District News
മൂവാറ്റുപുഴ : അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്രാ ബസ് വീണ്ടും തകരാറിലായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബസ് സര്‍വീസിനിടെ തകരാറിലാകുന്നത്.
ഇന്നലെ രാവിലെ കല്ലൂര്‍ക്കാട് ബസ് സ്റ്റാൻഡില്‍ എത്തിയപ്പോഴാണ് തകരാറിലായി സര്‍വീസ് തടസപ്പെട്ടത്. യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവരുകയും മറ്റ് വാഹനങ്ങളെ ആശ്രയിച്ച് യാത്ര തുടരേണ്ടിവന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മോശം അവസ്ഥയിലുള്ള വാഹനം നിരത്തിലിറക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സര്‍വീസിനായി സുരക്ഷിതവും യാത്രയോഗ്യവുമായ മറ്റൊരു ബസ് ഉടന്‍ ഒരുക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
Kerala
കോഴിക്കോട്: പ്രിയദർശിനി ബസിൽ നിന്നും തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് പരിക്കേറ്റത്. നാദാപുരം ടിഐഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് വൈഗ.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. തിരക്ക് കാരണം ബസിന്റെ വാതിൽ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഈ തിരക്കിനിടയിൽ ബസിന്റെ സ്റ്റെപ്പിൽ നിൽക്കുകയായിരുന്ന കുട്ടി, വാഹനം ഓടിക്കൊണ്ടിരിക്കെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്കായി നൽകുന്ന സൗജന്യ 'സീറോ ടിക്കറ്റുകൾ' പുരുഷ യാത്രക്കാർക്ക് നൽകി പണം ജീവനക്കാർ സ്വന്തമാക്കുന്നതായി വ്യാപക പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കെഎസ്ആർടിസി അന്വേഷണം തുടങ്ങി.
പ്രിയദർശിനി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രയ്ക്കായി "പ്രിയദർശിനി ഫ്രീ ട്രാവൽ' എന്ന ഓപ്ഷൻ വഴിയാണ് സീറോ വാല്യൂ ടിക്കറ്റ് നൽകുന്നത്. ഈ ടിക്കറ്റുകളുടെ തുക പിന്നീട് സർക്കാർ കെഎസ്ആർടിസിക്ക് നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ പുരുഷ യാത്രക്കാരിൽ നിന്നും പൂർണ്ണമായ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷം, ടിക്കറ്റ് മെഷീനിൽ 'മെയിൽ'ഓപ്ഷന് പകരം സ്ത്രീകളുടെ 'സീറോ ടിക്കറ്റ്' പ്രിൻ്റ് ചെയ്തു നൽകുകയാണ് ജീവനക്കാർ ചെയ്യുന്നത്. ഇതിലൂടെ യാത്രക്കാരിൽ നിന്ന് വാങ്ങുന്ന തുക ജീവനക്കാർ നേരിട്ട് കൈക്കലാക്കുന്നു. തട്ടിപ്പിനെക്കുറിച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി.
സംസ്ഥാനവ്യാപകമായി ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി വിജിലൻസ് വിഭാഗത്തോട് പരിശോധന കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ വിജിലൻസ് വിഭാഗത്തിന്റെയും ഗതാഗത വകുപ്പിലെ ആർടിഒ പ്രത്യേക സ്ക്വാഡുകളുടെയും മിന്നൽ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അധികൃതർ അറിയിച്ചു.
NRI
മനാമ: കേരളത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക - സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയുമെന്ന് പ്രവാസി മിത്ര പറഞ്ഞു.
ഓർഡിനറി ബസുകൾ കുറവായ വടക്കൻ ജില്ലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.