International
ഇസ്ലാമാബാദ്: ഹൂതി ആക്രമണം നേരിടുന്ന സൗദിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്ന സൂചന നല്കി പാക്കിസ്ഥാൻ. മെക്ക സൈനിക ഉടന്പടി പ്രകാരമുള്ള ഉത്തരവാദിത്വങ്ങൾ നിർഹവിക്കാൻ സജ്ജമാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഹൂതികൾ മെക്കയെ ആക്രമിച്ച പശ്ചാത്തലത്തിൽ ഉടന്പടിയില്ലാതെ തന്നെ പാക്കിസ്ഥാനു രംഗത്തിറങ്ങാനാകുമെന്നും അദ്ദേഹം വ്യക്താക്കി.
പാക്കിസ്ഥാൻ, സൗദി, തുർക്കി എന്നിവരാണ് മെക്ക ഉടന്പടിയിലുള്ളത്. കഴിഞ്ഞമാസം മെക്കിയിലാണ് ഉടന്പടി ഒപ്പുവച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന ുപേർക്കുമെതിരായ ആക്രമണമായി പരിഗണിക്കും എന്നതാണ് ഉന്പടിയുടെ കാതൽ. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റു രണ്ടു രാജ്യങ്ങൾക്കും സൈനിക സഹായം നല്കാൻ ബാധ്യതയുണ്ട്.
മെക്ക ഉടന്പടി പാക്കിസ്ഥാനു ബാധകമാണെന്ന് പ്രതിരോധമന്ത്രി ആസിഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഉത്തരവാദിത്വം നിർവഹിക്കപ്പെടും. മെക്ക ആക്രമിക്കപ്പെട്ടാൽ അതിനെ സംരക്ഷിക്കാൻ പാക്കിസ്ഥാന് ഒരു കരാർ വേണ്ടകാര്യമില്ല. പുണ്യഭൂമികളുടെ സംരക്ഷണം പാക്കിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്കയെ ലക്ഷ്യമിക്കി ഹൂതികൾ തൊടുത്ത ഡ്രോൺ നിർവീര്യമാക്കിയെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. മെക്കയിലെ നിരോധിത മേഖലയിൽ പ്രേശിക്കുന്നതിനു മുന്പേ ഡ്രോണിനെ നശിപ്പിച്ചെന്നാണ് പറഞ്ഞത്. അതേസമയം മെക്കയ്ക്കു നേരേ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികൾ അറിയിച്ചത്.
യെമനിൽ കൂട്ടപ്പലായനം
സനാ: യെമനിലെ സൗദിയുടെ പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടത്തിനുനേരേ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം ശക്തമാക്കി. യെമനിലെ ചെങ്കടൽത്തീരം ഏതാണ്ട് മുഴുവനായി ഹൂതികളുടെ നിയന്ത്രണത്തിലായെന്നാണ് റിപ്പോർട്ട്.
മേഖലയിലെ യെമനി ജനത പലായനം ചെയ്യുകയാണ്. ഏതാണ്ട് 1.25 ലക്ഷം പേർ അഭയാർഥികളായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും യെമന്റെ ഇതരഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. കുറച്ചുപേർ ബോട്ടുകളിൽ ആഫ്രിക്കയിലേക്കു കടക്കുന്നു.
അറബിനാട്ടിലെ ഏറ്റവും ദരിദ്രരാജ്യമായ യെമനിൽ മുന്പുണ്ടായ ആഭ്യന്തരയുദ്ധം ക്ഷാമത്തിനു വഴിവയ്ക്കുകയും ഒന്നരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു.
International
സനാ: മാരിബ് പ്രവിശ്യയിൽ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടതായി അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു. തദ്ദേശീയമായി നിർമിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ചാണ് വിമാനം വീഴ്ത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി. തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും മരുഭൂമിയിൽ കത്തുന്ന തീയും വീഡിയോയിൽ കാണാം.
അതേസമയം, ഇസ്ലാമിലെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോൺ തകർത്തെന്ന് സൗദി നയിക്കുന്ന സഖ്യസേന ആരോപിച്ചു. വ്യോമപ്രതിരോധ സേന ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ നശിപ്പിച്ചതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. എന്നാൽ മക്കയെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണം പൂർണമായും തള്ളിക്കളഞ്ഞ ഹൂതികൾ, സൗദി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ നുണകളാണെന്ന് പ്രതികരിച്ചു.
Leader Page
ഒരു മാസം മുമ്പ് സൗദി അറേബ്യയും തുർക്കിയും പാക്കിസ്ഥാനും സംയുക്തമായി ഒരു സൈനിക ഉടമ്പടിയുണ്ടാക്കിയെന്ന വാർത്ത നമ്മൾ കണ്ടു. ഇതിൽ ഏതെങ്കിലും രാജ്യത്തിനെതിരേ ആക്രമണമുണ്ടായാൽ മറ്റു രണ്ടു രാജ്യങ്ങളും സഹായത്തിനെത്തുമെന്നാണ് ഉടമ്പടി.
ഒരർഥവുമില്ലാതെയുണ്ടാക്കിയ തട്ടിപ്പ് കരാറാണിതെന്നു കാര്യങ്ങൾ മനസിലാക്കിയാൽ വ്യക്തമാവും. പ്രസ്തുത കരാർ ഇന്ത്യക്കകത്തു ചർച്ചകൾക്കു വഴിവച്ചു. പാകിസ്ഥാനുമായി സിന്ദൂർ പോലെ ഇനിയുമൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ സൗദിയോ തുർക്കിയോ നമ്മെ ആക്രമിക്കുമെന്ന ആശങ്കയായിരുന്നു ആ ചർച്ചകളിൽ ഭൂരിപക്ഷവും.
നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ അതിന് ഒരു സാധ്യതയും കാണുന്നില്ല. കാരണം ഇറാനും ഇറാന്റെ ഉറ്റ ചങ്ങാതിയായ യമനിലെ ഷിയാ വിഭാഗത്തിൽപെട്ട സായുധസംഘടനയായ ഹൂതികളും സൗദി അറേബ്യയെ ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കയാണ്. ഇറാൻ മിസൈലുകൾ സൗദിയുടെ നഗരങ്ങളെയും എണ്ണപ്പാടങ്ങളെയുമെല്ലാം പലതവണ ആക്രമിച്ചിട്ടുണ്ട്. അതിനുപുറമേ ഇറാന്റെ ആയുധങ്ങളുപയോഗിച്ച് സൗദിയിലെ വലിയ എണ്ണശേഖരണ കേന്ദ്രങ്ങളെ നശിപ്പിച്ചിട്ടുമുണ്ട്.
ഇറാൻ-അമേരിക്ക യുദ്ധം നിലനില്ക്കുന്നതിനാൽ ഹോർമൂസ് വഴി ആർക്കും എണ്ണ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായതിനാൽ റെഡ് സീ (ചെങ്കടൽ)യും ബാബ്-ഏൽ-മാൻഡെബ് കടലിടുക്ക് വഴിയാണ് സൗദിയും കുവൈറ്റും യുഎഇയുമെല്ലാം പെട്രോളിയം ഉത്പന്നങ്ങൾ കടത്തിവിടുന്നത്. എന്നാൽ, ഹൂതികൾ ഇപ്പോൾ അൽ മോച്ചാ പോർട്ട് കൈയടക്കിവച്ചിരിക്കുന്നുതിനാലും ചെങ്കടലിൽ പ്രതിരോധം സൃഷ്ടിച്ച് ആക്രമണം നടത്തുന്നതിനാലും അതിനും സാധ്യമല്ലാതായിരിക്കുന്നു. കരാറുണ്ടാക്കിയെങ്കിലും പാക്കിസ്ഥാനും യമനും തുർക്കിയുമൊന്നും അതിലിടപെടുന്നതു നമ്മൾ കാണുന്നില്ല. അതുപോലെ കുർദ് മലേഷ്യൻസ് കാലങ്ങളായി തുർക്കിയിൽ ആക്രമണം നടത്തിവരുമ്പോൾ പാക്കിസ്ഥാനോ സൗദിയോ എന്തുകൊണ്ട് ഇടപെടുന്നില്ല? ഇതിനു പലകാരണങ്ങളുമുണ്ട്.
ഏതെങ്കിലുമൊരു രാജ്യത്തെ വിദൂരമായിരുന്നുകൊണ്ട് ആക്രമിച്ചു കീഴടക്കാൻ ഇന്നു പ്രയാസമാണ്. അമേരിക്ക-ഇറാൻ യുദ്ധം അതിനുദാഹരണമാണ്. സ്വന്തം രാജ്യത്തിന്റെ ഭൂമിശാസ്ത്രം വിദഗ്ധമായി ഉപയോഗിക്കുന്ന ഇറാനെയാണ് ഈ യുദ്ധത്തിൽ നമ്മൾ കാണുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ നഷ്ടങ്ങളുണ്ടാവുമ്പോൾ ഇറാന് അമേരിക്ക ഉണ്ടാക്കുന്ന നഷ്ടം വളരെ ചെറുതാണ്. കരമാർഗമോ കടൽമാർഗമോ വ്യോമമാർഗമോ ആയാലും മാസങ്ങൾ എടുത്തിട്ടുപോലും ഇറാനെ തകർക്കാൻ അമേരിക്കൻ സൈന്യത്തിനു കഴിയുന്നില്ല. ഇപ്പോൾ യുദ്ധം അമേരിക്കയുടെ മാത്രം കാര്യമായി ചുരുങ്ങിപ്പോയിരിക്കുന്നു. ഇതുതന്നെയാണ് ഏഴായിരം പട്ടാളക്കാരെ കരാറിന്റെയടിസ്ഥാനത്തിൽ സൗദിയുടെ സഹായത്തിനയച്ച പാക്കിസ്ഥാന്റെയും അവസ്ഥ. അവർ അവിടെയെത്തി തമ്പടിച്ചു കഴിയുന്നതേയുള്ളൂ. യുദ്ധം നടന്നുകഴിഞ്ഞയിടത്തിൽ സുഹൃദ് രാജ്യങ്ങൾക്കിടപെടുന്നതിന് അന്താരാഷ്ട്ര ഉമ്പടിപ്രകാരം ചില പരിമിതികളുണ്ട്.
മറ്റു കാരണങ്ങൾ നോക്കുകയാണെങ്കിൽ സുഹൃദ് രാജ്യത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിനു വരുന്ന ചെലവ്, സൈനികന്റെ മരണമുൾപ്പടെയുണ്ടാകുന്ന നഷ്ടം, അവരുടെ കുടുംബാംഗങ്ങളോട് രാജ്യം എന്താണ് പറയുക എന്ന ആശയക്കുഴപ്പം, സൈന്യത്തിനു നല്കേണ്ട ആയുധങ്ങൾക്കും ബോംബുകൾക്കും മിസൈലുകൾക്കും മറ്റും വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങൾക്ക് പാക്കിസ്ഥാനെപ്പോലെ ഒരു രാജ്യത്തിനു പണമെവിടെനിന്നാണു ലഭിക്കുക? ഇറാനെതിരേ യുദ്ധംചെയ്ത് അമേരിക്കയുടെ ആയുധശേഖരം തീർന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. പുതിയ ആയുധങ്ങൾ നിർമിച്ചെടുക്കാൻ കാലം പിടിക്കും. അപ്പോഴാണ് ഒരു കരാറിന്റെ പിൻബലത്തിൽ പാക്കിസ്ഥാൻ യുദ്ധം ചെയ്യുമെന്ന് നമ്മൾ ആശങ്കപ്പെടുന്നത്.
ഇറാനും സൗദിയും തമ്മിലുള്ള യുദ്ധത്തിലോ ഇറാനും ഹൂതികളും തമ്മിലുള്ള യുദ്ധത്തിലോ എന്തു കരാറുണ്ടാക്കിയാലും പാക്കിസ്ഥാന് ഇടപെടാൻ കഴിയില്ല എന്നർഥം. അഥവാ യുദ്ധം ചെയ്താൽ പിന്നെയത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമായിത്തീരും. അതായത് ഗൾഫ് ആക്രമണത്തോടൊപ്പം പാക്കിസ്ഥാനെയും ആക്രമിക്കുമെന്നു സാരം. ഹൂതികളുടെ ആക്രമണവും പാക്കിസ്ഥാൻ നേരിടേണ്ടിവരും. അവരെ രക്ഷിക്കാൻ സൗദിക്കോ തുർക്കിക്കോ സാധിക്കില്ല.
ഇത്തരം അർഥശൂന്യമായ കരാറുകൾകൊണ്ടു നമുക്കു ഭയപ്പെടാൻ ഒന്നുമില്ല. ആരുമായി എന്തു കരാറുണ്ടാക്കിയാലും രാജ്യസുരക്ഷ പ്രധാനമായും സ്വന്തം നിലയ്ക്കുതന്നെ വേണ്ടിവരും. നാറ്റോ കരാറുകൊണ്ട് അമേരിക്കയ്ക്ക് എന്തു ഗുണമുണ്ടായി? യുക്രെയ്ൻ-റഷ്യൻ യുദ്ധത്തിലും നമ്മളതു കാണുന്നു. ചങ്ങാത്തവും കരാറുമൊക്കെയുണ്ടെങ്കിലും യുക്രെയ്നിനെ സഹായിക്കാൻ അമേരിക്കയ്ക്കോ റഷ്യയെ സഹായിക്കാൻ ചൈനയ്ക്കോ സാധിക്കുന്നില്ല. ഇറാൻ-അമേരിക്ക യുദ്ധം ഇപ്പോൾ അവരുടെ മാത്രം വിജയമോ പരാജയമോ ആയി മാറിയത് അങ്ങനെയാണ്.
അതിനാൽ ഇത്തരം കരാറുകളെ ശ്രദ്ധിക്കാതെ നമ്മൾ നമ്മുടെ സൈനിക ബലം വർധിപ്പിക്കാനുതകുന്ന കാര്യങ്ങളുമായി സാധാരണഗതിയിൽ മുന്നോട്ടുപോയാൽ മാത്രം മതിയാകും.
International
സനാ: സൗദിയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. ഷറൂറാ പ്രവശ്യയിലെ ഒരു സൈനിക കേന്ദ്രത്തിനു നേർക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തതായി ഹൂതി വസ്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരീ അറിയിച്ചു.
ഷറൂറായിൽ സൈറൺ മുഴങ്ങിയെങ്കിലും ആളപായമോ നാശമോ ഉണ്ടായില്ലെന്നാണ് സൗദി വൃത്തങ്ങൾ പ്രതികരിച്ചത്. അതേസമയം യമൻ അതിർത്തിയോടു ചേർന്ന തവാൽ പ്രദേശത്ത് ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു; ഒരു മോസ്കിനും കുറച്ചു കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.
ബാബ് അൽ മൻഡെപിനോടു ചേർന്ന യെമൻ തീരപ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് സൗദിക്കു നേർക്ക് ആക്രമണങ്ങളുണ്ടായത്. സൗദിയും യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ബോംബിടുന്നുണ്ട്. 48 മണിക്കൂറിനിടെ 129 ആക്രമണങ്ങളുണ്ടായി എന്നാണ് ഹൂതികൾ അറിയിച്ചത്.
ഇതിനിടെ, ഹൂതികളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യെമനിലെ ഔദ്യോഗിക ഭരണകൂട സേന നീക്കം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
International
ഇസ്ലാമാബാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ വിഷമവൃത്തത്തിലായി പാക്കിസ്ഥാൻ. സൈനിക ഉടന്പടി പ്രകാരമുള്ള ബാധ്യത നിറവേറ്റാൻ സൗദിക്കുവേണ്ടി പാക്കിസ്ഥാൻ ഹൂതികൾക്കെതിരേ യുദ്ധത്തിന് ഇറങ്ങേണ്ടിവരും. അതോടൊപ്പം തന്നെ അമേരിക്കയ്ക്കുവേണ്ടി ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തുകയും വേണം.
യുദ്ധമുണ്ടായതു മുതൽ ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക പ്രധാനമായി ആശ്രയിക്കുന്നത് പാക്കിസ്ഥാനെയാണ്. ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഏക ചർച്ചയുടെ വേദിയും പാക് തലസ്ഥാനമായ ഇസ്ലാമാബാദായിരുന്നു.
പാക്കിസ്ഥാനും തുർക്കിയും സൗദിയും ചേർന്നുണ്ടാക്കിയ മെക്ക സൈനിക ഉടന്പടിയുടെ സാധുത പരീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഹൂതികൾ സൗദിക്കു നേരെ നടത്തുന്ന ആക്രമണം. കരാർ പ്രകാരം സൗദിയെ സഹായിക്കാൻ യുദ്ധത്തിനിറങ്ങേണ്ട ബാധ്യത പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനും പശ്ചിമേഷ്യാ സംഘർഷത്തിന്റെ ഭാഗമാകുന്ന സ്ഥിതിവിശേഷമാണ് ഇതോടെയുണ്ടാവുക.
ഹൂതികളെ അടക്കിനിർത്തണമെന്ന സന്ദേശം പാക് നേതൃത്വം ഇറാനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കേണ്ടതിനാൽ ഹൂതികളെ ആക്രമിച്ച് ഇറാനെ ശത്രുവാക്കാൻ പാക്കിസ്ഥാനു താത്പര്യമില്ലെന്നാണ് സൂചന.
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാക്കിസ്ഥാൻ സന്പന്ന ഗൾഫ് രാജ്യങ്ങളുമായി സൈനിക കരാറുകളുണ്ടാക്കുന്നത്. അണ്വായുധം കൈവശമുള്ള ഏക ഇസ്ലാമിക രാജ്യമെന്ന ആനുകൂല്യം ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ട്.
International
സനാ: പശ്ചിമേഷ്യാ സംഘർഷം സങ്കീർണമാക്കിക്കൊണ്ട് സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽപ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ മാബ് അൽ മൻഡെപിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേന പിൻവാങ്ങിയെന്നാണ് സൂചന.
ബാബ് അൽ മൻഡെപിന്റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതോടെ സൗദിയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കാം. അറേബ്യൻ പ്രദേശത്തിന്റെ മറുവശത്ത് എണ്ണടാങ്കറുകളുടെ പ്രധാന പാതയായ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്ത അടച്ചിരുന്നു. ഇതേത്തുടർന്ന് ചെങ്കടൽവഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.
ബാബ് അൽ മന്ഡെപിനെ രണ്ടായി വിഭജിക്കുന്ന പെരിം ദ്വീപ് പിടിച്ചെടുത്തതിനു പിന്നാലെ സൗദി കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടേത് അല്ലാത്ത വാണിജ്യ കപ്പലുകൾക്കു യാത്രാ തടസം ഉണ്ടാവില്ലെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനു സമീപം പുക ദൃശ്യമാകുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. സൗദി ഗൾഫ് മേഖലയിൽനിന്ന് ചെങ്കടൽ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പാണിത്. ഹൂതികളുടെ ആക്രണം നേരിട്ടതു മൂലമാകാം പുക ദൃശ്യമായത്. എന്നാൽ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിട്ടില്ല.
യെമനിലെ വിമത വിമത വിഭാഗമായ ഹൂതികൾ അടുത്ത ദിവസങ്ങളിലാണ് ചെങ്കടൽ പ്രദേശത്ത് മുന്നേറ്റം ശക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28ന് ഹൂതികൾ യുദ്ധത്തിൽ പങ്കാളികളായിരുന്നു. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സജീവമായി. സൗദി സേന യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. ബാബ് അൽ മൻഡെപിനോടു ചേർന്നുള്ള മോച്ച തുറമുഖ നഗരം ഹൂതികൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികളെ അക്രമിക്കണം എന്നഭ്യർഥിച്ചുവെന്നും എന്നാൽ ട്രംപ് ഇത് നിരാകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, എണ്ണവില നൂറു ഡോളറിനു മുകളിൽ തുടരുകയും ചെയ്യുന്നുണ്ട്.
International
റിയാദ്: യെമനിലെ ഹൂതി വിമതരെ നേരിടാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് സഹായം ചോദിച്ച് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. എന്നാൽ ട്രംപ് സഹായിക്കാൻ തയാറായില്ല. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ യെമൻ തീരത്ത് മുന്നേറ്റം തുടർന്ന വ്യാഴാഴ്ച മുഹമ്മദ് ബിൻ സൽമാൻ രണ്ടു തവണ ട്രംപിനെ ഫോണിൽ വിളിച്ചുവത്രേ. ഹൂതികൾക്കെതിരേ അമേരിക്ക ആക്രമണം നടത്തണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചു.
ഹൂതികൾക്കെതിരേ ഇപ്പോൾ നേരിട്ടു സൈനിക നടപടിക്ക് അമേരിക്കയ്ക്കു താത്പര്യമില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽത്തീരത്തെ പുതിയ സംഭവവികാസങ്ങൾ ട്രംപ് ഭരണകൂടത്തെ ഉത്കണ്ഠയിലാക്കുന്നുണ്ട്. സൗദിക്കു സഹായം നല്കാൻ അമേരിക്ക തയാറാണെങ്കിലും ഹൂതികളെ നേരിട്ട് ആക്രമിക്കാൻ മടിയാണ്.
അമേരിക്കൻ സേനയിലെ പശ്ചിമേഷ്യാ പ്രദേശത്തിന്റെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദിയിലെത്തി ഉന്നത വൃത്തങ്ങളുമായി ചർച്ച നടത്തി.
ഇറാനെതിരായ സൈനിക നടപടിക്കും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കുമാണ് അമേരിക്ക ഇപ്പോൾ മുൻഗണന നല്കുന്നതെന്ന് യുഎസ് വൃത്തങ്ങൾ സൗദി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.
International
റിയാദ്: സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാല ആക്രമിച്ചതായി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം.
ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു. അതേസമയം, തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.
സൗദി സർക്കാരിന്റെ അരാംകോ കന്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോൺ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായി സുന്നി വിശ്വാസത്തിന്റെ കേന്ദമായ സൗദിയിലേക്കും ഇതര ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്താണ് തിരിച്ചടിക്കാറ്. ഷിയാ വിശ്വാസികളായ ഹൂതികൾ ഇറാനു പിന്തുണയുമായി സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഹൂതികൾ ആക്രമണം നടത്താറുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും വെള്ളിയാഴ്ച സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സംയുക്തമായി പ്രതിരോധിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതുമൂലം ‘സുന്നി നാറ്റോ കരാർ’ എന്നും ഇതിനെ വിളിക്കുന്നുണ.
കരാറിനെ ഇറാൻ വിമർശിച്ചിരുന്നു. കരാർ പ്രകാരം പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സംരക്ഷണത്തിനെത്തി ഹൂതികളെ നേരിടുമോ എന്നാണ് ഇനിയറിയേണ്ടത്. പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയായിരിക്കുമത്.
International
റിയാദ്: യുഎസ്-ഇറാൻ സംഘർഷത്തിനു താത്കാലിക ഇടവേള. അതേസമയംതന്നെ സൗദിയും ഇറാന്റെ പിന്തുണയുള്ള ഹൂതികളും ഏറ്റുമുട്ടി.
വെള്ളിയാഴ്ച യെമനിലെ ഹൊദെയ്ദ തുറമുഖവും അതിനടുത്ത കമാരാൻ ദ്വീപും ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിനു പിന്നാലെ സൗദിയിലെ യാൻബുവിലേക്കും ജിസാനിലേക്കും ഹൂതികൾ മിസൈൽ തൊടുത്തു.
യാൻബുവിലെ സൗദി എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ വെടിച്ചിട്ടുവെന്നാണു റിപ്പോർട്ട്. അതേസമയം, ജിസാൻ നഗരത്തിൽ മിസൈലാക്രമണത്തെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായെന്നു ഹൂതി വൃത്തങ്ങൾ അവകാശപ്പെട്ടു.
ഹൂതികൾ ചെങ്കടലിൽ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിലൂടെ വന്ന സൗദി എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു.
ഇതിനിടെ, വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും യുഎസ് -ഇറാൻ ഏറ്റുമുട്ടലുണ്ടായില്ല. 13 ദിവസത്തിനു ശേഷമാണ് ഇരു വിഭാഗവും ആക്രമണത്തിൽനിന്നു വിട്ടുനിന്നത്. ഇതിനു മുന്പുള്ള ദിവസങ്ങളിൽ ഇറാനിൽ അമേരിക്ക ബോംബിടുന്നതും മറുപടിയായി ഇറാൻ അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുന്നതും പതിവായിരുന്നു.
ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഒമാനിൽനിന്നുള്ള പ്രതിനിധി സംഘം ഇന്നലെ ഇറാനിലെത്തി. അമേരിക്കയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്.
ഇറാൻ വിഷയത്തിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. ഇറാനുമേൽ കൂടുതൽ ആക്രമണം നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഹോർമുസ് വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും അടുത്തയാഴ്ച ലണ്ടനിൽ ഉച്ചകോടി നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
കപ്പലിനു നേർക്ക് യുഎസ് വെടി
റിയാദ്: ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച വാണിജ്യകപ്പലിനു നേർക്ക് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
ഒമാൻ ഉൾക്കടലിൽ നാലു തവണ ഉപരോധം മറികടക്കാൻ ശ്രമിച്ച എം.വി. ലാവിൻ എന്ന കപ്പലിനു നേർക്ക് വെടിയുതിർക്കേണ്ടിവന്നു. അമേരിക്കൻ സേന നല്കിയ നിർദേശം കപ്പൽ ജീവനക്കാർ അനുസരിക്കാൻ തയാറായില്ല. തുടർന്ന് കപ്പലിന്റ എൻജിൻ റൂമിലേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ കപ്പൽ പ്രവർത്തനരഹിതമായി.
National
തെലങ്കാന: പലായനം ചെയ്ത സൗഹൃദത്തെ തേടി 35 വർഷത്തിന് ശേഷം ഒരു മലയാളി നടത്തിയ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1991-ൽ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് സുഹൃത്തായ എഡ്ല ലാച്ചന്നയിൽ നിന്ന് കടം വാങ്ങിയ 120 സൗദി റിയാൽ (അന്ന് ഏകദേശം 1000 രൂപ) തിരികെ നൽകാനായിരുന്നു ഇസ്മായിൽ എന്ന പ്രവാസി മലയാളി തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ധർമപുരിയിലേക്ക് യാത്ര തിരിച്ചത്.
സൗദിയിലെ അബ്കായിക്കിൽ ഒരുമിച്ച് താമസിച്ചിരുന്നവരാണ് ഇസ്മായിലും തെലങ്കാന സ്വദേശിയായ ലാച്ചന്നയും. അക്കാലത്ത് ഇസ്മായിൽ ലാച്ചന്നയിൽ നിന്ന് 120 റിയാൽ കടം വാങ്ങിയിരുന്നു. എന്നാൽ പിന്നീട് ലാച്ചന്ന നാട്ടിലേക്ക് മടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞു. ഫോൺ നമ്പറോ വിലാസമോ ഇല്ലാതിരുന്നിട്ടും ആ പഴയ വാക്ക് പാലിക്കാൻ ഇസ്മായിൽ തീരുമാനിക്കുകയായിരുന്നു.
ലാച്ചന്ന ധർമപുരി സ്വദേശിയാണെന്ന ഓർമ മാത്രമായിരുന്നു ഇസ്മായിലിന്റെ കൈവശമുണ്ടായിരുന്നത്. ഈ ചെറിയ സൂചന വച്ച് ഓൺലൈൻ തെരച്ചിൽ നടത്തിയും നാട്ടുകാരോട് ചോദിച്ചറിഞ്ഞും ഒടുവിൽ അദ്ദേഹം ലാച്ചന്നയുടെ വസതി കണ്ടെത്തി. ഇസ്മായിൽ ലാച്ചന്നയുടെ കുടുംബത്തെ കണ്ട് താൻ കടം വാങ്ങിയ തുകയായ 25,000 രൂപ കൈമാറി. അപ്പോൾ ഗൾഫിലായിരുന്ന ലാച്ചന്നയുമായി അദ്ദേഹം വാട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിച്ചു.
ഇത്രയും വർഷങ്ങൾക്ക് ശേഷം ഇസ്മായിൽ കാണിച്ച സത്യസന്ധത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലാച്ചന്ന പറഞ്ഞു. പണം തിരികെ ലഭിച്ചതിലുപരി ഇസ്മായിലിന്റെ നിഷ്കളങ്കമായ സൗഹൃദവും സത്യസന്ധതയുമാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Sports
മയാമി: 2022 ഖത്തര് ലോകകപ്പിലെ ആദ്യമത്സരത്തില് അര്ജന്റീനയെ 1-2നു ഞെട്ടിച്ചതിന്റെ സ്മരണയില് ഇറങ്ങിയ സൗദി അറേബ്യക്ക്, മറ്റൊരു വമ്പന് ജയം നഷ്ടമായി. ഗ്രൂപ്പ് എച്ചില് അരങ്ങേറിയ പോരാട്ടത്തില് സൗദി അറേബ്യയും ഉറുഗ്വെയും 1-1 സമനിലയില് പിരിഞ്ഞു.
41-ാം മിനിറ്റില് അബ്ദുള് അല് അമറിയിലൂടെ സൗദി ലീഡ് നേടി. സൗദിക്ക് ജയത്തിലേക്ക് 10 മിനിറ്റിന്റെ അകലം മാത്രമുള്ളപ്പോള് ഉറുഗ്വെയുടെ മാക്സി അരൗജൊ സമനില ഗോള് സ്വന്തമാക്കി.
തുടക്കം മുതല് ഉറുഗ്വെയുടെ ആക്രമണമായിരുന്നു. 30-ാം മിനിറ്റില് ഫെഡെറിക്കോ വിന്നാസിന്റെ ഹെഡര് സൗദി അറേബ്യന് ഗോള് കീപ്പര് മുഹമ്മദ് അല് ഉവൈസ് പണിപ്പെട്ടാണ് രക്ഷിച്ചത്. ഗ്രൂപ്പില് ആദ്യറൗണ്ട് പൂര്ത്തിയായപ്പോള് ഉറുഗ്വെ, സൗദി അറേബ്യ, സ്പെയിന്, കേപ് വെര്ദെ ടീമുകള് ഒരു പോയിന്റ് വീതം സ്വന്തമാക്കി.
Sports
റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോള് 2025-26 സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം അല് നസര് എഫ്സിയുടെ ജോവോ ഫീലിക്സിന്.
സഹതാരവും, പോര്ച്ചുഗല് സൂപ്പര് സ്റ്റാറുമായ ക്രിസ്റ്റ്യാനോ റൊണാള്ഡോയെ പിന്തള്ളിയാണ് ഫീലിക്സ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. സീസണില് ജോവോ ഫീലിക്സ് 20 ഗോള് നേടുകയും 13 എണ്ണത്തിന് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു.
സീസണില് ഏറ്റവും കൂടുതല് അസിസ്റ്റ് നടത്തിയത് പോര്ച്ചുഗലുകാരനായ ഫീലിക്സാണ്. ഇംഗ്ലീഷ് ക്ലബ് ചെല്സിയില്നിന്ന് എത്തിയ ഫീലിക്സിന്റെ ആദ്യ സീസണ് ആയിരുന്നു ഇത്തവണത്തേത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വഴി നൽകിവന്നിരുന്ന സൗദി ട്രാൻസിറ്റ് വീസ നടപടികൾ സുഗമമാക്കൽ സേവനം (Transit Visa Facilitation) താത്കാലികമായി അടിയന്തിര പ്രാബല്യത്തോടെ നിർത്തിവച്ചതായി എംബസി അറിയിച്ചു.
ഏപ്രിൽ 15 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായാണ് എംബസി അറിയിച്ചത്. സൗദി അറേബ്യയിൽ ഹജ്ജ് സീസൺ ആരംഭിക്കുന്നത് മുൻ നിർത്തിയാണ് ഈ മാറ്റം. ഇതനുസരിച്ച്, ഇന്ത്യൻ എംബസി മുഖേനയുള്ള ട്രാൻസിറ്റ് വീസ സേവനങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ലഭ്യമാകില്ല.
സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇനി മുതൽ അതത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് എംബസി നിർദേശിച്ചു.
യാത്ര തുടങ്ങുന്നതിന് മുൻപ് പുതുക്കിയ ഇമിഗ്രേഷൻ ചട്ടങ്ങൾ, ട്രാൻസിറ്റ് നടപടിക്രമങ്ങൾ, വീസയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് ബോധ്യപ്പെടേണ്ടതാണ്.
ഹജ്ജ് സീസണിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്ന് ഇസ്ലാമാബാദിൽ യോഗം ചേരും. മേഖലയിലെ സംഘർഷം കുറയ്ക്കാനും യുദ്ധം പടരാതിരിക്കാനുമുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് മന്ത്രിമാർ ചർച്ച നടത്തും.
ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റിയും തുർക്കിയുടെ ഹക്കാൻ ഫിദാനും ശനിയാഴ്ച രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തിയിരുന്നു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഞായറാഴ്ച ഉച്ചയോടെയെത്തി.
പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചർച്ചയുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
International
റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണശുദ്ധീകരണശാല അടച്ചു. റാസ് തനുര റിഫൈനറിക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടിയത്.
സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കപ്പലുകൾ ഇതുവഴി പോകുന്നില്ല.
NRI
മക്ക: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സൗദിവെസ്റ്റ് നാഷണൽ "പ്രവാസി സാഹിത്യോത്സവ്' വെള്ളിയാഴ്ച മക്കയിൽ അരങ്ങേറുന്നു. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ തുടങ്ങിയ വൻകരകളിലെ 26-ഓളം രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവുകൾ നടക്കുന്നുണ്ട്.
ഫാമിലി സാഹിത്യോത്സവുകളിൽ തുടങ്ങി, യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ മത്സരിച്ചു വിജയിച്ച പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരയ്ക്കുന്നത്. സൗദി വെസ്റ്റിലെ ജിസാൻ, അസീർ, അൽബഹ, തായിഫ്, മക്ക, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മദീന, റാബിഖ്, യാമ്പു, തബൂക്ക് തുടങ്ങി 11 സോണുകളിൽ നിന്നായി 300 പ്രതിഭകളും വിവിധ സോണുകളിലെ ക്യാമ്പസ് തല മത്സര വിജയികളും അതത് സോണുകളെ പ്രതിനിധീകരിച്ചു മത്സരരംഗത്തുണ്ടാകും.
പാരമ്പര്യ കലകളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിക്കുന്ന വേദിയാണ് സാഹിത്യോത്സവിന്റേത്. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, ലെറ്റർ ടു ദി എഡിറ്റർ, പ്രബന്ധ രചന എന്നിവയും സർഗാത്മകതയുടെ പുതിയ തലങ്ങൾ തേടുന്ന സോഷ്യൽ ട്വീറ്റ്, അറബിക് കാലിഗ്രാഫി, കൊളാഷ്, സ്പോട്ട് മാഗസിൻ, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 80 ഇനങ്ങൾ മത്സരങ്ങളുടെ മാറ്റുകൂട്ടും.
ജൂണിയർ, സെക്കന്ററി, സീനിയർ, ജനറൽ തുടങ്ങിയ 14 കാറ്റഗറികളിലായി 12 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടക്കുക. സാഹിത്യോത്സവിന്റെ ഭാഗമായി വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം നടക്കും.
സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവ് സംസാരിക്കും. സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന "സ്നേഹോത്സഹവും' പ്രവാസത്തിന്റെ ജോലിത്തിരക്കുകൾക്കിടയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാവാൻ കഴിയാത്തവർക്കായി "കലോത്സാഹവും' സ്ത്രീകൾക്ക് തങ്ങളുടെ സർഗാത്മക കഴിവുകൾ പങ്കുവയ്ക്കാനായി "ഒരിടത്ത്' എന്ന സാഹിത്യ സംഗമവും സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു.
സാഹിത്യോത്സവിന്റെ നഗരിയിൽ പ്രത്യേകം സജമാക്കിയ സാംസ്കാരിക കോർണറിൽ സാഹിത്യ സംസാരങ്ങൾ നടക്കും. പ്രശസ്ത എഴുത്തുകാരായ മുഹമ്മദലി പുത്തൂർ, ലുക്മാൻ വിളത്തൂർ, ജാബിറലി പത്തനാപുരം തുടങ്ങിയവർ സംസാരിക്കും.
ഷാഫി ബഖവി (സംഘാടക സമിതി ചെയർമാൻ), ജമാൽ കക്കാട് (സംഘാടക സമിതി എക്സിക്യൂട്ടീവ് കൺവീനർ), മൻസൂർ ചുണ്ടമ്പറ്റ (സെക്രട്ടറി - ആർഎസ്സി ഗ്ലോബൽ), ഉമൈർ വയനാട് (ജനറൽ സെക്രട്ടറി - ആർഎസ്സി സൗദി വെസ്റ്റ് നാഷണൽ), ഷബീറലി തങ്ങൾ (സെക്രട്ടറി - ആർഎസ്സി സൗദി വെസ്റ്റ് നാഷണൽ), റഫീഖ് കൂട്ടായി (സെക്രട്ടറി - ആർഎസ്സി സൗദി വെസ്റ്റ് നാഷണൽ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
International
ന്യൂഡൽഹി: ഇന്ത്യക്കാരുൾപ്പടെ മരിച്ച മദീന അപകടത്തിൽ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിക്കും.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. സഘം സൗദിയിൽ ബുധനാഴ്ചയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
"മൃതദേഹങ്ങൾ തിരിച്ചറിയൽ വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് വാഹനം മിനിറ്റുകൾക്കുള്ളിൽ പൂർണമായി തകർന്നു. 45പേരാണ് അപകടത്തിൽ മരിച്ചത്.
International
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന് പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കു കിഴക്ക് അറേബ്യന് ഗൾഫ് കടലില് ഭൂചലനം രേഖപ്പെടുത്തി.
ഞായർ 12. 27ന് ശേഷം ഖഫ്ജിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
റിക്ടർ സ്കെയിലിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തിയത്.
International
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ ഇദ്ദേഹം കോമയിൽ കിടന്നത്.
2005ൽ യുകെയിലെ സൈനിക കോളജിൽ പഠിക്കവെയുണ്ടായ കാറപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്നാണ് അദ്ദേഹം കോമയിലായത്. അപകടം നടക്കുന്പോൾ അദ്ദേഹത്തിന് 15 വയസായിരുന്നു. അപകടത്തിനുശേഷം ഒരിക്കൽപ്പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടത്.
റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്. ട്യൂബ് വഴിയാണു ഭക്ഷണം നൽകിവന്നിരുന്നത്. 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്.
പിതൃസ്നേഹത്തിന്റെ ആഴം:
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻരക്ഷാ സംവിധാനങ്ങൾ മാറ്റി മകനെ മരണത്തിന് വിട്ടുകൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാ ചികിത്സയും നൽകി ദൈവം വിളിക്കുമ്പോൾ മകൻ പോകട്ടെയെന്നു നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹപരിചരണത്താൽ രാജകുമാരൻ എപ്പോഴും സുന്ദരനായാണു കാണപ്പെട്ടത്.
20 വർഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്ഥനയും തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്.
കോടീശ്വരനായ ഖാലിദ് ബിൻ തലാൽ അൽ സഈദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മൂത്ത മകനാണ് അൽ വലീദ്. ലോകത്തു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്. ഇതിനായി അമേരിക്കയിൽനിന്നും സ്പെയിനിൽനിന്നുമൊക്കെ വിദഗ്ധ ഡോക്ടർമാരെ എത്തിച്ചു. പ്രാർഥനകളും പിന്തുണയുമായി നിരവധി സന്ദർശകരാണ് റിയാദിലെ ആശുപത്രിയിൽ അൽവലീദ് രാജകുമാരനെ സന്ദർശിച്ചിരുന്നത്.
രാജകുമാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കു വാർത്തകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിനു സ്ഥിരീകരണമുണ്ടായിരുന്നില്ല. എല്ലാ ദിവസവും മകനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്ന പിതാവ് ഖാലിദ് ബിൻ തലാൽ, മകന്റെ വിവിധ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. മകൻ മരിച്ച വിവരം അദ്ദേഹം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറംലോകത്തെ അറിയിച്ചതും.