കാർഡിഫ്: വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവം കൊണ്ടാടി.
കാർഡിഫ് St. Illtyd's സ്കൂൾ ചാപ്പലിൽ നടന്ന തിരുനാൾ തിരുക്കർമങ്ങൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ തിരുനാൾ ആഘോഷങ്ങളെ അനുസ്മരിക്കും വിധമാണ് ഇത്തവണത്തെ പരിപാടികൾ ക്രമീകരിച്ചിരുന്നത്.
തിരുനാൾ ദിവസം രാവിലെ 9.45ന് മിഷൻ കോഓർഡിനേറ്റർ ഫാ. ജിൻസ് കണ്ടക്കാട്ട് തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായി. തുടർന്ന് നടന്ന പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തപ്പെട്ടു.
ക്നാനായ മിഷൻസ് യുകെ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന അര്‍പ്പിച്ചു. ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. ജിൻസ് കണ്ടക്കാട്ട് എന്നിവർ സഹകാര്‍മികരായിരുന്നു.
ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന് ഫാ. സുനി തിരുനാൾ സന്ദേശത്തിൽ ഓർമിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്ന ഹൃദ്യമായ തിരുനാൾ പ്രദക്ഷിണം നടന്നു.
ഫാ. അജൂബ് തോട്ടനാനിയിൽ പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വാദം നൽകി. തുടർന്ന് വിശ്വാസികൾക്കായി അടിമ വയ്ക്കുന്നതിനും കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.
തിരുനാളിനോട് അനുബന്ധിച്ച്, "വാഴ്വ് 2026' സ്നേഹദീപ പ്രയാണത്തിന് മിഷൻ അംഗങ്ങൾ ആവേശോജ്വലമായ സ്വീകരണം നൽകി. ഇതോടൊപ്പം സെപ്റ്റംബർ 26ന് ബർമിംഹാമിൽ നടത്തപ്പെടുന്ന "വാഴ്വ് 2026' കുടുംബസംഗമത്തിന്റെ പ്രവേശന പാസ് കിക്കോഫും പ്രൗഢിയോടെ നിർവ്വഹിക്കപ്പെട്ടു.