പ്രണയം ഒടുവിൽ പരസ്യമാക്കി നടി അനാർക്കലി മരയ്ക്കാർ. ജീവിത പങ്കാളി സംവിധായകനൊരുങ്ങുന്ന സർപ്രൈസ് വാർത്തയ്ക്കൊപ്പമാണ് അനാർക്കലി തന്റെ പ്രണയിതാവിനെയും പരിചയപ്പെടുത്തിയത്.
നടിയുടെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സർക്കസ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് നടിയുടെ കുറിപ്പ്.
‘‘ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.
അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ, അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5-ൽ കാണാം.’’ അനാർക്കലി കുറിച്ചു.
തനിക്കൊരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
‘‘എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന് ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും.
അവര്‍ രണ്ടു പേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വമായി മാത്രമേ ഒറ്റയ്ക്ക് തിരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്.
ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്ക്കും അറിയാം.
ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ.” അനാർക്കലി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
Tags : Anarkali Maraikkar love partnership