District News
കോഴഞ്ചേരി: അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. വിശാലമായ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന ഉത്സാഹം നഷ്ടപ്പെട്ടു. സ്റ്റേഡിയം വീണ്ടും കാടുകയറുമോയെന്ന ആശങ്ക കായിക പ്രേമികൾക്കുണ്ട്.
3.15 ഏക്കര്‍ വിസ്തൃതിയുള്ള സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം 2000 -2002-ലാണ് ആരംഭിച്ചത്. മുന്‍ എംഎല്‍എ രാജു ഏബ്രഹാമിന്റെ ശ്രമഫലമായി സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. രണ്ട് കോര്‍ട്ടുകളും ഗ്രൗണ്ടും ശരിയാക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് തുക അനുവദിച്ചത്.
എന്നാല്‍ രണ്ട് കരാറുകാര്‍ പണി ഏറ്റിരുന്നുവെങ്കിലും പൂര്‍ത്തിയാക്കാതെ പോകുകയായിരുന്നു. തുടര്‍ന്ന് എത്തിയ കരാറുകാരനാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും നിലവിലെ മെംബറുമായ അമ്പിളി പ്രഭാകരന്‍നായര്‍ പറഞ്ഞു.
മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൈലാത്തിന്റെ കാലത്താണ് മുന്‍ രാജ്യസഭാ എംപി ആയിരുന്ന വക്കച്ചന് മറ്റത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപ മുടക്കി സ്റ്റേഡിയത്തിന് ആവശ്യമായ സ്ഥലം വാങ്ങിയത്. 2000- 2002 കാലയളവിലാണ് സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങിയത്. കെ.സി. രാജഗോപാൽ ആറന്മുള എംഎൽഎയായിരുന്ന കാലയളവിൽ സ്റ്റേഡിയത്തിന്റെ തുടക്കകാലത്ത് ആവശ്യമായ ഫണ്ട് ലഭ്യമാക്കി.
ശ്രീജാ വിമല്‍ പ്രസിഡന്റായിരുന്ന കാലത്താണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന റിട്ട. ഐഎഎസ് ഉദ്യാഗസ്ഥന് റ്റി.കെ.എ. നായരുടെ ശ്രമഫലമായി, രാജ്യസഭാ എംപിയായിരുന്ന കസ്തൂരിരംഗന്റെ ആസ്തിഫണ്ടിലെ തുകയും സ്റ്റേഡിയം നവീകരണത്തിനായി ലഭിച്ചിരുന്നു.
ഇടക്കാലത്ത് സ്റ്റേഡിയം കാടുകയറി. കായിക പ്രവർത്തനങ്ങൾക്ക് ഉപയോഗയോഗ്യമല്ലാതായി. 2018ലെ പ്രളയകാലത്ത് ചെളിയും വന്നടിഞ്ഞു. പിന്നീട് നവീകരണ പദ്ധതി തയാറാക്കുകയും ഫണ്ട് ലഭ്യമാകുകയും ചെയ്തതോടെയാണ് ചുറ്റുമതിൽ നിർമിച്ച് ഗേറ്റിട്ട് സ്റ്റേഡിയം സംരക്ഷിക്കൻ പദ്ധതിയുണ്ടായത്.
സംസ്ഥാന സർക്കാർ കായിക വകുപ്പിന്റെ പ്രത്യേക ഫണ്ടുപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ പുനർ നിർമാണം ആരംഭിച്ചത്. 2022 ഏപ്രിൽ 21ന് മന്ത്രി വി. അബ്ദുറഹ് മാനാണ് നിർമാണോദ്ഘാടനം നടത്തിയത്. മൂന്നുവർഷം പിന്നിടുന്പോഴും പദ്ധതി പൂർത്തീകരിക്കാനായിട്ടില്ല.
തുടർ ജോലികളിലാണ് മെല്ലപ്പോക്ക് പ്രകടമായത്. സമീപ പഞ്ചായത്തുകളിലൊന്നും മെച്ചപ്പെട്ട ഒരു സ്റ്റേഡിയം ഇല്ലാത്തതിനാൽ അയിരൂരിലെ കളിക്കളം ഏറെ പ്രയോജനപ്പെടും. സ്കൂളുകൾക്കു പോലും കളിക്കളങ്ങൾ ലഭ്യമല്ലാത്ത കാലഘട്ടത്തിൽ കായികമേളകൾക്കടക്കം അധ്യാപകർ പലപ്പോഴും അലയുകയാണ്. കേരളോത്സവത്തിലെ കായിക മത്സരങ്ങൾക്കും കളിക്കളങ്ങളില്ല.
National
ബംഗളൂരു: ഐപിഎൽ ടിക്കറ്റുകൾ അമിത വിലയ്ക്ക് വിറ്റ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ. സ്റ്റേഡിയത്തിനുള്ളിലെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരൻ ചന്ദ്രശേഖർ ആണ് പിടിയിലായത്.
ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. 180 ലധികം ഐപിഎൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ 15,000 മുതൽ 19,000 രൂപ വരെ വിലയ്ക്ക് വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഏപ്രിൽ 15 ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർസിബി) ലക്നോ സൂപ്പർ ജയന്റ്സും (എൽഎസ്ജി) തമ്മിലുള്ള ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇയാൾ വിറ്റത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ, സ്റ്റേഡിയം പരിസരത്ത് ജോലി ചെയ്തിരുന്ന വ്യക്തികളെ പോലീസ് ചോദ്യം ചെയ്യുകയും ചന്ദ്രശേഖറിൽ അന്വേഷണം എത്തുകയുമായിരുന്നു.
Sports
മെക്സിക്കോ: മെക്സിക്കോ സിറ്റിയിലെ നവീകരിച്ച എസ്റ്റാഡിയോ ബനോർട്ടെ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഒരു മരണം.
ആസ്ടെക്ക സ്റ്റേഡിയം എന്നറിയപ്പെടുന്ന വേദിയിൽ ഫിഫ ലോകകപ്പ് 2026 മെക്സിക്കോയും പോർച്ചുഗലും തമ്മിലുള്ള സന്നാഹ മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു അപകടം.
District News
ചക്കിട്ടപാറ: അഞ്ച് വര്‍ഷത്തിലധികമായി ചെളിക്കുണ്ടായി കിടന്ന ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടഭാഗം യുഡിഎഫ് ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് നന്നാക്കി.
മഴക്കാലമായാല്‍ പ്രവേശന ഭാഗം വെള്ളം കെട്ടി നിന്ന് ചെളിയാകുമായിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നേരത്തെ അധികൃതര്‍ ചെവികൊണ്ടിരുന്നില്ല.
ചക്കിട്ടപാറ പഞ്ചായത്തില്‍ അധികാരമേറ്റ പുതിയഭരണസമിതിയുടെ നേതൃത്വത്തിലാണ് മണ്ണിട്ടു നികത്തി സ്റ്റേഡിയം നന്നാക്കിയത്. ഉപജില്ലാ സ്കൂള്‍ മേളകളും മറ്റു കായിക പരിപാടികളും പഞ്ചായത്തിന്റെ പൊതു പരിപാടികളും സ്റ്റേഡിയത്തില്‍ നടത്തിയിരുന്നു.
കമ്മ്യൂണിറ്റി ഹാളും ഈ കോമ്പൗണ്ടിലാണ്. വനിതാ ഹോട്ടല്‍, പകല്‍ വീട്, സിഡിഎസ് ഓഫീസ്, പൊതു ശൗചാലയം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നതും സ്റ്റേഡിയം ഭാഗത്താണ്. എല്‍ഡിഎഫ് ഭരണം മാറി ചക്കിട്ടപാറ പഞ്ചായത്ത് യുഡിഎഫ് തിരിച്ചു പിടിച്ചതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്ന ഭാഗം മണ്ണിട്ടു നികത്തി നന്നാക്കുകയായിരുന്നു.