇടിയുമെന്ന ആശങ്കയിലാണു കർഷകർ. വയനാട്ടിൽ കാപ്പി പരിപ്പ് കിലോ 392 രൂപയിലും 54 കിലോ ഉണ്ടകാപ്പി 11,800 രൂപയിലുമാണ്. കട്ടപ്പനയിൽ റോബസ്റ്റ കാപ്പി കിലോ 203 രൂപയിലും പരിപ്പ് 350 രൂപയിലും.
ആഗോള കാപ്പി കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള കൊളംബിയയെ പിടിച്ചുലച്ച ഭൂചലനം അവരുടെ കാർഷിക മേഖലയിൽ വിള്ളലുളവാക്കി. കാപ്പിത്തോട്ടങ്ങൾക്ക് പേര് കേട്ട കാൽഡാസ്, റിസറാൾഡ, ക്വിൻഡിയോ മേഖലകളിൽ ഭൂകമ്പം ശക്തമായിരുന്നു. വൻകിട കാപ്പി സംസ്കരണ ഫാക്ടറികൾക്കും ഗോഡൗണുകൾക്കും തകർച്ച നേരിട്ടു. പ്രമുഖ തുറമുഖമായ ബ്യൂണവെഞ്ചുറ പോർട്ടിൽ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചതിനാൽ കയറ്റുമതി പൂർണമായി നിലച്ചു. വിപണിയിലെ വൻ ശക്തിക്ക് നേരിട്ട തിരിച്ചടി അന്താരാഷ്ട്ര കാപ്പി വില ഉയർത്താം. ന്യൂയോർക്കിൽ അറബിക്ക കാപ്പി 336 സെന്റിലും ലണ്ടൻ എക്സ്ചേഞ്ചിൽ റോബസ്റ്റ 3600 ഡോളറിലുമാണ്.
വെളിച്ചെണ്ണ വില സ്റ്റെഡി;ഭക്ഷ്യയെണ്ണ ഇറക്കുമതി വർധിച്ചു
ചിങ്ങം പിറന്നെങ്കിലും സംസ്ഥാനത്ത് വെളിച്ചെണ്ണ വില സ്റ്റെഡി. അതേസമയം, കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകർന്ന് പച്ചത്തേങ്ങ കിലോ 75 രൂപയിലേക്ക് ചുവടുവച്ചു. മാസങ്ങൾ ശേഷമാണ് പ്രാദേശിക ഡിമാൻഡിൽ തേങ്ങ വില ഉയർന്നത്.
വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ മില്ലുകാർ വില ഉയർത്തി കൊപ്ര ശേഖരിക്കാം. നേരത്തേ കാങ്കയം ലോബി എണ്ണ വില കൃത്രിമമായി ഉയർത്തിയെങ്കിലും അതിന്റെ നേട്ടം കേരളത്തിലെ കർഷകർക്ക് കൈപ്പിടിയിൽ ഒതുക്കാനായില്ല. തിരുവോണം വരെ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരുമെന്നത് കൊപ്രയ്ക്കും തേങ്ങയ്ക്കും നേട്ടമാകും. വെളിച്ചെണ്ണ കിലോ 300 രൂപയ്ക്ക് മുകളിലാണ്. കൊച്ചിയിൽ എണ്ണ 25,500 രൂപയിലും കൊപ്ര 16,600 രൂപയിലുമാണ്.
ഉത്സവ സീസൺ മുൻനിർത്തി വ്യവസായികൾ ഭക്ഷ്യയെണ്ണ ഇറക്കുമതി വർധിപ്പിച്ചു. ജൂലൈയിൽ ഭക്ഷ്യയെണ്ണ വരവ് ജൂണിനെ അപേക്ഷിച്ച് 33 ശതമാനം വർധിച്ചു, പാം ഓയിൽ ഇറക്കുമതി ജൂണിനേക്കാൾ 49.89 ശതമാനം വർധിച്ച് 7.30 ലക്ഷം ടണ്ണായി. ഒക്ടോബർ വരെ നീളുന്ന ഉത്സവകാല ആവശ്യങ്ങൾക്കായി വിവിധ തുറമുഖങ്ങളിൽ വൻതതോതിൽ പാചകയെണ്ണ ഇറക്കുമതി നടക്കുന്നുണ്ട്. പാം ഓയിൽ, സോയാ, സൂര്യകാന്തി എണ്ണകളാണ് ഇറക്കുമതിയിൽ മുന്നിൽ.
കുരുമുളക് വിലക്കയറ്റത്തിനു തടയിടാൻ വ്യാപാരികൾ
വിയറ്റ്നാമിൽ കുരുമുളക് വിളവെടുപ്പ് പൂർത്തിയായതിനിടയിൽ വിപണികളിൽ വരവ് കുറഞ്ഞു. ലഭ്യത കുറഞ്ഞെങ്കിലും കയറ്റുമതി മേഖല നിരക്ക് ഉയർത്താതെ ചരക്ക് സംഭരണ ശ്രമത്തിലാണ്. ഒരു പരിധി വരെ അവർക്ക് കുടപിടിച്ച് ഉത്തരേന്ത്യൻ വ്യവസായ ലോബി ഇന്ത്യൻ മാർക്കറ്റിനെയും പിടിച്ചുനിർത്തി. ഇവിടെ വാങ്ങലുകാരുടെ പിടിവിട്ടാൽ വിയറ്റ്നാം മുളകുവില കുതിച്ചുചാട്ടം കാഴ്ചവയ്ക്കും. അവിടെ മുളക് വില കിലോ 1,36,000- 1,39,000 ഡോങിലാണ്, ഏതാനും ആഴ്ചകളായി. ഈ ടാർജറ്റിൽ നിന്നും പുറത്തുകടന്നാൽ 1,44,000- 1,56,000 ഡോങിലേക്ക് നിരക്ക് കുതിക്കാം.
അന്തർസംസ്ഥാന വ്യാപാരികൾ തണുപ്പൻ മനോഭാവം പുലർത്തി മുളക് വിലക്കയറ്റത്തിനു തടയിടാനുള്ള ശ്രമത്തിലാണ്. ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് കാർഷിക മേഖല ചരക്ക് ഇറക്കിയത് വാങ്ങലുകാർ നേട്ടമാക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 68,800 രൂപയിലും ഗാർബിൾഡ് 70,800 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7600 ഡോളർ.
റബർ കയറ്റുമതി ഉയർത്തി
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ റബർ സീസൺ പുരോഗമിക്കുന്നതിനാൽ ഷീറ്റ് ലഭ്യത ഉയരുമെന്ന നിഗമനത്തിലാണ് ചൈന അടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾ. എന്നാൽ, അടിക്കടിയുള്ള മഴ തായ്ലൻഡിൽ ടാപ്പിംഗിനു തടസം സൃഷ്ടിച്ചതിനാൽ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉയർത്താനായില്ല. അതേസമയം, മലേഷ്യയിൽ ഉത്പാദനം വർധിച്ചു, മേയിൽ 28,000 ടൺ കയറ്റുമതി നടത്തിയ അവർ ജൂണിൽ 38,000 ടണ്ണും കയറ്റിയയച്ചു. ജൂലൈയിലെ കണക്കുകൾ പുറത്തുവന്നിട്ടില്ല, ഷിപ്പ്മെന്റ് ഉയരുമെന്നാണ് സൂചന. മലേഷ്യൻ റബറിൽ അമ്പത് ശതമാനത്തിൽ അധികവും ചൈനയിലേക്കാണു നീങ്ങിയത്. ജൂലൈയിൽ ആഫ്രിക്കയിൽ നിന്നും തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ചൈന റബർ ശേഖരിച്ചു.
ജപ്പാൻ ഒസാക്കയിൽ റബർ നേരിയ റേഞ്ചിൽ നീങ്ങുന്നതിനാൽ ഓപ്പറേറ്റർമാർ കരുതലോടെയാണ് വിപണിയെ വീക്ഷിക്കുന്നത്. പിന്നിട്ടവാരം 417-428 റേഞ്ചിലായിരുന്നു റബർ, ഒരു മാസമായി 403 - 436 യെന്നിൽ നിലകൊണ്ടെങ്കിലും വ്യക്തമായ ഒരു ദിശ കണ്ടെത്താനായില്ല. ക്രൂഡ് ഓയിൽ വിലയിലെ കയറ്റിറക്കവും പ്രതികൂല കാലാവസ്ഥയിൽ ടാപ്പിംഗ് സ്തംഭിച്ചതുമെല്ലാം ഇടപാടുകാരെ വൻ ബാധ്യതകളിൽനിന്നും പിൻതിരിപ്പിച്ചു.
സംസ്ഥാനത്ത് റബർ വില കുറഞ്ഞു
സംസ്ഥാനത്ത് റബർ വില കുറഞ്ഞു. മഴ ശമിച്ചത് കണ്ട് കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചതു സ്റ്റോക്കിസ്റ്റുകളെ കൊച്ചി, കോട്ടയം വിപണികളിൽ വില്പനക്കാരാക്കി. നാലാം ഗ്രേഡ് 28,400 രൂപയിൽനിന്നും 27,600ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 900 രൂപ കുറഞ്ഞ് ക്വിന്റലിന് 27,100 രൂപയായി. ഒട്ടുപാൽ 18,700 രൂപയിലും ലാറ്റക്സ് 19,000 രൂപയിലുമാണ്.
Tags : MonsoonDeficit CoffeeFarmers Express GrowingConcern Business