മണ്ണാർക്കാട്: മേഖലയിൽ ഡെങ്കിപ്പനി വ്യാപനം തടയാൻ കർമപദ്ധതി തയാറാക്കി ആരോഗ്യവകുപ്പ്. അടുത്ത ആറാഴ്ച നിരന്തരമായി കൊതുകുനശീകരണം നടത്തും. വീടും പരിസരവും വൃത്തിയാക്കാത്തവർക്കെതിരെ നിയമനടപടിയെടുക്കും.
മണ്ണാർക്കാട് ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് കർമപദ്ധതിക്ക് രൂപം നൽകിയത്. ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ അഞ്ചുപേർ മരിക്കുകയും രോഗബാധിതരുടെ എണ്ണം മേഖലയിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ വകുപ്പുകൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, വ്യാപാരികൾ, അധ്യാപകർ, സന്നദ്ധ സംഘടന പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചത്.
പ്രതിദിനം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സ്ഥിതിയാണുള്ളതെന്നു ഡോക്ടർമാർ പറഞ്ഞു.രോഗം പകരുന്നതുതടയാൻ കൊതുകു നശീകരണം ഉറപ്പുവരുത്തുകയാണ് പ്രതിവിധി. അടിയന്തരമായി ഓരോ പഞ്ചായത്തുകളിലും ജനകീയ യോഗങ്ങൾ വിളിച്ച് കർമസേനയെ ഒരുക്കുകയാണ് പദ്ധതിയിലെ ആദ്യ ഇനം.
ആരോഗ്യ പ്രവർത്തകരോടു പൂർണ മനസോടെ സഹകരിക്കുന്ന എല്ലാവരെയും യോഗത്തിൽ പങ്കെടുപ്പിക്കണം. നഗരസഭാ ചെയർപഴ്സൺ കെ. സജ്ന, എ.ആർ. ജ്യോതി, സി. മുഹമ്മദ്ബഷീർ, ഡിഎസ്ഒ ഡോ. ഗീതു മറിയ ജോസഫ്, മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മേരി ജ്യോതി വിത്സൻ, ഡോ. കെ. സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി. സുനിൽ, ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഇക്ബാൽ പങ്കെടുത്തു.
Tags : nattu vishesham Dengue fever outbreak