Business
കൊച്ചി: ഉപയോഗിച്ചു കഴിഞ്ഞ ഓട്ടോമോട്ടീവ് ലൂബ്രിക്കന്റുകളുടെ ശേഖരണത്തിനും പുനരുപയോഗത്തിനുമായി ഹിന്ദുസ്ഥാന് പെട്രോളിയം കോര്പറേഷന് ലിമിറ്റഡും (എച്ച്പിസിഎല്), ടാറ്റ മോട്ടോഴ്സും ധാരണാപത്രത്തില് ഒപ്പുവച്ചു.
അപകടകരമായ മാലിന്യങ്ങളായി തരംതിരിച്ചിരിക്കുന്ന ഉപയോഗിച്ച ലൂബ്രിക്കന്റുകളുടെ ശേഖരണം, സംഭരണം എന്നിവ മുതല് പുനരുപയോഗം വരെ കൈകാര്യം ചെയ്യുന്നതിനായി ഒരു സംഘടിത സംവിധാനം സ്ഥാപിക്കുക എന്നതാണു സംരംഭത്തിന്റെ ലക്ഷ്യം.
ഉപയോഗിച്ച ലൂബ്രിക്കന്റുകളെ ഉയര്ന്ന നിലവാരമുള്ള ശുദ്ധീകരിച്ച എണ്ണയായി പരിവര്ത്തനം ചെയ്യാനും, വിഭവകാര്യക്ഷമത മെച്ചപ്പെടുത്താനും, പാരിസ്ഥിതിക അപകടസാധ്യത കുറയ്ക്കാനും ഈ പ്രക്രിയ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില് പൈലറ്റ് പദ്ധതി നടപ്പാക്കും.
National
ന്യൂഡൽഹി: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം നിർണായകഘട്ടത്തിലാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും.
ഉറ്റ സൗഹൃദമുള്ള രാജ്യങ്ങളെന്ന നിലയിൽനിന്നു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു ബന്ധം വളർന്നുവെന്നാണ് ഇരുനേതാക്കളുടെയും വിലയിരുത്തൽ.
രാജ്യാന്തര സൗഹൃദം ആഴത്തിലുള്ള മാറ്റങ്ങൾക്കു വിധേയമാകുന്ന കാലത്ത് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ നിരന്തര ഇടപടെലുടെയാണു ബന്ധം ശക്തമായതെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്രസംവിധാനങ്ങൾ വലിയ മാറ്റങ്ങൾക്കുവിധേയമാകുന്ന കാലഘട്ടത്തിൽ ഇരുരാജ്യങ്ങളുടെയും ഉന്നതനേതൃത്വം ഉഭയകക്ഷി ബന്ധത്തെ കൃത്യമായ ദിശയിൽ നയിച്ചുകൊണ്ടിരിക്കുകണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
Leader Page
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായകഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സവിശേഷമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് അതു വികസിച്ചിരിക്കുന്നു. നവീകരണങ്ങൾ നടത്താനും ഊർജപരിവർത്തനം നിയന്ത്രിക്കാനും തന്ത്രപരമായ പരമാധികാരത്തിനു കരുത്തേകാനുമുള്ള രാജ്യങ്ങളുടെ ശേഷിയെ ആശ്രയിച്ചായിരിക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമൃദ്ധിയും സുരക്ഷയും നിർണയിക്കപ്പെടുന്നതെന്ന നമ്മുടെ പൊതുവായ അവബോധത്തെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
ഇതിനായി, ആഴമുള്ള ഉഭയകക്ഷിബന്ധത്തിനും വൈവിധ്യവത്കരണത്തിനും നാം പ്രതിജ്ഞാബദ്ധരാണ്. ഇറ്റാലിയൻ രൂപകൽപ്പന, നിർമാണമികവ്, ലോകോത്തര സൂപ്പർ കംപ്യൂട്ടറുകൾ എന്നിവയും ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളർച്ച, എൻജിനിയറിംഗ് പ്രതിഭകൾ, വ്യാപ്തി, നൂറിലധികം യൂണികോണുകളും രണ്ടുലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും അടങ്ങുന്ന നവീകരണ-സംരംഭക ആവാസവ്യവസ്ഥ എന്നിവയും തമ്മിൽ കരുത്തുറ്റ പങ്കാളിത്തത്തിനു രൂപം നൽകാനാണു നാം ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇരുദിശകളിലുമുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനു വഴിയൊരുക്കുന്നു. പ്രതിരോധം-എയ്റോസ്പേസ്, ഹരിത സാങ്കേതികവിദ്യകൾ, യന്ത്രസാമഗ്രികൾ, വാഹനനിർമാണ ഘടകങ്ങൾ, രാസവസ്തുക്കൾ, ഔഷധനിർമാണം, വസ്ത്രവ്യാപാരം, അഗ്രി-ഫുഡ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2029ഓടെ 200കോടി യൂറോ എന്ന ലക്ഷ്യത്തിൽ എത്തിക്കാനും അതു മറികടക്കാനും നാം ആഗ്രഹിക്കുന്നു.‘മെയ്ഡ് ഇൻ ഇറ്റലി’ എന്നതു ലോകമെമ്പാടും മികവിന്റെ പര്യായമാണ്. ഇന്നതു ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഉന്നത ഗുണനിലവാര ലക്ഷ്യങ്ങളുമായി സ്വാഭാവികമായി യോജിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഉത്പാദനത്തിൽ ഇറ്റാലിയൻ വ്യവസായങ്ങൾക്കുള്ള വർധിച്ചുവരുന്ന താത്പര്യവും ഇറ്റലിയിലെ ഇന്ത്യൻ വ്യവസായങ്ങളുടെ വളർന്നുവരുന്ന സാന്നിധ്യവും ആശാവഹമായ സൂചനയാണ്. ഇത് ഇരുപക്ഷത്തുമായി ആയിരത്തിലധികം വരും.
സാങ്കേതിക നവീകരണമാണു നമ്മുടെ പങ്കാളിത്തത്തിന്റെ കാതൽ. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, അത്യാധുനിക ഉത്പാദനം, നിർണായക ധാതുക്കൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പുരോഗതി വരാനിരിക്കുന്ന പതിറ്റാണ്ടുകൾ സാങ്കേതിക വിപ്ലവത്തിന്റേതാക്കും. നമ്മുടെ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തം ഇതിനു പിന്തുണയേകും. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾക്ക് ഇതിനകം ലോകരാജ്യങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ, വലിയ സ്വീകാര്യതയുണ്ട്. നിർമിതബുദ്ധി നമ്മുടെ സമൂഹങ്ങളിലും ആഗോള സമ്പദ്വ്യവസ്ഥയിലും സ്വാധീനം ചെലുത്തുന്നു.
നിർമിതബുദ്ധിയുടെ വികസനം ഉത്തരവാദിത്വമുള്ളതും മനുഷ്യകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ഇറ്റലിയും ദീർഘകാലമായി ഒരുമിച്ചു പ്രവർത്തിക്കുന്നു. ഈ കാഴ്ചപ്പാടിൽ, ഇന്ത്യയും ഇറ്റലിയും നിർമിതബുദ്ധിയെ സമഗ്രവികസനത്തിനുള്ള കരുത്തുറ്റ സങ്കേതമായി കാണുന്നു; വിശേഷിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും.
ഡിജിറ്റൽ പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങളും പല ഭാഷകളിലും ലഭ്യമായ സാങ്കേതികവിദ്യകളും ജനങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും കരുതുന്നു. സാങ്കേതികവിദ്യയുടെ കേന്ദ്രസ്ഥാനത്തു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന (MANAV) ഇന്ത്യയുടെ കാഴ്ചപ്പാടിലും, മനുഷ്യത്വപരമായ പാരമ്പര്യത്തിൽ ഊന്നിയുള്ള മനുഷ്യകേന്ദ്രീകൃത ‘അൽഗോർ-എത്തിക്സ്’ (algor-ethics) പ്രോത്സാഹിപ്പിക്കുന്നതിലെ ഇറ്റലിയുടെ നേതൃത്വത്തിലും അധിഷ്ഠിതമായി, നിർമിതബുദ്ധി സാമൂഹികശാക്തീകരണത്തിനുള്ള പ്രേരക ഘടകമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഈ സമീപനം ഇന്ത്യയുടെ ഡിജിറ്റൽ വ്യാപ്തിയെ ഇറ്റലിയുടെ ധാർമിക-വ്യാവസായിക വൈദഗ്ധ്യവുമായി സമന്വയിപ്പിക്കുകയും സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
സുരക്ഷിതമായ ഡിജിറ്റൽ സഹകരണം, ശേഷി വർധിപ്പിക്കൽ, പ്രതിരോധശേഷിയുള്ള സൈബർ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലെ മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ, എല്ലാ രാജ്യങ്ങൾക്കും നിർമിതബുദ്ധി രൂപപ്പെടുത്താനും അതിന്റെ പ്രയോജനം നേടാനും കഴിയുന്ന, തുറന്നതും വിശ്വസനീയവും നീതിയുക്തവുമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കാൻ നാം ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാടാണ് ഇറ്റലിയുടെ ജി7 അധ്യക്ഷപദവിയുടെയും ന്യൂഡൽഹിയിൽ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റ് 2026’-ന്റെ ഫലങ്ങളുടെയും കാതൽ.
നിർമിതബുദ്ധിയെ മനുഷ്യൻ മനുഷ്യനുവേണ്ടി സജ്ജമാക്കിയ സങ്കേതമായി കാണുക എന്നതിനർഥം, സാങ്കേതികവിദ്യക്ക് ഒരിക്കലും വ്യക്തികൾക്കു പകരമാകാനോ അവരുടെ മൗലികാവകാശങ്ങളെ ഹനിക്കാനോ കഴിയില്ലെന്നും, പൊതുചർച്ചകളെ സ്വാധീനിക്കാനോ ജനാധിപത്യപ്രക്രിയകളെ അട്ടിമറിക്കാനോ അത് ഉപയോഗിക്കാൻ കഴിയില്ലെന്നും ശക്തമായി ഉറപ്പിച്ചു പറയുക എന്നതാണ്. നമ്മുടെ സഹകരണം ബഹിരാകാശമേഖലയെയും ഉൾക്കൊള്ളുന്നു. ബഹിരാകാശ പര്യവേക്ഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇറ്റലിയുടെ മികച്ച എയ്റോസ്പേസ് എൻജിനിയറിംഗ് വൈദഗ്ധ്യവും സംയുക്ത സംരംഭങ്ങൾക്കും അടുത്ത തലമുറ സാങ്കേതിക വികസനത്തിനും വലിയ അവസരങ്ങൾ നൽകുന്നു.
പ്രതിരോധം, സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇറ്റലിയും ഇന്ത്യയും ആഗ്രഹിക്കുന്നു. നമ്മുടെ ഈ സഹകരണം നിർണായകമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദം, അന്താരാഷ്ട്ര ക്രിമിനൽശൃംഖലകൾ, ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ ഭീഷണികളെ നേരിടുന്നതിനുള്ള കരുത്ത് വർധിപ്പിക്കുന്നതിനും സഹായിക്കും.
Movies
പ്രണയം ഒടുവിൽ പരസ്യമാക്കി നടി അനാർക്കലി മരയ്ക്കാർ. ജീവിത പങ്കാളി സംവിധായകനൊരുങ്ങുന്ന സർപ്രൈസ് വാർത്തയ്ക്കൊപ്പമാണ് അനാർക്കലി തന്റെ പ്രണയിതാവിനെയും പരിചയപ്പെടുത്തിയത്.
നടിയുടെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സർക്കസ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് നടിയുടെ കുറിപ്പ്.
‘‘ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.
അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ, അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5-ൽ കാണാം.’’ അനാർക്കലി കുറിച്ചു.
തനിക്കൊരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
‘‘എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന് ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല് അവനോട് സംസാരിക്കും. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും.
അവര് രണ്ടു പേരുമാണ് ഇക്കാര്യത്തില് എന്നെ സഹായിക്കുന്നത്. അപൂര്വമായി മാത്രമേ ഒറ്റയ്ക്ക് തിരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്.
ബോയ്ഫ്രണ്ടും ഞാനും ഇപ്പോള് ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാര് അങ്ങനെ എല്ലാവര്ക്കും അറിയാം.
ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില് തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ.” അനാർക്കലി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
Kerala
തൃശൂർ: കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി - എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി-എൽഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. മോദിക്കും ബിജെപിക്കും അറിയാം അവർക്ക് ഭീഷണിയായ ഏക പാർട്ടി കോൺഗ്രസ് ആണെന്ന്.
എപ്പോഴും മതത്തെക്കുറിച്ച് പറയുന്ന മോദി കേരളത്തിൽ വരുമ്പോൾ ശബരിമല കൊള്ളയെക്കുറിച്ച് പറയുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്.
മോദിയെ വിമർശിച്ചതിന് എന്നെ ഉപദ്രവിച്ചു. എന്നാൽ, പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തേടി ഏജൻസികൾ വരുന്നില്ല. പിണറായി വിജയൻ മോദിയെ ആക്രമിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഒരു പങ്കാളിത്തത്തെയാണെന്നും രാഹുൽ പറഞ്ഞു.
കേരളത്തിലെമ്പാടും മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യ ബോർഡുകളാണ്. അതിൽ എഴുതിയിരിക്കുന്നത് മറ്റാരാണ് എന്നാണ്. കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹം. കഴിവുള്ള ഒട്ടേറെ പേർ ഇവിടെയുണ്ട്. അവരുടെ ഉള്ളിൽ കേരളത്തിന്റെ ആത്മാവുണ്ട്.
വിനയവും സഹാനുഭൂതിയും അവരുടെ ഉള്ളിലുണ്ട്. താൻ മാത്രമാണ് ഇവിടെ ഭരിക്കാൻ ഉള്ളത് എന്ന് പറയുന്നതിലൂടെ എല്ലാ മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. ഈ പോസ്റ്ററുകളിലേക്ക് നോക്കുന്ന മലയാളി ഓരോ നിമിഷവും അപമാനിക്കപ്പെടുകയാണ്. ഈ ധാർഷ്ട്യത്തെയാണ് നമ്മൾ എതിർക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Business
കൊച്ചി: വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലുടനീളം 10 അത്യാധുനിക ഐവിഎഫ് സെന്ററുകൾ തുറക്കാനാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്.
നിലവിൽ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഇരു സ്ഥാപനങ്ങൾക്കും സാന്നിധ്യമുണ്ട്. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്സിന് കീഴിലുള്ള നോവയ്ക്ക് നിലവിൽ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐവിഎഫ് ലാബ് സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന രീതികൾ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കാൻ പങ്കാളിത്തം സഹായിക്കുമെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ ഡോ. സി. മുഹമ്മദ് അഷ്റഫ് പറഞ്ഞു.
Business
കൊച്ചി: എയ്റോസ്പേസ് നിര്മാണ മേഖലയിലെ നൈപുണ്യമുള്ള തൊഴില്ശക്തി വികസിപ്പിക്കുന്നതിനായി ബോയിംഗ് ഇന്ത്യ വില്ട്ടണ് വീവേഴ്സുമായി കൈകോര്ത്തു.
ബോയിംഗ് ഇന്ത്യയുടെ കൗശല് സ്കില്ലിംഗ് സംരംഭവും വില്ട്ടണ് വീവേഴ്സിന്റെ അമേയ പ്രോഗ്രാമുമാണ് ഈ പങ്കാളിത്തത്തിലൂടെ ഒന്നിക്കുന്നത്.
പരിശീലനം നേടിയ ഭിന്നശേഷിക്കാരായ വനിതകളെ, ആഗോള എയ്റോസ്പേസ് മാനദണ്ഡങ്ങള് പാലിക്കുന്ന ഏവിയേഷന് കാര്പെറ്റ് നിര്മാണത്തില് നൈപുണ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Business
കൊച്ചി: കാര് ഇന്ഫോടെയ്ന്മെന്റ്, ഓഡിയോ ആക്സസറികള് എന്നിവയുടെ പ്രമുഖ ബ്രാന്ഡായ ബ്ലൗപങ്ക്റ്റ്, ബിപിഐഎന് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തം 15 വര്ഷത്തേക്കുകൂടി നീട്ടി.
27 വര്ഷമായി തുടര്ന്നുകൊണ്ടിരിക്കുന്ന സഹകരണത്തിന്റെ തുടര്ച്ചയായാണ് 2041 വരെ പങ്കാളിത്തം നീട്ടിയത്.
കാര് ഓഡിയോ, കാര് ആക്സസറികള് എന്നിവ ഉള്ക്കൊള്ളുന്ന മേഖലയിലെ ഉത്പന്നങ്ങളുടെ ലഭ്യത വര്ധിപ്പിക്കുന്നതിനും ഉയര്ന്ന നിലവാരമുള്ള ഉത്പന്നങ്ങളും അവയുടെ പരാതിരഹിത സര്വീസും പങ്കാളിത്തം ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.