ബസിന് കോരുത്തോട് പള്ളിപ്പടിയിൽ സ്വീകരണം നൽകിയപ്പോൾ.
കോരുത്തോട്: കോരുത്തോട് നിവാസികളുടെ നിരന്തര അഭ്യർഥന മാനിച്ച് പ്രദേശത്തേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. പൊൻകുന്നം എടിഒയുമായി ബ്ലോക്ക് പഞ്ചായത്ത് കോരുത്തോട് ഡിവിഷൻ മെംബർ ബിനു മറ്റക്കര നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്.
കോട്ടയത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.45ന് ആരംഭിച്ച് മുണ്ടക്കയത്തെത്തി കോരുത്തോട്, കുഴിമാവ് കാളകെട്ടി, മൂക്കൻപെട്ടി, കണമല വഴി എരുമേലിയിൽ എത്തിച്ചേരുന്ന നിലയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോരുത്തോട് പള്ളിപ്പടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പുതുതായി സർവീസ് ആരംഭിച്ച പ്രിയദർശിനി ബസിന് സ്വീകരണം നൽകി.
കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ഫ്ലാഗ് ഓഫ് ബ്ലോക്ക് മെംബർ ബിനു മറ്റക്കര നിർവഹിച്ചു. സി.എ. തോമസ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.