ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായകഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സവിശേഷമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് അതു വികസിച്ചിരിക്കുന്നു. നവീകരണങ്ങൾ നടത്താനും ഊർജപരിവർത്തനം നിയന്ത്രിക്കാനും തന്ത്രപരമായ പരമാധികാരത്തിനു കരുത്തേകാനുമുള്ള രാജ്യങ്ങളുടെ ശേഷിയെ ആശ്രയിച്ചായിരിക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമൃദ്ധിയും സുരക്ഷയും നിർണയിക്കപ്പെടുന്നതെന്ന നമ്മുടെ പൊതുവായ അവബോധത്തെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
ഇതിനായി, ആഴമുള്ള ഉഭയകക്ഷിബന്ധത്തിനും വൈവിധ്യവത്കരണത്തിനും നാം പ്രതിജ്ഞാബദ്ധരാണ്. ഇറ്റാലിയൻ രൂപകൽപ്പന, നിർമാണമികവ്, ലോകോത്തര സൂപ്പർ കംപ്യൂട്ടറുകൾ എന്നിവയും ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളർച്ച, എൻജിനിയറിംഗ് പ്രതിഭകൾ, വ്യാപ്തി, നൂറിലധികം യൂണികോണുകളും രണ്ടുലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും അടങ്ങുന്ന നവീകരണ-സംരംഭക ആവാസവ്യവസ്ഥ എന്നിവയും തമ്മിൽ കരുത്തുറ്റ പങ്കാളിത്തത്തിനു രൂപം നൽകാനാണു നാം ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇരുദിശകളിലുമുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനു വഴിയൊരുക്കുന്നു. പ്രതിരോധം-എയ്റോസ്പേസ്, ഹരിത സാങ്കേതികവിദ്യകൾ, യന്ത്രസാമഗ്രികൾ, വാഹനനിർമാണ ഘടകങ്ങൾ, രാസവസ്തുക്കൾ, ഔഷധനിർമാണം, വസ്ത്രവ്യാപാരം, അഗ്രി-ഫുഡ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2029ഓടെ 200കോടി യൂറോ എന്ന ലക്ഷ്യത്തിൽ എത്തിക്കാനും അതു മറികടക്കാനും നാം ആഗ്രഹിക്കുന്നു.‘മെയ്ഡ് ഇൻ ഇറ്റലി’ എന്നതു ലോകമെമ്പാടും മികവിന്റെ പര്യായമാണ്. ഇന്നതു ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഉന്നത ഗുണനിലവാര ലക്ഷ്യങ്ങളുമായി സ്വാഭാവികമായി യോജിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഉത്പാദനത്തിൽ ഇറ്റാലിയൻ വ്യവസായങ്ങൾക്കുള്ള വർധിച്ചുവരുന്ന താത്പര്യവും ഇറ്റലിയിലെ ഇന്ത്യൻ വ്യവസായങ്ങളുടെ വളർന്നുവരുന്ന സാന്നിധ്യവും ആശാവഹമായ സൂചനയാണ്. ഇത് ഇരുപക്ഷത്തുമായി ആയിരത്തിലധികം വരും.
സാങ്കേതിക നവീകരണമാണു നമ്മുടെ പങ്കാളിത്തത്തിന്റെ കാതൽ. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, അത്യാധുനിക ഉത്പാദനം, നിർണായക ധാതുക്കൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പുരോഗതി വരാനിരിക്കുന്ന പതിറ്റാണ്ടുകൾ സാങ്കേതിക വിപ്ലവത്തിന്റേതാക്കും. നമ്മുടെ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തം ഇതിനു പിന്തുണയേകും. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾക്ക് ഇതിനകം ലോകരാജ്യങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ, വലിയ സ്വീകാര്യതയുണ്ട്. നിർമിതബുദ്ധി നമ്മുടെ സമൂഹങ്ങളിലും ആഗോള സമ്പദ്വ്യവസ്ഥയിലും സ്വാധീനം ചെലുത്തുന്നു.
നിർമിതബുദ്ധിയുടെ വികസനം ഉത്തരവാദിത്വമുള്ളതും മനുഷ്യകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ഇറ്റലിയും ദീർഘകാലമായി ഒരുമിച്ചു പ്രവർത്തിക്കുന്നു. ഈ കാഴ്ചപ്പാടിൽ, ഇന്ത്യയും ഇറ്റലിയും നിർമിതബുദ്ധിയെ സമഗ്രവികസനത്തിനുള്ള കരുത്തുറ്റ സങ്കേതമായി കാണുന്നു; വിശേഷിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും.
ഡിജിറ്റൽ പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങളും പല ഭാഷകളിലും ലഭ്യമായ സാങ്കേതികവിദ്യകളും ജനങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും കരുതുന്നു. സാങ്കേതികവിദ്യയുടെ കേന്ദ്രസ്ഥാനത്തു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന (MANAV) ഇന്ത്യയുടെ കാഴ്ചപ്പാടിലും, മനുഷ്യത്വപരമായ പാരമ്പര്യത്തിൽ ഊന്നിയുള്ള മനുഷ്യകേന്ദ്രീകൃത ‘അൽഗോർ-എത്തിക്സ്’ (algor-ethics) പ്രോത്സാഹിപ്പിക്കുന്നതിലെ ഇറ്റലിയുടെ നേതൃത്വത്തിലും അധിഷ്ഠിതമായി, നിർമിതബുദ്ധി സാമൂഹികശാക്തീകരണത്തിനുള്ള പ്രേരക ഘടകമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഈ സമീപനം ഇന്ത്യയുടെ ഡിജിറ്റൽ വ്യാപ്തിയെ ഇറ്റലിയുടെ ധാർമിക-വ്യാവസായിക വൈദഗ്ധ്യവുമായി സമന്വയിപ്പിക്കുകയും സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
സുരക്ഷിതമായ ഡിജിറ്റൽ സഹകരണം, ശേഷി വർധിപ്പിക്കൽ, പ്രതിരോധശേഷിയുള്ള സൈബർ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലെ മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ, എല്ലാ രാജ്യങ്ങൾക്കും നിർമിതബുദ്ധി രൂപപ്പെടുത്താനും അതിന്റെ പ്രയോജനം നേടാനും കഴിയുന്ന, തുറന്നതും വിശ്വസനീയവും നീതിയുക്തവുമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കാൻ നാം ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാടാണ് ഇറ്റലിയുടെ ജി7 അധ്യക്ഷപദവിയുടെയും ന്യൂഡൽഹിയിൽ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റ് 2026’-ന്റെ ഫലങ്ങളുടെയും കാതൽ.
നിർമിതബുദ്ധിയെ മനുഷ്യൻ മനുഷ്യനുവേണ്ടി സജ്ജമാക്കിയ സങ്കേതമായി കാണുക എന്നതിനർഥം, സാങ്കേതികവിദ്യക്ക് ഒരിക്കലും വ്യക്തികൾക്കു പകരമാകാനോ അവരുടെ മൗലികാവകാശങ്ങളെ ഹനിക്കാനോ കഴിയില്ലെന്നും, പൊതുചർച്ചകളെ സ്വാധീനിക്കാനോ ജനാധിപത്യപ്രക്രിയകളെ അട്ടിമറിക്കാനോ അത് ഉപയോഗിക്കാൻ കഴിയില്ലെന്നും ശക്തമായി ഉറപ്പിച്ചു പറയുക എന്നതാണ്. നമ്മുടെ സഹകരണം ബഹിരാകാശമേഖലയെയും ഉൾക്കൊള്ളുന്നു. ബഹിരാകാശ പര്യവേക്ഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇറ്റലിയുടെ മികച്ച എയ്റോസ്പേസ് എൻജിനിയറിംഗ് വൈദഗ്ധ്യവും സംയുക്ത സംരംഭങ്ങൾക്കും അടുത്ത തലമുറ സാങ്കേതിക വികസനത്തിനും വലിയ അവസരങ്ങൾ നൽകുന്നു.
പ്രതിരോധം, സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇറ്റലിയും ഇന്ത്യയും ആഗ്രഹിക്കുന്നു. നമ്മുടെ ഈ സഹകരണം നിർണായകമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദം, അന്താരാഷ്ട്ര ക്രിമിനൽശൃംഖലകൾ, ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ ഭീഷണികളെ നേരിടുന്നതിനുള്ള കരുത്ത് വർധിപ്പിക്കുന്നതിനും സഹായിക്കും.
നമ്മുടെ പങ്കാളിത്തത്തിന്റെ മറ്റൊരു പ്രധാന സ്തംഭമാണ് ഊർജം. വൈവിധ്യമാർന്ന ഊർജസ്രോതസുകളിലേക്കുള്ള ആഗോള പരിവർത്തനത്തിന് നവീകരണവും നിക്ഷേപവും സഹകരണവും ആവശ്യമാണ്. പുനരുത്പാദക ഊർജം മുതൽ ഹൈഡ്രജൻ സാങ്കേതികവിദ്യകൾ വരെയും, സ്മാർട്ട് ഗ്രിഡുകൾ മുതൽ പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ വരെയും ഇന്ത്യയും ഇറ്റലിയും സഹകരിക്കുന്നു.
ഹരിത ഹൈഡ്രജൻ കയറ്റുമതിയുടെ കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ പരിശ്രമം വലിയ സാധ്യതകൾ നൽകുന്നു; ഇതു പുനരുത്പാദക അടിസ്ഥാനസൗകര്യങ്ങളിലെ ഇറ്റലിയുടെ നൂതന സാങ്കേതികവിദ്യയ്ക്കും യൂറോപ്പിന്റെ ഊർജ കവാടമെന്ന നിലയിലുള്ള തന്ത്രപരമായ പങ്കിനും തികച്ചും അനുയോജ്യമാണ്. ഇന്ത്യയുടെ നേതൃത്വത്തിലുള്ള പ്രധാന സംരംഭങ്ങളായ അന്താരാഷ്ട്ര സൗരസഖ്യം (ഐഎസ്എ), ദുരന്ത നിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യം (സിഡിആർഐ), ആഗോള ജൈവ ഇന്ധന സഖ്യം (ജിബിഎ) എന്നിവയിൽ മറ്റു രാജ്യങ്ങൾക്കൊപ്പമുള്ള സഹകരണവും ഈ സാഹചര്യത്തിൽ ഏറെ പ്രധാനമാണ്.
ഭൗതിക-ഡിജിറ്റൽ-മാനുഷിക ബന്ധമാണു നമ്മെ പരസ്പരം കോർത്തിണക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥയുടെ രണ്ടു നിർണായക കേന്ദ്രങ്ങളായ ഇൻഡോ-പസഫിക്കിന്റെയും മെഡിറ്ററേനിയന്റെയും ഹൃദയഭാഗത്താണ് ഇന്ത്യയും ഇറ്റലിയും സ്ഥിതിചെയ്യുന്നത്. ഈ മേഖലകളെ വെവ്വേറെയായി കാണാൻ കഴിയില്ല; മറിച്ച്, പരസ്പരം കൂടുതൽ കൂട്ടിയിണക്കപ്പെട്ട ഇടങ്ങളായി വേണം കാണാൻ. ഇന്ത്യൻ മഹാസമുദ്രത്തെ യൂറോപ്പുമായി കൂട്ടിയിണക്കുന്ന വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, ഡാറ്റ, ആശയങ്ങൾ എന്നിവയുടെ പ്രധാന ഇടനാഴിയായ, ‘ഇൻഡോ-മെഡിറ്ററേനിയൻ’ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നിന്റെ ഉദയത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി), ആധുനിക ഗതാഗത-അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ ശൃംഖലകൾ, ഊർജസംവിധാനങ്ങൾ, അതിജീവനശേഷിയുള്ള വിതരണശൃംഖലകൾ എന്നിവയിലൂടെ നമ്മുടെ മേഖലകളെ തമ്മിൽ കൂട്ടിയിണക്കാൻ ലക്ഷ്യമിട്ടുള്ള കാഴ്ചപ്പാടിനെയാണു പ്രതിനിധാനം ചെയ്യുന്നത്. ഈ കാഴ്ചപ്പാടു യാഥാർഥ്യമാക്കാൻ മറ്റു പങ്കാളികൾക്കൊപ്പം പ്രവർത്തിക്കാൻ ഇന്ത്യയും ഇറ്റലിയും പ്രതിജ്ഞാബദ്ധമാണ്.
ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തി, കരുത്തുറ്റതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ ഇന്ത്യ-ഇറ്റലി പങ്കാളിത്തത്തിന് അടിത്തറയിടാനാണു നമ്മുടെ സംയോജിതകാഴ്ചപ്പാട് ലക്ഷ്യമിടുന്നത്.
Tags : India Italy Strategic partnership Indo-Mediterranean region