പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്കായി നൽകുന്ന സൗജന്യ 'സീറോ ടിക്കറ്റുകൾ' പുരുഷ യാത്രക്കാർക്ക് നൽകി പണം ജീവനക്കാർ സ്വന്തമാക്കുന്നതായി വ്യാപക പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കെഎസ്ആർടിസി അന്വേഷണം തുടങ്ങി.
പ്രിയദർശിനി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രയ്ക്കായി "പ്രിയദർശിനി ഫ്രീ ട്രാവൽ' എന്ന ഓപ്ഷൻ വഴിയാണ് സീറോ വാല്യൂ ടിക്കറ്റ് നൽകുന്നത്. ഈ ടിക്കറ്റുകളുടെ തുക പിന്നീട് സർക്കാർ കെഎസ്ആർടിസിക്ക് നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ പുരുഷ യാത്രക്കാരിൽ നിന്നും പൂർണ്ണമായ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷം, ടിക്കറ്റ് മെഷീനിൽ 'മെയിൽ'ഓപ്ഷന് പകരം സ്ത്രീകളുടെ 'സീറോ ടിക്കറ്റ്' പ്രിൻ്റ് ചെയ്തു നൽകുകയാണ് ജീവനക്കാർ ചെയ്യുന്നത്. ഇതിലൂടെ യാത്രക്കാരിൽ നിന്ന് വാങ്ങുന്ന തുക ജീവനക്കാർ നേരിട്ട് കൈക്കലാക്കുന്നു. തട്ടിപ്പിനെക്കുറിച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി.
സംസ്ഥാനവ്യാപകമായി ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി വിജിലൻസ് വിഭാഗത്തോട് പരിശോധന കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ വിജിലൻസ് വിഭാഗത്തിന്റെയും ഗതാഗത വകുപ്പിലെ ആർടിഒ പ്രത്യേക സ്ക്വാഡുകളുടെയും മിന്നൽ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അധികൃതർ അറിയിച്ചു.
Tags : Priyadarshini bus KSRTC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash