തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് വൈകുന്നേരം 7.15ന് പുറപ്പെട്ട ആംബുലൻസ് 10.30ന് കിംസ് ആശുപത്രിയിലെത്തി.
ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെക്കുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്.
മൂന്ന് മണിക്കൂർ എടുത്താണ് എറണാകുളത്തുനിന്നും ആംബുലൻസ് തിരുവനന്തപുരത്തേക്ക് എത്തിയത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലൻസിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീൻ കോറിഡോർ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പോലീസ് ഒരുക്കിയിരുന്നു.
കോട്ടയത്ത് ആലിന്റെ ജീവനെടുത്ത അപകടം നടന്ന പള്ളം എന്ന സ്ഥലം വഴിയാണ് കുഞ്ഞിന്റെ അവയവവും കൊണ്ടുള്ള ആംബുലൻസ് കടന്നുപോയത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.