പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് കോടതിയിൽ അടുത്ത ദിവസം അപേക്ഷ നൽകും. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനെയും രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതി പതിനേഴുകാരന്റെ പെണ്‍സുഹൃത്ത് ആനന്ദ, നാലാം പ്രതി ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ എന്നിവരെയുമാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നടപടി ആരംഭിച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് കണ്ടെത്താനും അഭിരാമിന്റെ മൊബൈൽ ഫോണ്‍ കണ്ടെത്താനുമാണ് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. ബെൽറ്റും മൊബൈൽ ഫോണും ഉപേക്ഷിച്ച സ്ഥലത്തിന്റെ കാര്യത്തിൽ പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയത് തെളിവെടുപ്പിനെ ബാധിച്ച സാഹചര്യത്തിലാണ് വീണ്ടും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ബെൽറ്റും മൊബൈൽ ഫോണും കണ്ടെത്താനായില്ല.
മൃതദേഹം കണ്ടെത്തിയ പുരയിടത്തിലെ കുറ്റിക്കാട് തെളിച്ചാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ പരിശോധന നടത്തിയത്. ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതിയായ ഉമറും ബെൽറ്റിന്റെയും മൊബൈൽ ഫോണിന്റെ യും കാര്യത്തിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് നേരത്തെ നൽകിയത്. പതിനേഴുകാരൻ പറഞ്ഞത് ബെൽറ്റും മൊബൈലും സമീപത്തെ തോട്ടിൽ എറിഞ്ഞെന്നായിരുന്നു.