മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനാണ് ആലോചിക്കുന്നത്.
മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൂർണമായും യുവനിരയെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. കൗമാര താരം വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
രോഹിത് ശർമ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ടീം തോറ്റിട്ടില്ല. അതേസമയം താരത്തിന്റെ നിലവിലെ ഫോമിൽ ബിസിസിഐയ്ക്ക് ആശങ്കയുണ്ട്.
ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎല്ലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് പത്തു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. 51 റൺസാണ് സീസണിലെ ഉയർന്ന സ്കോർ.
Tags : Suryakumar Yadav T20 shreyas iyer