National
ലക്നോ: യുപിയിലെ സുൽത്താൻപുരിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിലിടിച്ച് വയോധികൻ മരിച്ചു. ഗർവാര സ്വദേശി റാം അനുജ് മിശ്ര (80) ആണ് മരിച്ചത്. റാമിന്റെ വീടിന് സമീപത്തായായിരുന്നു സംഭവം.
ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റാം. അദ്ദേഹത്തിന്റെ വീടിന് സമീപത്തെത്തി തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റാം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിനു കീഴടങ്ങി.
അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ അമിതവേഗത്തിൽ വന്ന കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ആകാശ് പാണ്ഡെ (22) യാണ് മരിച്ചത്. കാറോടിച്ച ഗോൾഡൻ സാഹ്നിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ഒന്‍പതിന് ആകാശും മൂന്ന് സുഹൃത്തുകളും രണ്ട് ബൈക്കുകളിലായി മൊഹദ്ദിപൂർ ഓവർബ്രിഡ്ജിലൂടെ പോകുന്പോഴായിരുന്നു അപകടം സംഭവിച്ചത്. ആകാശ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരാൾ നിസാര പരിക്കുകളോടെ പരിക്കേറ്റു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
International
ലക്നോ: ഉത്തർപ്രദേശിലെ സിക്കന്ദ്ര റാവുവിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർ മരിച്ചു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമീർ (19), അസ്ലം (25), മുസ്തകീം (25) എന്നിവരാണ് മരിച്ചത്.
അലിഗഡിൽ നിന്ന് ഇറ്റയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.
വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
ലക്നോ: സ്ത്രീധനത്തിനായി ആറ് വർഷത്തിനിടെ മൂന്ന് പേരെ വിവാഹം ചെയ്യുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ലളിത്പൂർ സ്വദേശി സുനിൽ കുമാറാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി ജോലിയില്ലെന്നും ഇയാളുടെ പിതാവ് ഗുണ്ടാസംഘത്തിലുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇയാൾ വിവാഹം കഴിച്ച സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സുനിൽ കൂടുതൽ പണം ആവശ്യപ്പെട്ടു എന്നും വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.
ഹിന്ദു ആചാരപ്രകാരം 2019 ൽ ആയിരുന്നു സുനിലിന്റെ ആദ്യ വിവാഹം. അഞ്ചുലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപ ആദ്യ ഭാര്യയുടെ കുടുംബം വിവാഹത്തിനായി ചിലവഴിച്ചിരുന്നു. വിവാഹം കഴിഞ്ഞയുടൻ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അത് കിട്ടാതെ വന്നപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
സുനിലിന്റെ പിതാവ് വിവാഹം മോചനം നൽകാൻ ആദ്യ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും വിവാഹമോചനം നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ആദ്യ വിവാഹം മറച്ചുവച്ചു കൊണ്ട് 2021 ൽ സുനിൽ രണ്ടാമത് വിവാഹം കഴിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയാണ് രണ്ടാമത്തെ ഭാര്യയിൽ നിന്നും സ്ത്രീധനമായി വാങ്ങിയത്. വിവാഹശേഷവും ഇയാൾ സ്വർണാഭരണങ്ങളും വാഹനവും ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്തു.
2023 ൽ ആയിരുന്നു സുനിലിന്റെ മൂന്നാമത്തെ വിവാഹം. ആദ്യം നടന്ന രണ്ട് വിവാഹങ്ങളും മറച്ചുവച്ചുകൊണ്ട് മൂന്നാമത് വിവാഹം കഴിച്ച യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപയും ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ചു. വിവാഹശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ മൂന്ന് മാസം ഗർഭിണിയായിരിക്കെ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവർക്കും ഒരു മകളുണ്ട്.
മൂന്ന് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനും പിതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരേന്ത്യയിലെ പ്രമുഖ ഹിന്ദു സന്യാസിശ്രേഷ്ഠനായ ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നു.
സംസ്ഥാനത്തുനിന്നുള്ള മാംസ കയറ്റുമതി നിരോധിച്ച് യഥാർഥ ഹിന്ദുവാണെന്നു തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച ശങ്കരാചാര്യർ, ഇതിന് 40 ദിവസത്തെ സമയപരിധിയും നൽകി.
“കാവിവസ്ത്രം ധരിച്ചു പ്രസംഗിച്ചതുകൊണ്ടു മാത്രം ഒരാൾ ഹിന്ദുവാകില്ല. ഹിന്ദുമതത്തിലെ ആദ്യപടി ‘ഗോ സേവ’ (പശുക്കളെ സേവിക്കൽ) ‘ധർമ രക്ഷ’ (മത സംരക്ഷണം) എന്നിവയാണ്”-അവിമുക്തേശ്വരാനന്ദ് വാരാണസിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇന്ത്യയുടെ മൊത്തം ബീഫ് കയറ്റുമതിയിൽ 40 ശതമാനം യുപിയിൽനിന്നാണ്.
ഗോമാംസം കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിലൂടെ രാമരാജ്യം സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? യുപിയിൽ ഗോമാംസ കയറ്റുമതി പൂർണമായും നിരോധിക്കണം.
പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കണം. നിങ്ങൾക്ക് (ആദിത്യനാഥ്) അങ്ങനെ ചെയ്യാൻ 40 ദിവസത്തെ സമയമുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു വ്യാജ ഹിന്ദുവാണെന്ന് അനുമാനിക്കപ്പെടും’’ -ശങ്കരാചാര്യർ- പറഞ്ഞു. കയറ്റുമതി ചെയ്യുന്ന മാംസത്തിൽ ‘പശുമാംസം’ അടങ്ങിയിട്ടുണ്ടെങ്കിലും അത് ‘പോത്തിറച്ചി’യുടെ കീഴിൽ വർഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വിഷയം ചർച്ച ചെയ്യാൻ മാർച്ചിൽ ലക്നോയിൽ സന്യാസിമാരുടെ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ പരാജയപ്പെട്ടാൽ ആദിത്യനാഥിനെ ഒരു വ്യാജഹിന്ദുവായി പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിൽനിന്നു തന്നെയും അനുയായികളെയും പോലീസ് തടഞ്ഞുവെന്ന് ശങ്കരാചാര്യർ ആരോപിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ തിരക്കു കാരണം രഥയാത്ര തടയുക മാത്രമാണു ചെയ്തതെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതു തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യർ ആരോപിച്ചു.
ഇതിനുപിന്നാലെ, ശങ്കരാചാര്യരുടെ പേരു പറയാതെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തർക്കം രൂക്ഷമാക്കി. ഹനുമാനെ ചതിക്കാൻ സന്യാസിവേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണമെന്നായിരുന്നു യോഗിയുടെ പരാമർശം. യോഗി ആദിത്യനാഥ് ഇപ്പോൾ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാർക്ക് വിട്ടുകൊടുക്കണമെന്നും ശങ്കരാചാര്യർ തിരിച്ചടിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അല്ലാതെ മതത്തെക്കുറിച്ചല്ലെന്നും ശങ്കരാചാര്യർ വ്യക്തമാക്കി.
അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാർ സിംഗ് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങൾ സഹിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് പ്രശാന്ത് കുമാർ സിംഗ് രാജിവച്ചത്.
National
ലക്നോ: പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപികയായി ജോലി നേടിയ സ്ത്രീക്കെതിരെ യുപി പോലീസ് കേസെടുത്തു.
1992-ല്‍ കുമ്ഹാരിയ ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ച ഫര്‍സാന (മാഹിര അഖ്തർ) എന്നയാളാണ് പ്രതി. വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് അവരെ സസ്പെന്‍ഡ് ചെയ്ത ശേഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
1979-ല്‍ ഒരു പാക് പൗരനെ വിവാഹം കഴിച്ചതോടെയാണ് മാഹിര പൗരത്വം നേടിയത്. പിന്നീട് വിവാഹമോചനം നേടി കുട്ടികളുമായി ഇന്ത്യയിലേക്ക് മടങ്ങി. പാക്കിസ്ഥാൻ പാസ്പോര്‍ട്ടിലാണ് തിരിച്ചെത്തിയതെങ്കിലും 1985-ഓടെ ഒരു പ്രാദേശവാസിയെ വിവാഹം കഴിച്ചു.
പിന്നീട് ഇന്ത്യന്‍ പൗരത്വം നടിച്ച് വ്യാജ താമസ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് 1992 ജനുവരി 22-ന് സര്‍ക്കാര്‍ ജോലി നേടിയത്. ഏകദേശം 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയത്.
ഭാരതീയ ന്യായ സംഹിതയുടെ 318(4), 336, 338, 340 വകുപ്പുകള്‍ പ്രകാരം ചതിയും രേഖകളില്‍ കൃത്രിമം കാണിക്കലും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
National
ബല്ലിയ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ അനധികൃതമായി ഉച്ചഭാഷിണി ഉപയോഗിച്ച 17 മോസ്കുകള്ക്കെതിരേ കേസ്.
സുപ്രീംകോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണു കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച ബല്ലിയയില്‍ പോലീസ് വ്യാപകമായി നടത്തിയ പരിശോധനകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്നാണു നടപടിയെടുത്തതെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) ഓംവീര്‍ സിംഗ് പറഞ്ഞു.
National
ലക്നോ: യുപിയിലെ ബാരാബങ്കിയിലുള്ള അസനേഷ്യര് ക്ഷേത്രത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.
ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്ന കുരങ്ങന് വൈദ്യുതി ലൈനില്‍ പിടിച്ചുവലിച്ചതോടെ ഇത് പൊട്ടി സമീപത്തെ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 29 പേര്‍ക്ക് പരിക്കറ്റതായാണ് വിവരം.
National
വിദേശത്തുനിന്ന് 100 കോടി രൂപ ലഭിച്ചു
ലക്നോ: മതപരിവർത്തന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സംഘത്തിന്റെ സൂത്രധാരൻ ഉത്തർപ്രദേശിൽ പ്രത്യേക ദൗത്യസംഘത്തിന്റെ പിടിയിൽ. ഗൾഫ് രാജ്യങ്ങളിൽനിന്ന് നൂറുകോടിയിലധികം രൂപ സംഘത്തിന് ലഭിച്ചുവെന്നു കണ്ടെത്തിയെന്നും അന്വേഷണസംഘം പറഞ്ഞു.
ബൽറാംപുർ ജില്ലയിലെ റെഹ്റ സ്വദേശി ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയെയും മൂന്ന് സംഘാംഗങ്ങളെയുമാണ് അറസ്റ്റ്ചെയ്തത്. ഗൾഫിൽനിന്നും പാക്കിസ്ഥാനിൽനിന്നുമാണ് സാന്പത്തിക സഹായം എത്തിയതെന്ന് എഡിജിപി അമിതാബ് യാഷ് പറഞ്ഞു. ഇസ്ലാമിക രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലഘുലേഖകളും സംഘത്തിൽനിന്ന് പിടിച്ചെടുത്തു. നാൽപതോളം തവണ ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഇവർ സന്ദർശനം നടത്തിയിരുന്നു.
നാൽപതോളം ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പണം കൈമാറ്റം ചെയ്തത്.