Business
കൊച്ചി: ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബ്രാൻഡുകള്‍ക്ക് ലഭിക്കുന്ന കേരള സര്‍ക്കാരിന്റെ നന്മ സര്ട്ടിഫിക്കേഷന് സ്വന്തമാക്കിയ ‘മലയോരം’ വെളിച്ചെണ്ണയ്ക്ക് വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രശംസ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മന്ത്രി ‘മലയോരം’ വെളിച്ചെണ്ണയുടെ പ്രോസസിംഗ് വീഡിയോ ഷെയര്‍ ചെയ്തു.
കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തിക്കുന്ന കെഎംസി ഓയില്‍ ഇന്‍ഡസ്ട്രീസാണ് ‘മലയോരം’ വെളിച്ചെണ്ണ നിര്‍മിക്കുന്നത്. 40 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ‘മലയോരം’ വെളിച്ചെണ്ണ 25ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ദിവസം 60 മെട്രിക് ടണ്‍ ശേഷിയുള്ള സ്വന്തം യൂണിറ്റിലാണ് ഉത്പാദനം.
നന്മ സര്ട്ടിഫിക്കേഷന് ലഭിച്ച ആദ്യത്തെ വെളിച്ചെണ്ണ ബ്രാന്‍ഡാണ് ‘മലയോരം’. കൂടാതെ ഐഎസ്ഐ, അഗ്മാര്‍ക്ക് എന്നീ സര്‍ട്ടിഫിക്കേഷനുകളും ‘മലയോര’ത്തിനു ലഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.
ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.
District News
വൈക്കം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിക്ക് മാതൃക തീർക്കാൻ മന്ത്രി പി. രാജീവ്. കൃഷി വകുപ്പ് കോട്ടയം ജില്ല, വൈക്കം ബ്ലോക്ക്, നഗരസഭ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം, കൃത്യത ജലസേചന കൃഷി, എടിഎംഎ ഡെമൊൺസ്ട്രേഷൻ, മഴമറയിടൽ, കേരരക്ഷാവാരം, തെങ്ങിൽതടത്തിൽ പയർ വിതക്കൽ എന്നീ പദ്ധതികളാണ് വൈക്കം തോട്ടുവക്കത്തെ കെവി കനാലിന്റെ ഓരത്തെ ഹൃദ്യഹരിതം ഭവനിലെ വളപ്പിലെ മന്ത്രിയുടെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ നടപ്പാക്കിയത്.
കൃത്യത ജലസേചന കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കാബേജ്, കോളിഫ്ലവർ, വെണ്ട, മുളക്, വഴുതന, തക്കാളി എന്നിവയും,ആത്മ ഡെമോൺസ്ട്രേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മഴമറയിൽ ഹൈബ്രിഡ് കുക്കുമ്പർ, സ്നോവൈറ്റ് കൃഷിയും, കേര രക്ഷാ വാരം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തടത്തിൽ തടപയർ വിതക്കലും നടത്തി.
പൊതുജനങ്ങൾക്കും കർഷകർക്കും വിദ്യാർഥികൾക്കും പ്രചോദനമാകാൻ ഒരു മാതൃകാ കൃഷിത്തോട്ടം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പച്ചക്കറികൾ സ്കൂൾ കുട്ടികൾക്കും അഭയ കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും ഉച്ചഭക്ഷണത്തിനായി നൽകാനാണ് മന്ത്രിയുടെ തീരുമാനം. ഭാര്യ വാണികേശ്വരിയുടെ വൈക്കത്തെ രണ്ടേക്കറോളം വരുന്ന വളപ്പിൽ മന്ത്രി പി. രാജീവ് സമ്മിശ്ര കൃഷികൾ ചെയ്തു വരുന്നു. വീടിനോടു ചേർന്ന കൃഷിയിടത്തിൽ ഇന്നലെ രാവിലെ മന്ത്രി പി.രാജീവ് പച്ചക്കറി നട്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
District News
കൊച്ചി: ആയുർവേദവും മെഡിക്കൽ ടൂറിസവും കേരളത്തെ ആഗോള ഹബാക്കുമെന്നു മന്ത്രി പി. രാജീവ്. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ ആരോഗ്യ ടൂറിസം കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള സംഘടിപ്പിക്കുന്ന ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോ 2025ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആയുർവേദ സമ്പദ്വ്യവസ്ഥ നിലവിലെ 15,000 കോടി രൂപയിൽ നിന്ന് 2031ഓടെ 60,000 കോടി രൂപയായി വർധിക്കുമെന്ന് സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എംഡിയുമായ ഡോ. സജികുമാർ പറഞ്ഞു.
ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എംഡി ഡോ. പി.വി. ലൂയിസ്, സിഐഐയുടെ ദക്ഷിണ മേഖലാ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ആസ്റ്റർ മെഡ്സിറ്റി സിഇഒ നളന്ദ ജയദേവ്, സിഐഐ കേരള ചെയർമാൻ വികെസി റസാഖ് എന്നിവർ പ്രസംഗിച്ചു. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സിഐഐ കേരള ചാപ്റ്റർ, ആയുഷ് മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്നു സമാപിക്കും.
District News
ആലുവ: മയക്കുമരുന്നിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി പി. രാജീവ്. ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് നടപ്പാക്കുന്ന ഉദയം പ്രോജക്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന മയക്കുമരുന്ന് കേസുകളിലെ തൊണ്ണൂറ്റിയെട്ട് ശതമാനം പ്രതികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ പോലീസ് സംവിധാനത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലുവ വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത അധ്യക്ഷത വഹിച്ചു. ഉദയം പദ്ധതിയുടെ ലോഗോ പ്രകാശനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചജു. റേഞ്ച് ഡിഐജി എസ്. സതീഷ് ബിനോ മുഖ്യപ്രഭാഷണം നടത്തി. നടൻ ടിനി ടോം, പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, അഡീഷണൽ എസ്പി എം. കൃഷ്ണൻ, ഡിവൈഎസ്പിമാരായ ടി.ആർ. രാജേഷ്, ജെ. ഉമേഷ് കുമാർ, ബിജോയ് ചന്ദ്രൻ, എസ്. ജയകൃഷ്ണൻ, വി.ടി. ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. പി.ജെ. സിറിയക്, ഫ്രാൻസിസ് മൂത്തേടൻ, കെ.ആർ. അനീഷ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ലഹരിക്കെതിരെ ഉണരാം,ജീവിക്കാം,വിജയിക്കാം എന്ന സന്ദേശം ഉയർത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് ജില്ലയിൽ തുടക്കംകുറിച്ചത്.