Sports
ലക്നോ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
ലക്നോ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ശ്രേയസ് 101 റൺസാണെടുത്തത്. 51 പന്തിൽ 11 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. 39 പന്തിൽ നിന്ന് 69 റൺസാണ് പ്രഭ്സിമ്രാൻ എടുത്തത്. ഏഴ് ബൗണ്ടറികളും രണ്ട് സിക്സും ഉണ്ടായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിംഗ്സിൽ.
ലക്നോവിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും അർജുൻ തെണ്ടുൽക്കർ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്.
ജോഷ് ഇംഗ്ലിസിന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെയും ആയുഷ് ബദോനിയുടെയും അബ്ദുൾ സമദിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് ലക്നോ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലിസ് 72 റൺസും ബദോനി 43 റൺസും അബ്ദുൾ സമദ് 37 റൺസുമാണെടുത്തത്.
പഞ്ചാബിന് വേണ്ടി മാർക്കോ യാൻസനും യുഷ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം എടുത്തു. അസമത്തുള്ള ഒമർസായും ശശാങ്ക് സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 15 പോയിന്റുമായി പഞ്ചാബ് പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങൾ അവസാനിപ്പിച്ചു. നിലവിൽ ലീഗ് ടേബിളിൽ നാലാമതുണ്ടെങ്കിലും ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടാൽ മാത്രമെ പഞ്ചാബിന് പ്ലേഓഫിൽ എത്താൻ സാധിക്കു. രാജസ്ഥാൻ വിജയിച്ചാൽ 16 പോയിന്റുമായി അവർ പ്ലേഓഫിലേയ്ക്ക് മുന്നേറും. 13 പോയിന്റുള്ള കോൽക്കത്തയ്ക്കും നേരിയ സാധ്യതയുണ്ട്.
18 പോയിന്റ് വീതമുള്ള ബംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് എന്നീ ടീമുകൾ നേരത്തെ തന്നെ പ്ലേഓഫിലെത്തിയിട്ടുണ്ട്.
Sports
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി ലഭിച്ചപ്പോള്‍ മുതല്‍ മികച്ച നേതൃപാടവത്തിലൂടെ ടീമുകളെ മുന്നോട്ടുനയിച്ച ശ്രേയസ് അയ്യറിനെ ഇന്ത്യന്‍ ടീമിന്റെ അടുത്ത നായകനാക്കാന്‍ നീക്കം നടത്തുന്നതായി സൂചന.
ഇന്ത്യന്‍ പുരുഷ വൈറ്റ്ബോള്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് ഒരു ക്യാപ്റ്റന്‍ എന്ന നിര്‍ദേശവും ബിസിസിഐക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ശ്രേയസ് അയ്യര്‍ എത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്ത്യന്‍ വൈറ്റ്ബോള്‍ ക്രിക്കറ്റിന് ഒരു ക്യാപ്റ്റന്‍ എന്ന നീക്കം ശുഭ്മാന്‍ ഗില്ലിലൂടെ ബിസിസിഐ നടത്തിയെങ്കിലും അതു പരാജയപ്പെട്ടിരുന്നു. ഗില്ലിന്റെ ഫോമില്ലായ്മ അദ്ദേഹത്തെ ടീമില്‍നിന്നുതന്നെ പുറത്താക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതമാക്കി. നിലവില്‍ ഇന്ത്യയുടെ ട്വന്റി-20 ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ ശുഭ്മാന്‍ ഗില്ലുമാണ് നയിക്കുന്നത്. ടെസ്റ്റ് ടീം ക്യാപ്റ്റനും ഗില്ലാണ്.
സൂര്യയുടെ മോശം ഫോം
ട്വന്റി-20 ബാറ്റര്‍മാരില്‍ ഒരിക്കല്‍ ഒന്നാം സ്ഥാനത്തായിരുന്ന സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ക്യാപ്റ്റന്‍സിയില്‍ മാറ്റംവരുത്താന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഐസിസി 2026 ട്വന്റി-20 ലോകകപ്പ്, 2025 ഏഷ്യ കപ്പ് തുടങ്ങിയ ട്രോഫികളില്‍ ഇന്ത്യയെ എത്തിച്ച ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍, ഈ രണ്ട് ടൂര്‍ണമെന്റിലുമായി ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. അതാകട്ടെ, ലോകകപ്പില്‍ മുംബൈ വാങ്കഡെയില്വച്ച് അമേരിക്കയ്ക്ക് എതിരേ 49 പന്തില്‍ നേടിയ 84 നോട്ടൗട്ട്. ഐപിഎല്‍ 2026 സീസണിലും സൂര്യകുമാറിന്റെ മോശം ഫോമില്‍ മാറ്റമില്ല. 19-ാം സീസണ് ഐപിഎല്ലില്‍ ഡല്‍ഹിക്ക് എതിരേ നേടിയ 51 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. ഈ സീസണില്‍ സൂര്യകുമാര്‍ 40നു മുകളില്‍ സ്കോര്‍ ചെയ്ത ഏക ഇന്നിംഗ്സും അതായിരുന്നു.
അടുത്ത സീസണ് ശ്രേയസ്
2026 ട്വന്റി-20 ലോകകപ്പിനുശേഷമുള്ള, അടുത്ത സീസണിലേക്ക് ശ്രേയസ് അയ്യറിനെ ക്യാപ്റ്റനാക്കാനാണ് അജിത് അഗാര്‍ക്കര്‍ നയിക്കുന്ന ബിസിസിഐ സെലക്ഷന് പാനലിന്റെ നീക്കം. ഐപിഎല്ലില്‍ ക്യാപ്റ്റനായപ്പോള്‍ മുതല്‍ ശ്രേയസ് അയ്യര്‍ മികച്ച ട്രാക്ക് റിക്കാര്‍ഡാണ് കെട്ടിപ്പടുത്തത്. 2019ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍സിയില്‍. ആ സീസണില്‍ ടീം പ്ലേ ഓഫില്‍. 2020 സീസണില്‍ ഡല്‍ഹിയെ ഫൈനലില്‍ എത്തിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി കളിച്ച ഏക ഫൈനല്‍. പരിക്കിനെത്തുടര്‍ന്ന് പിന്നീട് ഡല്‍ഹിക്കു പുറത്ത്. 2022 ലേലത്തില്‍ 12.25 കോടി രൂപയ്ക്ക് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍.
ടീം പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്ത്. 2023 സീസണില്‍ പരിക്കിനെത്തുടര്‍ന്ന് നഷ്ടമായി. എന്നാല്‍, 2024 സീസണില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ചു. തുടര്‍ന്ന് 2025 ലേലത്തില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സിലേക്ക്. അവിടെയും ക്യാപ്റ്റന്‍സി. ടീമിനെ ഫൈനലില്‍ എത്തിച്ചു. 2014നുശേഷം പഞ്ചാബ് ടീം ഫൈനലില്‍ കളിച്ചത് അന്നാദ്യം. 2026 സീസണില്‍ പഞ്ചാബിനെ ആദ്യ ഏഴ് മത്സരങ്ങളിലും തോല്‍വി അറിയാതെ നയിച്ചു.
ഈ ട്രാക്ക് റിക്കാര്‍ഡിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അടുത്ത വൈറ്റ്ബോള്‍ ക്യാപ്റ്റനായി ശ്രേയസ് അയ്യറിനെ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് സൂചന.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനം
ഇന്ത്യയുടെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ട്വന്റി-20 ടീം ക്യാപ്റ്റന്‍സി ശ്രേയസ് അയ്യറിനെ ഏല്‍പ്പിക്കാനാണ് സാധ്യത.
2028 ട്വന്റി-20 ലോകകപ്പ്, ഒളിമ്പിക്സ് മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ബിസിസിഐ നടത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ 76.92 ആണ് ഇന്ത്യയുടെ വിജയശതമാനം. വൈഭവ് സൂര്യവംശി അടക്കമുള്ള പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും ഇന്ത്യ അടുത്ത സൈക്കിളിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുക എന്നാണ് വിവരം.
Sports
മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനാണ് ആലോചിക്കുന്നത്.
മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൂർണമായും യുവനിരയെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. കൗമാര താരം വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
രോഹിത് ശർമ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ടീം തോറ്റിട്ടില്ല. അതേസമയം താരത്തിന്റെ നിലവിലെ ഫോമിൽ ബിസിസിഐയ്ക്ക് ആശങ്കയുണ്ട്.
ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎല്ലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് പത്തു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. 51 റൺസാണ് സീസണിലെ ഉയർന്ന സ്കോർ.
Sports
ചെന്നൈ: ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പഞ്ചാബ് കിംഗ്സിന് ബിസിസിഐ പിഴ ചുമത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയത്.
ചെന്നൈയുടെ ഇന്നിംഗ്സില്‍ നിശ്ചിത സമയത്ത് പഞ്ചാബ് രണ്ടോവര്‍ കുറച്ചാണ് പന്തെറിഞ്ഞിരുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശ്രേയസിനെ ശിക്ഷിച്ചിരുന്നു.
സീസണിലെ ആദ്യ കുറ്റമായതിനാല്‍ 12 ലക്ഷം രൂപയായിരുന്നു പിഴയായി ചുമത്തിയിരുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവര്‍ത്തിച്ചതോടെ ശ്രേയസിന് പിഴത്തുക ഇരട്ടിയായപ്പോള്‍ മറ്റ് ടീം അംഗങ്ങൾ ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നൽകാനും അച്ചടക്ക സമിതി വിധിച്ചു.
Sports
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരെയും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയേയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല്‍ ഓസ്ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന്‍ ടീമിലെത്തുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് മത്സരങ്ങളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്.
Sports
ജയ്പുർ: വിജയ് ഹസാരെ ട്രോഫിയിൽ നിരാശപ്പെടുത്തി ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ. ട്വൻി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടശേഷം ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനായി കളിക്കാനിറങ്ങിയ ഗിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ 12 പന്തിൽ 11 റണ്‍സെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഗോവ 33.3 ഓവറിൽ 211 റണ്‍സിന് പുറത്തായിരുന്നു. മത്സരത്തിൽ പഞ്ചാബ് ജയിച്ചു.
ഹിമാചൽപ്രദേശിനെതിരേ മുംബൈക്കായി ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യർ വെടിക്കെട്ട് അർധസെഞ്ചുറിയുമായി പരിക്കിൽനിന്ന് മുക്തനായശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി.
കനത്ത മൂടൽമഞ്ഞുമൂലം 33 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഹിമാചലിനെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ 33 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 299 റണ്‍സടിച്ചപ്പോൾ 53 പന്തിൽ 82 റണ്‍സടിച്ചാണ് മുംബൈയുടെ നായകൻ കൂടിയായ ശ്രേസയ് തിളങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ മുംബൈ ഏഴ് റണ്‍സ് ജയം നേടി.
ഇന്ത്യൻ ട്വന്റി20 ടീം നായകനായ സൂര്യകുമാർ യാദവ് 18 പന്തിൽ 24 റണ്‍സെടുത്ത് മടങ്ങി. ദേശീയ ടീമിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരത്തിന് ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്താനായില്ല.
മറ്റ് മത്സരങ്ങളിൽ മണിപ്പുരിനെ ആറ് വിക്കറ്റിന് ബിഹാറും ത്രിപുരയെ 54 റണ്‍സിന് തമിഴ്നാടും രാജസ്ഥാനെ 150 റണ്‍സിന് കർണാടകയും പരാജയപ്പെടുത്തി. മധ്യപ്രദേശിനെതിരേ ജാർഖണ്ഡ് രണ്ട് വിക്കറ്റ് ജയം നേടി.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈയെ ശ്രേയസ് അയ്യർ നയിക്കും.
ക്യാപ്റ്റൻ ഷർദൂൾ ഠാക്കൂർ പരിക്കിനെ തുടർന്ന് പുറത്തായതോടെയാണ് ദേശീയ ടീമിന്റെ വൈസ്ക്യാപ്റ്റൻ കൂടിയായ ശ്രേയസ് മുംബൈയുടെ നായകനാകുന്നത്.
കഴിഞ്ഞ ഓസ്ട്രേലിയൻ പരന്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് ജയ്പൂർ വിദ്യാലയ സ്റ്റേഡിയത്തിൽ കഠിന പരിശീലനം നടത്തി ഫിറ്റ്നസ് വീണ്ടെടുത്തശേഷമാണ് മുംബൈക്കൊപ്പം ചേരുന്നത്.
വിജയ്ഹസാരെ ട്രോഫിക്ക് ശേഷം ന്യൂസിലൻഡിനെതിരായ ഏകദിന ഹോം മത്സരത്തിലാണ് താരം കളിക്കുക.
Sports
2023 ഡിസംബര്‍ കാലഘട്ടം; അന്നൊരുനാളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍നിന്ന് പുറത്താക്കി. ഒന്ന് ശ്രേയസ് അയ്യര്‍, രണ്ട് ഇഷാന് കിഷന്. പുകഞ്ഞ കൊള്ളികള്‍ പുറത്തെന്നായിരുന്നു മാധ്യമങ്ങള്‍ ഹെഡിംഗ് നിരത്തിയത്. കാരണം, ആഭ്യന്തരം കളിക്കാന്‍ ശ്രേയസ് അയ്യറും ഇഷാന് കിഷനും വിസമ്മതിച്ചു.
ഇന്ത്യയുടെ പര്യടനങ്ങളിലെല്ലാം സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടിവന്നതിനാല് ദേശീയ ഡ്യൂട്ടിയോട് വിടപറഞ്ഞതായിരുന്നു ഇഷാന് ചെയ്ത കുറ്റം. അതും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ. ഐപിഎല്ലിലും ആഭ്യന്തരത്തിലും മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 2024ല്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. പടിക്കു പുറത്തുതന്നെയായിരുന്ന ഇഷാന് കിഷനെത്തേടിയും ഒടുവില്‍ ബിസിസിഐയുടെ വിളിയെത്തി. അതാകട്ടെ, 2026 ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിലേക്കുള്ള വിളിയായിരുന്നു.
ആഭ്യന്തരംവഴി തിരിച്ചെത്തി
2025 സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫി ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഇഷാന് കിഷനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇഷാന് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നതെന്നതാണ് ശ്രദ്ധേയം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റനായിരുന്നു ഇടംകൈ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന് കിഷന്. 2026 ലോകകപ്പിനുള്ള ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ഈ 27കാരന്. 2025 മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ 49 പന്തില്‍ 101 റണ്‍സുമായി ടീമിനെ കന്നിക്കിരീടത്തിലെത്തിച്ചത് ഇഷാനായിരുന്നു. ടൂര്‍ണമെന്റില്‍ 197.32 സ്ട്രൈക്ക് റേറ്റില്‍ 571 റണ്‍സുമായി ടോപ് സ്കോററായതും ഇഷാന്തന്നെ.
ശ്രേയസ് അയ്യറിന്റെ തിരിച്ചുവരവും ആഭ്യന്തരത്തിലെ മികവിനു പിന്നാലെയായിരുന്നു. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അടക്കം ശ്രേയസ് അയ്യറിന്റെ മികവ് ഇന്ത്യന്‍ ടീമിനു ഗുണം ചെയ്തു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കരുണ്‍ നായര്‍ മടങ്ങിയെത്തിയതും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍
വൈറ്റ് ബോളില്‍ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ പറ്റിയ ബാറ്ററാണ് ഇഷാന് എന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ വിശദീകരണം. 2023 നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20യിലാണ് ഇഷാന് അവസാനമായി ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. 2025 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ഐപിഎല്ലില്‍ ഇഷാന്റെ കന്നി സെഞ്ചുറിയായിരുന്നു അത്.
ഇന്ത്യക്കായി 32 ട്വന്റി-20യില്നിന്ന് ആറ് അര്‍ധസെഞ്ചുറിയടക്കം 796 റണ്‍സ് നേടി. 123.37 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ട് ടെസ്റ്റും 27 ഏകദിനവും കളിച്ച രാജ്യാന്തര പരിചയവും ഇഷാനു സ്വന്തം.
Sports
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ഓസ്ട്രേലിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രേയസ്.
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിൽ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത് ആരാധകര്‍ക്ക് ആശങ്കയായിരുന്നു. ശ്രേയസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സിഡ്നിയിൽ തുടരുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിമാനയാത്രയ്ക്ക് ഡോക്ടർമാർ അനുമതി നൽകുമ്പോൾ ശ്രേയസ് നാട്ടിലേക്ക് മടങ്ങും. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഓസീസ് താരം അലക്സ് ക്യാരിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിന്റെ പ്ലീഹയില്‍ മുറിവുണ്ടാവുകയും ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് നയിക്കുകയുമായിരുന്നു.
ആന്തരിക രക്തസ്രാവം കൃത്യസമയത്ത് കണ്ടെത്താനായതും അത് നിര്ത്താനയതുമാണ് ശ്രേയസിന്റെ തിരിച്ചുവരവില്‍ നിര്‍ണായകമായത്.