ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്രസർക്കാർ നടപ്പാക്കിയ ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ’(വിബിജിറാംജി) പ്രാബല്യത്തിലായി രണ്ടു മാസം പിന്നിട്ടിട്ടും ഇ-കെവൈസി വെരിഫിക്കേഷൻ പൂർത്തിയാകാത്തത് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ഇ-കെവൈസി വെരിഫിക്കേഷൻ നിരക്ക് നിലവിൽ 71 ശതമാനം മാത്രമാണ്.
മുമ്പ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഇ-കെവൈസി പൂർത്തിയാക്കിയവർക്ക് പുതിയ പദ്ധതിയിലും തുടരാമെന്നും പുതിയ ഗ്രാമീൺ റോസ്ഗാർ ഗാരന്റി കാർഡുകൾ ലഭിക്കുന്നതുവരെ നിലവിലെ കാർഡുകൾ സാധുവായിരിക്കുമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉറപ്പുനൽകിയിരുന്നു.
ആർക്കും തൊഴിലും കൂലിയും നിഷേധിക്കപ്പെടില്ലെന്നു വ്യക്തമാക്കിയിരുന്നെങ്കിലും പദ്ധതി നടപ്പാക്കുന്നതിലെ താമസം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരിക്കലെങ്കിലും ജോലി ചെയ്ത സജീവ തൊഴിലാളികളിൽ 94.88 ശതമാനം പേർ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബാക്കി 57 ലക്ഷത്തോളം പേർക്ക് ഇനിയും ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാനുണ്ട്.
ഇ-കെവൈസി പൂർത്തിയാക്കാനായി ജനുവരി 30നും ഫെബ്രുവരി 12നും സംസ്ഥാനങ്ങൾക്ക് സമയപരിധി നൽകിയിരുന്നു. എന്നാൽ ഏഴു മാസത്തിനുശേഷവും ലക്ഷ്യം കൈവരിക്കാനായിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇ-കെവൈസി ഇല്ലാത്തവർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും വെരിഫിക്കേഷൻ വൈകുന്നത് ലക്ഷക്കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ തൊഴിൽ ലഭ്യതയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.