Kerala
പാലക്കാട്: വല്ലപ്പുഴ ചെറുകോട് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. പടിഞ്ഞാറ്റുമുറി സ്വദേശി പാറുക്കുട്ടി അമ്മയ്ക്ക് (76) നേരെയാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ ഒന്പതിനാണ് സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് റോഡിലൂടെ നടന്നു പ്രദേശത്തെ തോടിനോട് ചേർന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോൾ ദൂരെ നിന്നും ഓടിവന്ന കാട്ടുപന്നി പാറുക്കുട്ടി അമ്മയെ ആക്രമിക്കുകയായിരുന്നു.
കാട്ടുപന്നിയുടെ ഇടികൊണ്ട പാറുക്കുട്ടിയമ്മ സമീപത്തെ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണു. ഇവരുടെ നിലവിളി കേട്ട് ആളുകൾ ഓടി കൂടുകയും പാറുക്കുട്ടിയമ്മയെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ഒക്കെ ശല്യം രൂക്ഷമാണെന്നും പരാതികൾ പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലെന്നും പാറുക്കുട്ടിയമ്മയുടെ മകൻ വിജയൻ പറഞ്ഞു.
Kerala
ആലപ്പുഴ: ആറാട്ടുപുഴയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടിൽ കനകമ്മ (79) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നൽകികൊണ്ടിരിക്കുമ്പോൾ വീടിനു സമീപം ഉണ്ടായിരുന്ന കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു. അവശ നിലയിലായ കനകമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് കനകമ്മ മരിച്ചത്.
National
റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വയോധികയെ ആന ചവിട്ടിക്കൊന്നു. ജമുന പ്രധാൻ (78) ആണ് മരിച്ചത്.
ബോൾബ വനമേഖലയിലെ കൊഡുർമുണ്ട ഭുഖാൻ ടോളി സ്വദേശിയാണ് ജമുന പ്രധാൻ. ആനക്കൂട്ടത്തിൽ നിന്ന് വഴിതെറ്റി വന്ന ഒരു ആന ജമുനയെ ചവിട്ടിക്കൊന്നതായി സിംദേഗ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ശശാങ്ക് ശേഖർ സിംഗ് പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം പുല്ല് വെട്ടാൻ ജമുന പ്രധാൻ വനത്തിലേക്ക് പോയിരുന്നു. ഇതിനിടെയാണ് സംഭവം. വിവരം ലഭിച്ചയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ബോൾബ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദേവിദാസ് മുർമുവിനൊപ്പം സ്ഥലത്തെത്തി മൃതദേഹം സിംദേഗയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ജമുന പ്രധാന്റെ കുടുംബത്തിന് നാലുലക്ഷം രൂപ കൈമാറുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.