International
ജനീവ: ആഫ്രിക്കയിലെ കേപ്പ് വെർദെ തീരത്തു നങ്കൂരമിട്ടിരിക്കുന്ന ആഡംബര ഉല്ലാസക്കപ്പലിൽ ഹാന്റാവൈറസ് ബാധയുണ്ടായതു മനുഷ്യർ തമ്മിലുള്ള സംസർഗത്തിൽനിന്നെന്നു സംശയം.
അതേസമയം, രോഗബാധ പൊതുജനത്തിനു കാര്യമായ ഭീഷണി ഉയർത്തുന്നില്ലെന്നാണു ലോകാരോഗ്യ സംഘടന അറിയിച്ചത്. അർജന്റീനയിൽനിന്നു കേപ്പ് വെർദെയിലെത്തിയ കപ്പലിൽ രോഗബാധയുണ്ടായി മൂന്നു പേർ മരിച്ചിരുന്നു. മറ്റു നാലു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതി ലൊരാളെ കപ്പലിൽനിന്നിറക്കി ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാധാരണ എലികളുടെ മല, മൂത്ര വിസർജ്യങ്ങളിൽനിന്നും ഉമിനീരിൽനിന്നുമാണു വൈറസ് മനുഷ്യരിലെത്തുന്നത്. എന്നാൽ, കപ്പലിലെ രോഗബാധയ്ക്കു പിന്നിൽ ഇതല്ല കാരണമെന്നു കരുതുന്നു.
കപ്പലിൽ കയറുന്നതിനു മുന്പേ രണ്ടു പേർക്കു രോഗം പിടിപെട്ടിരുന്നു. ഇവരിൽനിന്നു മറ്റുള്ളവർക്കു പകർന്നുവെന്നാണ് അനുമാനം. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഈ രോഗം പടരുന്നത് അപൂർവമാണ്.
Health
ന്യൂയോർക്ക്: ലോകം കണ്ട അതിമാരകമായ പകര്ച്ചവ്യാധികളിലൊന്നായ ട്യൂബര്കുലോസിസ് (ടിബി) അഥവാ വൈറ്റ് പ്ലേഗ് അമേരിക്കയില് വീണ്ടും ശക്തമാകുന്നതായി റിപ്പോര്ട്ട്.
2020-ന് ശേഷം രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണത്തില് വലിയ വര്ധനയാണു രേഖപ്പെടുത്തുന്നത്. 2024-ല് മാത്രം പതിനായിരത്തിലധികം കേസുകള് റിപ്പോര്ട്ട് ചെയ്തു, ഇത് 2011-ന് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിരക്കാണെന്ന് ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.
ടിബി എന്ന മാരക കൊലയാളി
മൈകോബാക്ടീരിയം ട്യൂബര്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതിമാരക രോഗമാണ് ടിബി. വായുവിലൂടെയാണ് ഈ ബാക്ടീരിയ പകരുന്നത്. രോഗബാധിതരായ വ്യക്തികള് ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സൂക്ഷ്മമായ തുള്ളികളിലൂടെയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. കോവിഡ്-19 മാറ്റിനിര്ത്തിയാല്, ലോകമെമ്പാടും ഏറ്റവും കൂടുതല് മരണങ്ങള്ക്കു കാരണമാകുന്ന പകര്ച്ചവ്യാധിയായി ക്ഷയരോഗം വീണ്ടും മാറിയിരിക്കുകയാണ്.
വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, കഫത്തിലൂടെ രക്തം വരിക, പനി, രാത്രിയിലെ അമിതമായ വിയര്പ്പ്, ഭാരക്കുറവ്, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്. പലപ്പോഴും ഇതിനെ സാധാരണ പനിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാന് കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില് ക്ഷയരോഗം മാരകമായേക്കാം.
പാന്ഡെമിക്കിന് ശേഷമുള്ള വിദേശയാത്രകള്, കുടിയേറ്റം, വിവിധ സംസ്ഥാനങ്ങളിലുണ്ടായ രോഗവ്യാപനം, ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയയുടെ ശേഷി എന്നിവയാണ് കേസുകള് കൂടാന് കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവര്, പ്രമേഹരോഗികള്, എച്ച്ഐവി ബാധിതര്, ജനത്തിരക്കേറിയ സാഹചര്യങ്ങളില് കഴിയുന്നവര് എന്നിവര്ക്ക് രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര് മുന്നറിയിപ്പു നല്കുന്നു.
പൂര്ണമായും ഭേദമാക്കാം
ക്ഷയരോഗം പൂര്ണമായും ചികിത്സിച്ചു ഭേദമാക്കാം. എന്നാല് ആറു മുതല് ഒമ്പതു മാസം വരെ നീണ്ടുനില്ക്കുന്ന കര്ശന ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണ്. ചികിത്സ പാതിവഴിയില് ഉപേക്ഷിക്കുന്നത് മരുന്നുകളെ പ്രതിരോധിക്കുന്ന പുതിയ തരം ബാക്ടീരിയകളുടെ വളര്ച്ചയ്ക്കു കാരണമാകും.
മാസ്ക് ധരിക്കുക, വായുസഞ്ചാരമുള്ള ഇടങ്ങളില് കഴിയുക, കൃത്യസമയത്ത് പരിശോധനകള് നടത്തുക എന്നിവ രോഗവ്യാപനം തടയാന് സഹായിക്കും. ബിസിജി വാക്സിന് നിലവിലുണ്ടെങ്കിലും, രോഗം വ്യാപകമായ പ്രദേശങ്ങളിലാണു സാധാരണയായി നല്കുന്നത്. ക്ഷയരോഗത്തില്നിന്നു പൂര്ണമായും മുക്തമായ രാജ്യം ലോകത്തില്ലെന്നും ശ്വസിക്കുന്ന കാലത്തോളം നാം ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
District News
കരുവാരകുണ്ട്: മലയോരമേഖലയിൽ വ്യാപക ചിക്കൻപോക്സ് രോഗബാധ. കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് രോഗം പടരുകയാണ്. ദിനംപ്രതി ധാരാളം ആളുകളാണ് ചിക്കൻ പോക്സ് ബാധിച്ച് ചികിത്സ തേടുന്നത്.സാധാരണയായി അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യങ്ങളിലാണ് ചിക്കൻപോക്സ് വ്യാപനം ഉണ്ടാകാറുള്ളത്.ഇത്തവണ ചൂട് നേരത്തെ തന്നെ കൂടിയത് രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്.
രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് കാരണമുണ്ടാകുന്ന ഈ രോഗം കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയുമാണ് പകരുന്നത്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ട് ദിവസം മുന്പ്് മുതൽ കുമിളകൾ ഉണങ്ങുന്നത് വരെ മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്യണം.
അസുഖം പൂർണമായി മാറുന്നതിന് മുന്പ്് കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണമെന്നും സന്പർക്കം ഉണ്ടായി 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
District News
തൊടുപുഴ: ജില്ലയില് ചിക്കന് പോക്സ് പടരുന്ന സാഹചര്യത്തില് ജാഗ്രതാ നിര്ദേശവുമായി ആരോഗ്യ വകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില് കുമിളകള് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്. രോഗലക്ഷണങ്ങള് കണ്ടാലുടന് ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാന് ആവശ്യമായ മുന്കരുതല് സ്വീകരിക്കണമെന്നും അധികൃതര് അറിയിച്ചു. ചിക്കന്പോക്സ് കുമിളകളിലെ സ്രവങ്ങളില്നിന്ന് അണുബാധയുള്ളവര് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.
രോഗലക്ഷണങ്ങള് പ്രകടമാകുന്നതിന് 10 മുതല് 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തില് കുമിളകള് പൊങ്ങുന്നതിന് രണ്ട് ദിവസം മുന്പും കുമിളകള് ഉണങ്ങി രണ്ടു ദിവസം വരെയും അണുബാധ പകരാനിടയുണ്ട്. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്, എന്നിവിടങ്ങളില് തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്ക്കുന്ന കുമിളകള് വരും. നാലു മുതല് ഏഴു ദിവസത്തിനുള്ളില് അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം.
ഒരു വയസില് താഴെയുള്ള കുഞ്ഞുങ്ങള്, ഗര്ഭിണികള്, മുതിര്ന്ന പൗരന്മാര്, ദീര്ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള് ഉള്ളവര്, പ്രതിരോധശേഷി കുറഞ്ഞവര് എന്നിവര്ക്ക് ചിക്കന്പോക്സ് പിടിപെട്ടാല് ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
രോഗബാധിതര്ക്ക് വായുസഞ്ചാരമുള്ള മുറിയില് പരിപൂര്ണ വിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പഴവര്ഗങ്ങള് കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പര്ക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിന് ലോഷന് ഉപയോഗിക്കാം.
കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണികൊണ്ട് ഒപ്പിയെടുക്കണം. മുതിര്ന്നവര്ക്ക് ചൊറിച്ചില് കുറയ്ക്കാന് സാധാരണ വെളളത്തില് കുളിക്കാം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള് നിര്ത്തരുതെന്നും ലക്ഷണങ്ങള് കണ്ടാലുടന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിര്ദേശിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഇൻഫ്ലുവൻസ രോഗം പടരുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ അയർലൻഡ് ഏറ്റവും അധികം ഇൻഫ്ലുവൻസ ബാധിതരുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
രാജ്യത്ത് രോഗലക്ഷണങ്ങളോടെ പരിശോധന നടത്തുന്നവരിൽ ഇൻഫ്ലുവൻസയുടെ പോസിറ്റീവ് നിരക്ക് 50 ശതമാനമാണ്. അയൽ രാജ്യമായ യുകെയിലെ സ്ഥിതിയും വിഭിന്നമല്ല.
ഫ്ലൂവിനെതിരേയുള്ള വാക്സിൻ എടുക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി രോഗികൾ മാസ്ക് ധരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് സാധാരണഗതിയിൽ ഫ്ലൂ വ്യാപനം കൂടാറാണ് പതിവ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഈ വർഷം ഫ്ലൂവിനെതിരെ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. മിക്ക ആശുപത്രികളിലും ഫ്ലൂബാധികളുടെ എണ്ണം ഏറുകയാണ്.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസുള്ള സ്ത്രീക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാൾ മരിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.
അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.