ലെയോ പതിനാലാമൻ മാർപാപ്പ
ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ആഗോള തലത്തിൽ വലിയ ബൗദ്ധിക-രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മനുഷ്യന്റെ ചിന്തയെയും ഓർമയെയും തൊഴിലെന്ന ആശയത്തെയും ഭാവിയെത്തന്നെയും കീഴടക്കാൻ ഡാറ്റയും നിർമിത ബുദ്ധിയും അൽഗോരിതങ്ങളുമായി ടെക്നോ കാപ്പിറ്റലിസ്റ്റുകൾ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ‘മഹത്തായ മാനവികത’ എന്ന ഈ ചാക്രിക ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളായ നിർമിത ബുദ്ധി (എഐ) യുടെ ഉടമസ്ഥത, സാങ്കേതിക വിദ്യയുടെ കേന്ദ്രീകരണം, തൊഴിൽ നഷ്ടം, മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ശക്തമായ സാമൂഹിക-ആത്മീയ ഇടപെടലായി ഈ ലേഖനം ഉയർന്നു നിൽക്കുന്നു.
ഇത് കത്തോലിക്കാ സഭയുടെയോ മാർപാപ്പയുടെയോ വെറും ധാർമിക ഉപദേശം മാത്രമല്ല. ടെക്നോ കാപിറ്റലിസത്തിന്റെ പുതിയ സാമ്രാജ്യത്വത്തിനെതിരേ ഉയരുന്ന മനുഷ്യകേന്ദ്രിത പ്രഖ്യാപനമാണ് തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ മാർപാപ്പ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ മാന്യത, തൊഴിലിന്റെ മഹത്വം, പൊതുനന്മ, അധികാരത്തിന്റെ കേന്ദ്രീകരണം എന്നിവയെക്കുറിച്ചുള്ള മാർപാപ്പയുടെ നിലപാടുകൾ ശ്രദ്ധിക്കാതെ പോകാനാവില്ല.
മാനവികത എന്നതിനെ അപ്രസക്തമാക്കി ലോകം വെട്ടിപ്പിടിക്കാൻ അധികാരത്തിന്റെ ഹുങ്കും സാങ്കേതിക മികവിന്റെ ഗർവും സമ്പത്തിന്റെ അഹങ്കാരവുമായി എഴുന്നള്ളുന്ന ഭരണകൂട ദുർമേദസുകൾ ലോകമെല്ലാം അസ്വസ്ഥതകൾ വിതക്കുമ്പോഴാണ് ഈ ലേഖനം പുറത്തുവരുന്നത്. “ദൈവം അതിന്റെ എല്ലാ മഹത്വത്തോടും കൂടി സൃഷ്ടിച്ച മാനവികത ഇന്ന് ഒരു നിർണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഒന്നുകിൽ ഒരു പുതിയ ബാബേൽ ഗോപുരം പണിയുക അല്ലെങ്കിൽ ദൈവവും മനുഷ്യരും ഒരുമിച്ച് വസിക്കുന്ന നഗരം പണിയുക” എന്നാണ് മാർപാപ്പ ആഹ്വാനം ചെയ്യുന്നത്.
വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ഊർജമായി ഈ ലേഖനം മാറുന്നു എന്നതാണ് ശ്രദ്ധേയം. ബാബേൽ ഗോപുരവും ടെക്നോ-കാപിറ്റലിസവും ഈ ചാക്രിക ലേഖനത്തിലെ ഏറ്റവും ശക്തമായ പ്രതീകങ്ങളാണ്. ബൈബിളിൽ ഉല്പത്തി പുസ്തകത്തിൽ ‘നമുക്ക് ആകാശത്തെത്തുന്ന ഗോപുരം പണിയാം’ എന്ന് പറയുന്നുണ്ട്. ഇത് വെറുമൊരു പുരാതന കഥയല്ല. നിയന്ത്രണമില്ലാത്ത അധികാരത്തിന്റെ രാഷ്ട്രീയ ഉപമയാണ്. ഇന്ന് ഡാറ്റയും എഐ സംവിധാനങ്ങളും ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ ‘പുതിയ ബാബേൽ ഗോപുരം’ എന്നത് ഒരു മുന്നറിയിപ്പു കൂടിയായി മാറുന്നു.
ഈ ചാക്രിക ലേഖനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ച മേയ് 15 എന്ന തീയതി പ്രത്യേകമായ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 135 വർഷങ്ങൾക്ക് മുമ്പ് 1891 മേയ് 15നാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ ‘റേരും നൊവാരും’ എന്ന വിഖ്യാതമായ ചാക്രിക ലേഖനം പുറപ്പെടുവിച്ചത്. പുതിയ കാര്യങ്ങളെക്കുറിച്ച് എന്നർഥമുള്ള ആ ചാക്രികലേഖനം പറഞ്ഞതാവട്ടെ തൊഴിലാളിവർഗത്തിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു. സ്വകാര്യസ്വത്ത് സമ്പാദനത്തോട് യോജിച്ചുകൊണ്ട് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതും ലജ്ജാവഹവുമാണെന്നും ലെയോ പതിമൂന്നാമൻ പാപ്പാ പ്രഖ്യാപിച്ചു.
വ്യവസായ വിപ്ലവകാലത്ത് തൊഴിലാളിയുടെ ശരീരത്തെ യന്ത്രം കീഴടക്കിയെങ്കിൽ, ഇന്നത്തെ ഡിജിറ്റൽ വിപ്ലവത്തിന്റെ കാലത്ത് മനുഷ്യന്റെ ബുദ്ധിയെയും സ്വകാര്യതയെയും വികാരങ്ങളെയും വരെ അൽഗോരിതങ്ങൾ നിയന്ത്രിക്കാൻ തുടങ്ങുന്നതിനെയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അങ്ങിനെ മാഞ്ഞിഫിക്ക ഹുമാനിത്താസ് മനുഷ്യന്റെ മാന്യതയ്ക്കുവേണ്ടിയുള്ള സംസാരമായി മാറുന്നു.
“സാങ്കേതികവിദ്യ മനുഷ്യത്വത്തിന് വിരുദ്ധമായ ഒരു ശക്തിയല്ല, അത് സ്വതസിദ്ധമായി തിന്മയും അല്ല’’ എന്നാണ് പാപ്പാ പറയുന്നത്. എന്നാൽ അതിന്റെ തുടർച്ചയായി അദ്ദേഹം നടത്തുന്ന നിരീക്ഷണമാണ് ഏറെ ശ്രദ്ധേയം. “സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ല, കാരണം അത് രൂപപ്പെടുത്തുകയും ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ സ്വഭാവസവിശേഷതകൾ സ്വീകരിക്കുന്നു’’ എന്ന വാക്കുകൾ ഈ കാലത്തിന്റെ രാഷ്ട്രീയ സത്യമാണ്. അതുകൊണ്ടാണ് അവരുടെ ചെയ്തികൾ സൃഷ്ടിക്കാൻ പോകുന്ന ദുരിതങ്ങളെപ്പറ്റിയുള്ള ഭയാശങ്ക ഇതിൽ നിഴലിക്കുന്നതും. അതിനാൽ, ‘പൊതുനന്മയ്ക്കായി യത്നിക്കണമെന്നും’ ‘മനുഷ്യരായി തുടരണമെന്നും’ ലെയോ പതിനാലാമൻ മാർപാപ്പ ജനങ്ങളോട് അഭ്യർഥിക്കുന്നു. അങ്ങിനെയാകുമ്പോൾ “ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മനുഷ്യഹൃദയത്തെ ലോകം തിരിച്ചറിയും’’ എന്നാണ് പാപ്പായുടെ പ്രത്യാശ.
ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യനെ “ ഉപയോഗിക്കാനും ചൂഷണം ചെയ്യാനുമുള്ള ഒരു വിഭവമായി ” കണക്കാക്കുന്നതിനോട് വിയോജിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറ്റവും വലിയ രാഷ്ട്രീയ നിലപാടാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അവസാനം വരെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശമെന്നും അതിനെ ലംഘിക്കുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നതിനപ്പുറം ഗർഭഛിദ്രം, നിരപരാധികളെ കൊല്ലൽ, ദയാവധം എന്നിവയെ സഭ ഗുരുതരമായ തെറ്റായി കണക്കാക്കുന്ന തെരഞ്ഞെടുപ്പുകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുക എന്നതിനെയും ലേഖനം പ്രാധാന്യത്തോടെ കാണുന്നു. നിയമം, തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക-രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ എന്നിവയിൽ സ്ത്രീകൾക്ക് അനുകൂലമായ മൂർത്തമായ തീരുമാനങ്ങൾ സ്വീകരിക്കാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. സ്ത്രീകളുടെ വാക്കുകൾ കേൾക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുമെന്ന് ഉറപ്പു വരുത്താനാണ് പാപ്പാ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സുസ്ഥിരമായ ഐക്യത്തിൽ സ്ഥാപിതമായതാണെന്ന് പറഞ്ഞുകൊണ്ടാണ് കുടുംബത്തിന്റെ പങ്ക് ഉയർത്തിപ്പിടിക്കുന്നത്. കുടുംബം ഒരു "പ്രാഥമിക സാമൂഹിക നന്മ’യും "ഓരോ സമൂഹ സംഘടനയുടെയും അടിസ്ഥാനപരവും മാറ്റാനാകാത്തതുമായ കോശവുമാണ് ’എന്ന നിരീക്ഷണവും ശ്രദ്ധേയമാണ്.
“ഒരു രാഷ്ട്രത്തെ ഇല്ലാതാക്കാനോ കീഴ്പ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും പദ്ധതിയും ഗുരുതരമായ അധാർമികതയും അതിനാൽതന്നെ അസ്വീകാര്യവുമാണ് ” എന്ന് ചാക്രിക ലേഖനത്തിൽ വിവരിക്കുന്നതിലൂടെ തന്റെ പക്ഷം ഏതെന്ന് പാപ്പാ വ്യക്തമാക്കുന്നു. സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ അഞ്ച് തത്വങ്ങളിൽ പൊതുനന്മയെന്ന ഒന്നാം തത്വത്തിലാണ് മേൽ പ്രസ്താവന ഉൾച്ചേർത്തിരിക്കുന്നത്. പൊതുനന്മയെ “ഓരോ വ്യക്തിയിലും അംഗീകരിക്കപ്പെട്ടിരിക്കുന്ന അന്തസിന്റെ സാമൂഹിക പ്രകടനമായി’’ നിർവചിക്കുന്നതിലൂടെ എത്ര ആഴത്തിലാണ് ഇക്കാര്യങ്ങളെ സമീപിക്കുന്നതെന്നും വ്യക്തമാകുന്നു. “അടിമത്തത്തിന്റെ, മനുഷ്യക്കടത്തിന്റെ, മനുഷ്യരെ ചരക്കുവത്കരിക്കുന്നതിന്റെ എല്ലാ രീതികളെയും സഭ ശക്തമായി അപലപിക്കുന്നു’’ എന്ന് മാർപാപ്പ ഊന്നിപ്പറയുന്നു. മുൻകാലങ്ങളിൽ അടിമത്തത്തിന്റെ വിപത്തിനെ അപലപിക്കുന്നതിൽ സഭയ്ക്കുണ്ടായ കാലതാമസത്തിന് പാപ്പാ ആത്മാർഥമായി ക്ഷമയും ചോദിക്കുന്നുണ്ട്. യുദ്ധത്തെ സാധാരണവത്കരിക്കുകയും അതിനെ “ആഗോള രാഷ്ട്രീയത്തിന്റെ ഉപകരണമായി” പുനരധിവസിപ്പിക്കുകയും പുനഃസജ്ജീകരണത്തെ അനുകൂലിക്കുകയും ചെയ്യുന്ന “അധികാര സംസ്കാരം” യോജിക്കാൻ കഴിയാത്തതാണെന്ന നിലപാടാണ് ലേഖനത്തിലുള്ളത്. നിരന്തരം നാമിപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന ‘നീതിപൂർവകമായ യുദ്ധം’ എന്ന സിദ്ധാന്തത്തെ തള്ളിക്കളയുകയും ചെയ്യുന്നു. ഇതിനെ മറികടക്കണമെന്നും സംഭാഷണം, നയതന്ത്രം, ക്ഷമ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മാർപാപ്പ ആവർത്തിക്കുന്നു.
മാർപാപ്പയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടലുകളിൽ ഒന്ന് യുദ്ധത്തെയും നിർമിത ബുദ്ധിയെയും കുറിച്ചുള്ളതാണ്. ""യുദ്ധത്തെ ധാർമികമായി സ്വീകാര്യമാക്കാൻ കഴിയുന്ന ഒരു അൽഗോരിതവുമില്ല.''എന്നാണ് അദ്ദേഹം പറയുന്നത്. സാങ്കേതികവിദ്യയുടെ പേരിൽ മനുഷ്യ ഉത്തരവാദിത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികൾക്കുമുള്ള മുന്നറിയിപ്പാണിത്. ""സംഘർഷങ്ങളിൽ അന്തർലീനമായ മനുഷ്യത്വമില്ലായ്മയെ നിർമിത ബുദ്ധി നീക്കം ചെയ്യുന്നില്ല. സംഘർഷത്തെ കൂടുതൽ വേഗമുള്ളതാക്കാനും കൂടുതൽ വ്യക്തിത്വമില്ലാത്തതാക്കാനും മാത്രമേ എഐ ഉപകരിക്കൂ. അക്രമത്തിലേക്ക് തിരിയുന്നതിനുള്ള അകലം കുറയ്ക്കുകയും പ്രതിരോധത്തെ ഭീഷണിയുടെ സ്വരമാക്കി മാറ്റുകയും അതുവഴി ഇരകളെ ഡാറ്റയിലേക്ക് ചുരുക്കുകയും ചെയ്യുന്നു. ഈ രീതിയിൽ, അക്രമം അനിവാര്യമാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും എഐ നമ്മെ പഠിപ്പിക്കും’’ എന്നും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട് . “മനുഷ്യരുടെ മുഖം കാണാതെ ആക്രമണങ്ങൾക്ക് സൗകര്യമൊരുക്കുന്ന ഏതൊരു സാങ്കേതികവിദ്യയും ധാർമികതയെ കുറയ്ക്കുന്നു” എന്നും ലേഖനം നിരീക്ഷിക്കുന്നു.
(തുടരും)
Tags : Manifesto Magnifica Humanitas Human Pope LeoXIV