കൊച്ചി: നാലുപേർക്ക് ജീവൻ പകുത്തുനൽകി ആലിൻ ഷെറിൻ ഏബ്രഹാം എന്ന പത്തു മാസം പ്രായമുള്ള കുഞ്ഞ് അവയവദാനരംഗത്ത് പുതുചരിത്രമെഴുതി മടങ്ങിയ കേരളത്തിൽ ജീവനും ജീവിതവും നിലനിർത്താൻ അവയവങ്ങൾക്കായി കാത്തിരിക്കുന്നത് ഇനിയുമെത്രയോ പേർ! വൃക്ക, കരൾ, ഹൃദയം... അവയവങ്ങൾ നൽകാൻ മനസുള്ളവരെ പ്രതീക്ഷിച്ച് ആകുലതകളോടെ ആശുപത്രി കിടക്കകളിലും വീടുകളിലുമായി കഴിയുന്നവരുടെ എണ്ണം ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം 3188 ആണ്.
അവയവദാനരംഗത്തെ സേവനങ്ങൾക്കുള്ള സംസ്ഥാനസർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ (കെ സോട്ടോ) എത്തിയ രജിസ്ട്രേഷനുകളനുസരിച്ച് വൃക്കദാതാക്കളെ തേടുന്നവരാണ് അധികവും. 2425 രോഗികളാണു സംസ്ഥാനത്ത് വൃക്ക കിട്ടാൻ കാത്തിരിക്കുന്നത്. ഇതിൽ 658 പേർ സ്ത്രീകളാണ്.
കരൾ ദാതാക്കളെ തേടുന്നത് 691 പേർ. ഇതിൽ 588 പുരുഷന്മാരും 103 സ്ത്രീകളുമുണ്ട്.
സംസ്ഥാനത്ത് 72 ഹൃദ്രോഗികൾ അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കേണ്ട സ്ഥിതിയിലുണ്ട്. ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്ന് കെ സോട്ടോയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതിൽ 21 പേർ സ്ത്രീകളാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സന്നദ്ധ അവയവദാനങ്ങളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായത് ദാതാക്കളെ കാത്തിരിക്കുന്ന രോഗികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കുന്നു.
കഴിഞ്ഞ വർഷം ഏഴു ഹൃദയമാറ്റ ശസ്ത്രക്രിയകൾ മാത്രമാണ് സംസ്ഥാനത്തു നടന്നത്. 2016ൽ 18 പേർക്കു ഹൃദയമാറ്റത്തിലൂടെ പുതുജീവൻ ലഭിച്ചു. ആ വർഷം 114 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നപ്പോൾ 2025ൽ നടന്നത് 42 എണ്ണം മാത്രം. കരൾ മാറ്റിവയ്ക്കൽ നടന്നത് 22 പേരിൽ.
അവയവങ്ങൾ മാറ്റിവയ്ക്കേണ്ട ഗുരുതര ആരോഗ്യസ്ഥിതിയിലുള്ള രോഗികളിൽ കെ സോട്ടോയുടെ രജിസ്ട്രേഷൻ കണക്കിൽ ഉൾപ്പെടാത്തവരുമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
വയസ് 18ൽ താഴെ; വേണം ഹൃദയം !
സംസ്ഥാനത്ത് ഹൃദയദാതാവിനെ തേടി കാത്തിരിക്കുന്നവരിൽ 18 വയസിൽ താഴെയുള്ള അഞ്ചു പേരുണ്ട്. 61 പേർ 18-60 പ്രായത്തിലുള്ളവരാണ്. 60ന് മുകളിലുള്ളത് ആറു പേർ.
18ന് താഴെയുള്ള 31 പേർക്ക് വൃക്കയും 25 പേർക്ക് കരളും മാറ്റിവയ്ക്കേണ്ടതുണ്ട്. 16-60 പ്രായത്തിലുള്ള 2184 പേരാണു വൃക്കദാതാക്കളെ തേടുന്നത്. ഈ പ്രായത്തിൽ 515 പേർ കരൾദാതാക്കൾക്കായി കാത്തിരിക്കുന്നു.