x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കേരളത്തില്‍ ഇടതുപക്ഷം തന്നെ.. പ്രതിപക്ഷ നേതാവ് നുണകള്‍ ആധികാരികമായി ആവര്‍ത്തിക്കുന്നു': പി. രാജീവ്

ജിസ്യ പാലോറാൻ
Published: April 1, 2026 10:47 AM IST | Updated: April 1, 2026 10:47 AM IST

കൊച്ചി: കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണെന്ന് കളമശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് മന്ത്രിയുമായ പി. രാജീവ്. ശബരിമല സ്വര്‍ണക്കൊള്ള ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യങ്ങളാണ്.

രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ ബിജെപി വിരുദ്ധ കൂട്ടുകെട്ടിന്‍റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. വി.ഡി. സതീശനോളം നുണകള്‍ ആവര്‍ത്തിക്കുന്ന മറ്റൊരു പ്രതിപക്ഷ നേതാവ് ചരിത്രത്തില്‍ ഇല്ലെന്നും പി. രാജീവ് ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.

ലക്ഷ്യം വികസനം

ജനങ്ങളുടെ പിന്തുണ കൂടും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗങ്ങളിലെ ജനങ്ങളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം കൂടുതല്‍ പേരുടെ അംഗീകാരം കിട്ടുന്നതിലേക്ക് എത്തി. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പിന്തുണ ഇത്തവണയുണ്ടാകും.

കളമശേരിയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം ചേര്‍ത്തു നിര്‍ത്തി കൊണ്ടുള്ള വികസന പദ്ധതികള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതുകൊണ്ട് തന്നെ അത് എല്ലാവരുടെയും ജീവിതത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വികസനം എന്നത് മനുഷ്യരുടെ ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുകയാണ് എന്ന കാഴ്ചപ്പാടോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ്. അത് തുടരേണ്ടതുണ്ട്.

ജുഡീഷല്‍ സിറ്റി, സയന്‍സ് സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തികരിക്കാനായുള്ള ശ്രമം തുടരും. വിശദമായ വിഷന്‍ 2021 പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും നേതൃത്വം നല്‍കുക.

അരവിന്ദ് കെജരിവാളിനെ ജയിലില്‍ അയച്ചത് രാഹുല്‍ ഗാന്ധി

ശബരിമല സ്വര്‍ണക്കൊള്ള ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യങ്ങളാണ്. അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് നേരത്തെ മനസിലായിട്ടുള്ളതാണ്. അത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മോശമായി ബാധിക്കില്ല.

സിപിഎം-ബിജെപി ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ ബിജെപി വിരുദ്ധ കൂട്ടുകെട്ടിന്‍റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. അരവിന്ദ് കെജരിവാളിനെ ജയിലിലേക്ക് അയച്ചത് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത് പ്രകാരം ഡല്‍ഹിയിലെ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ്.

അദ്ദേഹത്തിന്‍റെ ആഗ്രഹം ബിജെപി ഇതര മുഖ്യമന്ത്രിമാരെയെല്ലാം ഇഡിയെയും സിബിഐയും ഉപയോഗിച്ച് ജയിലിലേക്ക് അയക്കണം എന്നാണ്. ബിജെപിയുടെ ഒരു ടൂള്‍ ആയി ഇത്തരം ഏജന്‍സികളെ ഉപയോഗിക്കുന്നതില്‍ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയി അപക്വമായ നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്.

എഫ്സിആര്‍എക്കെതിരെ ശക്തമായ പ്രതിഷേധം

എഫ്സിആര്‍എ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്വത്ത് പൂര്‍ണമായിട്ടും ഏറ്റെടുക്കാനുള്ള വാതിലാണ് തുറന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രികളിലും ഡയാലിസിസ് സെന്‍ററിലുമൊക്കെ വിദേശത്തു നിന്നും ഫണ്ട് വരുന്നുണ്ട്.

ന്യൂനപക്ഷങ്ങളുടെ സ്വത്തിന്‍റെ ദേശസാത്ക്കരണമാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തില്‍ വേണ്ടത്ര പ്രതികരിക്കുന്നില്ല. ശക്തമായൊരു പ്രതിഷേധം എല്ലാ ഭാഗത്തു നിന്നും വരണ്ടേതുണ്ട്.

നുണകള്‍ ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ്

വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും വേണ്ടെന്ന് സതീശന്‍ പറഞ്ഞിട്ടുണ്ടോ? ഈ മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയുണ്ട്. എങ്ങനെയെങ്കിലും രണ്ടു വോട്ട് കിട്ടുക എന്നത് മാത്രമാണ് പ്രതിപക്ഷ നേതാവിന്‍റെ ലക്ഷ്യം. ഒരാള്‍ സ്ഥിരമായി നുണ പറയുന്നു. ഞങ്ങള്‍ ആ നുണ തുറന്നു കാണിക്കുന്നു.

തുറന്നു കാണിക്കുമ്പോള്‍ വീണ്ടും അതുപോലെ ആവര്‍ത്തിക്കുന്നു. ഏതെങ്കിലുമൊരു നുണ മുഖ്യമന്ത്രി പറഞ്ഞതെന്ന് തുറന്നു കാണിക്കട്ടെ. പ്രതിപക്ഷ നേതാവ് ഒരു ദിവസം എത്ര തവണയാണ് കാര്യങ്ങള്‍ മാറ്റി പറയുന്നത്.

ഞങ്ങള്‍ നിയമസഭയില്‍ അദ്ദേഹം കൊണ്ടുവന്ന നുണകള്‍ തുറന്നു കാണിക്കും. പിറ്റേ ദിവസം പുറത്തു വന്നിട്ട് അതേ നുണ തന്നെ ആവര്‍ത്തിക്കും. ഇത്രയും നുണകള്‍ ആധികാരികമായി ആവര്‍ത്തിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ല. മുഖ്യമന്ത്രി പറഞ്ഞ ഏതെങ്കിലും നുണ ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയട്ടെ നുണയാണെന്ന്.

വയനാട് ദുരിതബാധിതര്‍ക്കായി പിരിച്ച പണമെവിടെ?

സിപിഎമ്മിലെ കൊഴിഞ്ഞുപോക്കും രക്തസാക്ഷി ഫണ്ട് തട്ടിപ്പും ഒറ്റപ്പെട്ട ചില അപചയങ്ങള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ കാണേണ്ടത് വയനാട് ദുരന്തില്‍ പെട്ടവരുടെ പേരില്‍ പിരിച്ച പണത്തിന്‍റെ കണക്കാണ്.

ആ പണം പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി പ്രസിഡന്‍റിന്‍റെയും സംയുക്ത അക്കൗണ്ടിലുണ്ടെന്ന് പരസ്യമായി പറഞ്ഞതാണല്ലോ. രണ്ടു പേരും സമര്‍പ്പിച്ച രേഖകളില്‍ ആ പണം കാണുന്നില്ല. രാഹുല്‍ ഗാന്ധിയെ പോലുള്ള ആളുകള്‍ അതല്ലേ ആദ്യം ചോദിക്കേണ്ടത്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ പിരിച്ച പണം പോലും ആവശ്യത്തിനയിവിനിയോഗിക്കാതെ തെറ്റായ രൂപത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ഗ്രസ്, ആ കോണ്‍ഗ്രസിനെയാണ് കേരളം യഥാര്‍ഥത്തില്‍ തുറന്നു കാട്ടേണ്ടത്.

മലിനീകരണം തടയും

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ജനപ്രതിനിധികളുമായി ഒരു യോഗം തീരുമാനിച്ചിട്ടുണ്ട്. അതിന് വേണ്ടി ഒരു കമ്മിറ്റി തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പോകുന്നുണ്ട്. വ്യവസായങ്ങളില്‍ നിന്നും വായു മലിനീകരണവും മറ്റു മലിനീകരണവും ഉണ്ടാവാതിരിക്കാന്‍ വേണ്ടി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സീനിയര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറവുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകും.

ഇടതുപക്ഷത്തിന് അനുകൂലം

പിണറായി വിജയന്‍ ശക്തമായ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് നല്ല സ്വീകാര്യതയാണ് നമ്മുടെ സമൂഹത്തില്‍. തദ്ദേശ തെരഞ്ഞെടുപ്പിന് അതിന്റെ രാഷ്ട്രീയമായിരിക്കും, നിയമസഭ തെരഞ്ഞെടുപ്പിന് മറ്റൊരു രാഷ്ട്രീയയമാണ്. അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷ.

Tags : P. Rajeev Assembly Election

Recent News

Corehub Up