പ്രതീകാത്മക ചിത്രം
കെവൈസി പുതുക്കാനായില്ല; ചികിത്സക്കു പണമില്ലാതെ വ്യദ്ധൻ മരിച്ചു എന്ന വാർത്ത നമ്മുടെ ഡിജിറ്റൽ ബാങ്കിംഗ് വ്യവസ്ഥിതി സാധാരണക്കാരനുനേരേ നടത്തുന്ന ക്രൂരമായ വ്യവസ്ഥാപിത കൊലപാതകത്തിന്റെ സാക്ഷ്യപത്രമാണ്. ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ നിന്നുള്ള രത്തൻ ലക്ര എന്ന 75 വയസുകാരൻ സ്വന്തം അക്കൗണ്ടിൽ ചികിത്സയ്ക്കുള്ള പണമുണ്ടായിട്ടും ഒരു നേരത്തെ മരുന്നിന് വകയില്ലാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റം എന്തെന്നല്ലേ? ‘’കെവൈസി’’ (KYC) എന്ന സാങ്കേതിക നൂലാമാല പുതുക്കിയില്ലത്രേ! മൂന്ന് മാസത്തോളം രത്തൻ ലക്ര ബാങ്ക് കയറിയിറങ്ങി. ഒടുവിൽ മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഓട്ടോറിക്ഷയിൽ അവിടെയെത്തിച്ചിട്ടും ഒന്നു പുറത്തിറങ്ങി നോക്കാൻപോലും മാനേജർ തയാറായില്ല. ജീവനക്കാരെക്കൊണ്ട് ആ കുടുംബത്തെ കഴുത്തിനു പിടിച്ച് പുറത്താക്കിയ ബാങ്ക് ഉദ്യോഗസ്ഥരുടെ ക്രൂരത ഏതൊരു മനുഷ്യസ്നേഹിയുടെയും ചോര തിളപ്പിക്കുന്നതാണ്.
മനുഷ്യന്റെ ജീവിതം ലളിതമാക്കാനും വേഗം കൂട്ടാനുമാണ് സാങ്കേതികവിദ്യ എന്ന് പ്രസംഗിക്കുന്ന ഭരണാധികാരികളും കോർപ്പറേറ്റുകളും ഈ വയോധികന്റെ മരണത്തിന് മറുപടി പറയേണ്ടതുണ്ട്. ഇന്ന് നമ്മുടെ ബാങ്കിംഗ് രംഗം പൂർണമായും ഡിജിറ്റൽ വത്കരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അത് ആർക്കുവേണ്ടിയാണ്? സ്മാർട്ട്ഫോണും അതിവേഗ ഇന്റർനെറ്റും ഡിജിറ്റൽ സാക്ഷരതയുമില്ലാത്ത വലിയൊരു വിഭാഗം പാവപ്പെട്ട ജനങ്ങളെ ഈ വ്യവസ്ഥിതി ക്രൂരമായി മാറ്റിനിർത്തുകയാണ്. സാങ്കേതിക സുരക്ഷയുടെ പേരിൽ നിർമിച്ചുവച്ചിരിക്കുന്ന കരിനിയമങ്ങൾ സാധാരണക്കാരന്റെ പൗരാവകാശങ്ങളെയും ജീവിക്കാനുള്ള അവകാശത്തെയുമാണ് ഇല്ലാതാക്കുന്നത്.
ബാങ്കുകളുടെ പിടിച്ചുപറി
ബാങ്കുകളുടെ ഈ ഡിജിറ്റൽ ധാർഷ്ട്യം കേവലം സേവനനിഷേധത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഇതിന്റെ മറവിൽ സാധാരണക്കാരെ പിഴിഞ്ഞൂറ്റാനുള്ള സകല അടവുകളും അവർ പയറ്റുന്നുണ്ട്. മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽനിന്ന് ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകൾ പിഴയായി കൊള്ളയടിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ മാത്രം (2022-23 മുതൽ 2024-25 വരെ) അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ ബാങ്കുകൾ പൊതുജനങ്ങളിൽനിന്ന് പിഴയായി ഈടാക്കിയത് 19,083 കോടി രൂപയാണ്. ഇതിൽ സ്വകാര്യ ബാങ്കുകൾ മാത്രം 11,000 കോടി രൂപ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ചപ്പോൾ, പൊതുമേഖലാ ബാങ്കുകൾ 8,093 കോടി രൂപ പിടിച്ചെടുത്തു. എസ്ബിഐ അടക്കമുള്ള ചില പൊതുമേഖലാ ബാങ്കുകൾ നിലവിൽ ഈ പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സ്വകാര്യ ബാങ്കുകളും മറ്റ് പല ധനകാര്യ സ്ഥാപനങ്ങളും പാവപ്പെട്ടവന്റെ അക്കൗണ്ടിലേക്ക് ഇപ്പോഴും ദാക്ഷിണ്യമില്ലാതെ കത്രിക വയ്ക്കുന്നുണ്ട്.
ഇതിനുപുറമേയാണ് സാധാരണക്കാർക്ക് അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ നൽകുന്ന എടിഎം ഉപയോഗ നിരക്കുകളും എസ്എംഎസ് ചാർജുകളും. പാർലമെന്റ് രേഖകൾ പ്രകാരം എസ്എംഎസ് അലേർട്ടുകൾ നൽകിയ വകയിൽ മാത്രം പൊതുമേഖലാ ബാങ്കുകൾ മൂന്ന് വർഷത്തിനിടെ 3,388 കോടി രൂപയാണ് ജനങ്ങളിൽനിന്ന് ഈടാക്കിയത്.
മറുവശത്ത്, ഗ്രാമീണ മേഖലകളിൽ ആധാർ അധിഷ്ഠിത പണമിടപാടുകളിൽ (AePS) 10 ശതമാനത്തിൽ കൂടുതൽ തവണയും ബയോമെട്രിക് പൊരുത്തക്കേടുകൾ കാരണം പണം നിഷേധിക്കപ്പെടുന്നു. കഠിനാധ്വാനം ചെയ്ത് വിരലിലെ രേഖകൾ മാഞ്ഞുപോയ ഒരു സാധാരണ തൊഴിലാളിക്ക് തന്റെ സ്വന്തം പെൻഷൻ പണം നിഷേധിക്കാൻ ഡിജിറ്റൽ അൽഗോരിതങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? മറുവശത്ത്, സാങ്കേതികവിദ്യയെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകളും ഒടിപി തട്ടിപ്പുകാരും വിലസുമ്പോൾ നോക്കുകുത്തിയായി നിൽക്കുന്നതും ഇതേ ബാങ്കിംഗ് സംവിധാനങ്ങളാണ്. ഒരു പാവപ്പെട്ടവൻ തന്റെ പെൻഷൻ തുകയ്ക്കായി വരുമ്പോൾ സാങ്കേതികവിദ്യയുടെ തടസങ്ങൾ പറയുന്നവർ, വലിയ കോർപ്പറേറ്റുകൾക്ക് കോടികളുടെ കടം എഴുതിത്തള്ളാൻ യാതൊരു സാങ്കേതിക തടസവും കാണാറില്ല എന്നത് വിരോധാഭാസമാണ്.
അൽഗോരിതങ്ങൾക്കും കംപ്യൂട്ടർ കോഡുകൾക്കും മനുഷ്യന്റെ ജീവനേക്കാൾ വില കൽപ്പിക്കുന്ന ഈ ഡിജിറ്റൽ അന്ധതയ്ക്കെതിരേ നാം പ്രതികരിച്ചേ മതിയാകൂ. സാങ്കേതികവിദ്യ മനുഷ്യന് മേൽക്കോയ്മ നേടുന്ന ഇത്തരം കെണികൾ ഇനിയും അനുവദിച്ചുകൂടാ. ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾക്ക് മാനുഷിക മുഖമുണ്ടാകണം. ഡിജിറ്റൽ സാക്ഷരതയില്ലാത്ത സാധാരണക്കാർക്ക് പ്രത്യേക പരിഗണന നൽകാനും ഇത്തരം സാങ്കേതിക തകരാറുകളുടെ പേരിൽ ഇനിയൊരു ജീവൻപോലും പൊലിയാതിരിക്കാനും ശക്തമായ നിയമനിർമാണങ്ങൾ അടിയന്തരമായി ഉണ്ടാകണം. നിയമങ്ങളേക്കാളും സാങ്കേതികവിദ്യയേക്കാളും വലുതാണ് മനുഷ്യന്റെ ജീവൻ എന്ന് ഈ വ്യവസ്ഥിതിയെ ഓർമിപ്പിക്കാൻ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(മൂവാറ്റുപുഴ നിർമല കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)
Tags : KYC digital Murders Bank