District News
കണ്ണൂർ: ജില്ലാ ആശുപത്രി സ്പെഷാലിറ്റി ബ്ലോക്കിലേക്ക് സംഗീത ടാക്കീസിലെ ടാങ്കിൽനിന്ന് കുടിവെള്ള പൈപ്പ് ലൈൻ വലിക്കുന്ന വിഷയത്തിൽ ജല അഥോറിറ്റിയുടെ നഗരത്തിലേക്കുള്ള പ്രധാന സപ്ലൈ ലൈനിൽ നിന്നുതന്നെ പുതിയ ലൈൻ വഴി ആശുപത്രിയിലേക്ക് വെള്ളമെത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ജല അഥോറിറ്റിയെ ചുമതലപ്പെടുത്തി.
നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജല അഥോറിറ്റിയുടെ മെയിൻ സപ്ലൈ ലൈനിൽ നിന്ന് സംഗീത ടാക്കീസിലെ ടാങ്കിനെ ബാധിക്കാത്തവണ്ണവും കന്റോൺമെന്റ് പരിധിയിൽ കൂടിയല്ലാതെയും ആശുപത്രിയിലേക്ക് വെള്ളം എത്തിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുക.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് കണ്ണൂർ കോർപറേഷൻ മേയർ പി ഇന്ദിര, ടി.ഒ. മോഹനൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബി.ഒ. പ്രശാന്ത് കുമാർഎന്നിവരുൾപ്പെടെ ബന്ധ പ്പെട്ട കക്ഷികളുടെ യോഗം വിളിച്ചത്.
സംഗീത ടാക്കീസ് ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ആ പ്രദേശത്തെ ജനങ്ങൾക്ക് തന്നെ തികയാത്ത അവസ്ഥയുണ്ടെന്ന് മേയറും എംഎൽഎയും വ്യക്തമാക്കി. ആശുപത്രിയിലേക്ക് വെള്ളം വേണം എന്നതിൽ തർക്കമില്ലെന്നും എന്നാൽ ആശുപത്രിക്ക് കൂടി വെള്ളം എടുക്കേണ്ട നില വന്നാൽ ജനം അനുവദിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ആശുപത്രിയിലേക്ക് നിലവിലുള്ള ജലവിതരണം മേലേ ചൊവ്വയിൽ നിന്നുള്ള വീതി കുറഞ്ഞ പിവിസി പൈപ്പ് വഴിയാണെന്നും ഇത് മാത്രം ആശ്രയിക്കാനാവില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്ക് ദിവസം രണ്ടു ലക്ഷം ലിറ്റർ മുതൽ രണ്ടരലക്ഷം ലിറ്റർ വരെ വെള്ളം വേണം എന്നാണ് കണക്കാക്കുന്നത്.
യോഗത്തിൽ ഡപ്യൂട്ടി മേയർ കെ.പി. താഹിർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ജല അഥോറിറ്റി, കേരള റോഡ് ഫണ്ട് ബോർഡ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
District News
കേളകം: അധ്യയന വർഷം ആരംഭിച്ച ആദ്യദിനത്തിൽ തന്നെ സ്കൂളിലേക്കുള്ള പ്രവേശന കവാടത്തോട് ചേർന്ന റോഡ് ഭാഗം കുത്തിപ്പൊളിച്ച് വാട്ടർ അഥോറിറ്റി. എംജിഎം ശാലോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രധാന പ്രവേശന കവാടത്തോട് ചേർന്ന ഭാഗമാണ് കുടിവെള്ള പൈപ്പിടാനായി വാട്ടർ അഥോറിറ്റി കുത്തിപ്പൊളിച്ചത്. ഇതോടെ സ്കൂളിലേക്കുള്ള പ്രധാന പ്രവേശന മാർഗം ചെളിയും മണ്ണും നിറഞ്ഞ നിലയിലാണ്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നലെ രാവിലെ സ്കൂളിലെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും ചെളിക്കുളമായി മാറിയ പ്രവേശന കവാടത്തിലൂടെയാണ് സ്കൂളിലേക്ക് കടന്നു പോകേണ്ടി വന്നത്.
സ്കൂൾ വാഹനങ്ങളും മറ്റു വാഹനങ്ങളും സ്കൂളിലേക്കും തിരിച്ചു വരുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. പ്രധാന കവാടത്തിന് കുറുകെ കുഴിയെടുത്ത് മണ്ണ് കൂട്ടിയിട്ടതിനാൽ മഴ പെയ്താൽ സ്ഥിതി കൂടുതൽ ദുഷ്കരമാകും. വിദ്യാർഥികളെ ദുരിതത്തിലാക്കിയ പൈപ്പിടൽ പ്രവൃത്തി ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
District News
കോതമംഗലം: വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളവും ചെളിയും കയറി. കോതമംഗലം സബ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ 8.15ഓടെയായിരുന്നു സംഭവം. ജലവിതരണ പൈപ്പ് പൊട്ടി ശക്തമായി വെള്ളവും ചെളിയും വ്യാപര സ്ഥാപനങ്ങളുടെ ഉള്ളിലേക്ക് ഒഴികിയെത്തുകയായിരുന്നു.
ജലവിതരണം നിർത്തുന്നതിനായി വാട്ടർ അഥോറിറ്റി ഓഫീസുമായി ബന്ധപ്പെടാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ വാർഡ് കൗൺസിലർ ഇടപ്പെട്ടതോടെയാണ് പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ വരവ് നിലച്ചത്. മണിക്കൂറുകളുടെ ശ്രമഫലമായാണ് സ്ഥാപനങ്ങളിൽനിന്ന് ചെളി നീക്കംചെയ്തത്. മേഖലയിൽ പൈപ്പ് ലൈൻ പൊട്ടുന്നത് നിരന്തര സംഭവമായിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.
District News
അമ്പലപ്പുഴ: വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ. പൈപ്പ് ലൈൻ പൊട്ടി ഒരു പ്രദേശമാകെ പ്രളയ സമാനം. അമ്പലപ്പുഴ കച്ചേരിമുക്കിലാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴിന് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം വൻ തോതിൽ പാഴായത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി നടന്ന അറ്റകുറ്റപ്പണി ചൊവ്വാഴ്ചയാണ് പൂർത്തിയായത്. എന്നാൽ, ശരിയായ രീതിയിലല്ല ഇത് പൂർത്തിയാക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച വൈകിട്ട് ജംഗ്ഷനിൽ പൈപ്പ് ലൈൻ പൊട്ടി പ്രദേശമാകെ വെള്ളക്കെട്ടായത്. പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത സ്ഥലത്തെത്തി വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം കരുമാടി പ്ലാന്റിലെ പമ്പിംഗ് നിർത്തിവയ്ക്കാൻ തീരുമാനിച്ചു.
District News
വൈപ്പിൻ: നവീകരിച്ച വൈപ്പിൻ സംസ്ഥാനപാതയുടെ ഉദ്ഘാ ടനം കഴിഞ്ഞിട്ട് ഒരാഴ്ച പോലുമാകുന്നതിനു മുന്നേ മാലിപ്പുറത്ത് റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അഥോറിറ്റി പണി തുടങ്ങി. മികച്ച നിലവാരത്തിൽ ടാറിംഗ് നടത്തിയ റോഡാണ് ഇപ്പോൾ വെട്ടിപ്പൊളിച്ചിരിക്കുന്നത്.
പണി കഴിഞ്ഞ് കോൺക്രീറ്റ് നിറച്ച് വാട്ടർ അഥോറിറ്റി മുങ്ങുകയാണ് പതിവെന്ന് നാട്ടുകാർ ആരോപിച്ചു. കുത്തിപ്പൊളിച്ച റോഡ് നല്ല രീതിയിൽ റീടാർ ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ്-എസ് ജില്ലാപ്രസിഡന്റ് ആന്റണി സജി മുന്നറിയിപ്പ് നൽകി.
Editorial
പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി... ഈ നാടകങ്ങൾക്കു തിരശീലയിടണം.
ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ.
തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ മിനിട്ടുകൾക്കുള്ളിൽ തെളിഞ്ഞ യാഥാർഥ്യങ്ങളുണ്ട്.
ഒന്നാമത്, 15 വർഷമായി ഈ മരണക്കുഴി മുതലക്കോടം മാവിൻകുഴിയിൽ ഉണ്ടായിരുന്നു. 15 കൊല്ലം മുൻപ് ബസിടിച്ചു തകർന്ന കലുങ്കായിരുന്നു ഇത്. പലരും അപകടത്തിൽ പെട്ടെന്ന വിവരം പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും അറിവുള്ളതുമാണ്. ഏകദേശം രണ്ടു വർഷം മുൻപ്, വെള്ളക്കെട്ട് ഉണ്ടായപ്പോൾ നഗരസഭ ജെസിബി ഉപയോഗിച്ച് തടസം നീക്കി. പിന്നെ പൊതുമരാമത്തുവകുപ്പിന്റെ തടസങ്ങൾ അതിന്റെ പേരിലായെന്നാണ് അറിയുന്നത്.
എട്ടു മാസം മുൻപ്, ഇതിനടുത്തുള്ള കടമുറികളുടെ ഉടമ പി.എ. കൃഷ്ണകുമാർ സ്വന്തം ചെലവിൽ ഇതു പണിതു മൂടിയും സ്ഥാപിക്കാമെന്ന് നഗരസഭയെയും തുടർന്നു പൊതുമരാമത്തു വകുപ്പിനെയും അറിയിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് കെട്ടരുത് തുടങ്ങി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചട്ടപ്പടി നിബന്ധനകളും കടുംപിടിത്തവും മുറുകിയതോടെ സൗജന്യമായി ചെയ്യാമെന്നേറ്റയാൾ ‘വയ്യാവേലി’ വേണ്ടെന്നുവച്ചു. പൊതുമരാമത്തുവകുപ്പ് പണിതുമില്ല.
ഇതേ വകുപ്പിന്റെ വിജിലന്‍സ് ഡെപ്യൂട്ടി എൻജിനിയറില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച സംഭവിച്ചെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ഉത്തരവാദികളായേക്കാവുന്നവർ കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘നടപടി’ സ്വീകരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഏതു തെറ്റു ചെയ്താലും സുരക്ഷിതരായി തുടരുന്നത്. നിരവധി അപകടങ്ങളുണ്ടായിട്ടും 15 വർഷമെങ്കിലും ഈ കുഴി ഉദ്യോഗസ്ഥർ നിലനിർത്തിയെങ്കിൽ ഇപ്പോഴത്തേത് അപകടമരണമാണോ കൊലപാതകമാണോ?
പൊതുമരാമത്തു വകുപ്പിന്റെ ഉദ്യോഗസ്ഥരല്ല, വിവിധ തലത്തിലുള്ള കരാറുകാരും പൊതുജനവുമാണ് ഇവരുടെ അഴിമതി മുതൽ കെടുകാര്യസ്ഥത വരെയുള്ള റിപ്പോർട്ട് തയാറാക്കേണ്ടത്. നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. ഒന്നര പതിറ്റാണ്ടായി ഈ കെണി നിങ്ങളുടെ കൺമുന്നിലുണ്ടായിരുന്നു.
പൊതുമരാമത്ത് ചെയ്തില്ല എന്നു പറഞ്ഞൊഴിയാനല്ല ജനം വോട്ട് തന്നത്. സർക്കാർ വകുപ്പുകളുടെ ജനസേവനം ഇങ്ങനെയൊക്കെയാണെന്ന് അറിയാവുന്ന മാധ്യമങ്ങൾ ഇത്തരം ആപത്തുകൾ ഒന്നോ രണ്ടോ തവണയല്ല നിരന്തരം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥതയുടെ ഭരണരഥത്തിൽ വിനോദയാത്ര നടത്തുന്ന ഉദ്യോഗസ്ഥവൃന്ദം അത്ര സുഖിമാന്മാരും ഉദാസീനരുമായെന്നത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന ബോധ്യമാകണം.
ഇനിയൊരു നാട്ടുനടപ്പ് ആചാരപ്രകാരം നടന്നേക്കും. 15 കൊല്ലം മുടന്തൻന്യായം എഴുന്നള്ളിച്ചവർ ഉടനെ കലുങ്കുപണി തുടങ്ങും. ബഹളം തീരുന്ന മുറയ്ക്ക് ഉത്തരവാദികളില്ലാത്ത ഒരു റിപ്പോർട്ട് പൊതുമരാമത്തുവകുപ്പ് ‘ബഹു.’ മന്ത്രിക്കു സമർപ്പിക്കും. അപകടക്കെണി ഒഴിവാകുന്നതോടെ ജനങ്ങളും അതു മറക്കും. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ട ജെയിസിന്റെ കുടുംബാംഗങ്ങളുടെയും നഷ്ടങ്ങൾ സ്വകാര്യ വിഷയങ്ങളായി മാറും.
മൂടിയില്ലാത്ത ഓടകൾ, നിർമാണബാക്കികൾ, മുന്നറിയിപ്പില്ലാത്ത അപകടക്കെണികൾ, തകർന്ന മുന്നറിയിപ്പു ബോർഡുകൾ, വെള്ളക്കെട്ടുകൾ, പുതിയ റോഡിലെ അപ്രതീക്ഷിത കുഴികൾ, പുത്തൻ റോഡിലെ ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലുകൾ, തകർന്ന റിഫ്ലക്ടറുകൾ, റോഡ് സുരക്ഷാ കണ്ണാടികൾ (Convex Mirrors)... നൂറുകണക്കിന് അപകടക്കെണികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്. ഈ ചെറിയ കാര്യങ്ങളെങ്കിലും ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശന്പളം കൊടുക്കില്ലെന്നു പറയാനുള്ള ആർജവം സർക്കാരിനുണ്ടായാൽ പരിഹരിക്കാൻ മണിക്കൂറുകൾ മതി. പക്ഷേ, ഇച്ഛാശക്തി വേണം.
District News
കോരുത്തോട്: കോരുത്തോട് പഞ്ചായത്ത് പത്താം വാർഡ് കോസടി 116 ഭാഗത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ. പൊതുകിണറുകളോ കുഴൽകിണറുകളോ ഒന്നുമില്ലാത്ത ഈ മേഖലയിലെ നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് വാട്ടർ അഥോറിറ്റിയുടെ ടാങ്കിൽനിന്നും ഹോസിട്ടെടുക്കുന്ന കുടിവെള്ളം.
കഴിഞ്ഞദിവസം വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെത്തി നാട്ടുകാർ വെള്ളമെടുക്കുന്ന ഹോസുകൾ വെട്ടിമുറിച്ച് നശിപ്പിച്ചതോടൊപ്പം കുറച്ചുഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്തതായി നാട്ടുകാർ പരാതിപ്പെടുന്നു. തങ്ങളുടെ കുടിവെള്ളം നിലച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരിക്കുകയാണ്.
കോരുത്തോട് പഞ്ചായത്തിന്റെ ഉയർന്ന പ്രദേശമായ 116 മേഖലയിലേക്ക് 40 വർഷം മുമ്പാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലേക്കും പൈപ്പ് ലൈൻ സ്ഥാപിക്കുകയും കൂടാതെ പൊതുടാപ്പുകൾ സ്ഥാപിച്ചും കുടിവെള്ള വിതരണം സുഗമമായി നടത്തിപ്പോന്നു.
എന്നാൽ, എട്ടു വർഷം മുമ്പ് കോസടി-കൊട്ടാരംകട റോഡ് നിർമാണത്തിന്റെ ഭാഗമായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ നശിപ്പിക്കപ്പെട്ടു. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള വിതരണം നിലച്ചു. മറ്റു മാർഗങ്ങൾ ഒന്നുമില്ലാതായതോടെ ടാങ്കിൽനിന്ന് ജനങ്ങൾ വെള്ളം കോരിയെടുക്കാൻ തുടങ്ങി.
ഇതിനെതിരേ പരാതി വന്നതോടെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ചർച്ച നടത്തുകയും ടാങ്കിലെ ജലം മലിനമാകാതിരിക്കാൻ വെള്ളം കോരിയെടുക്കുന്നത് ഒഴിവാക്കണമെന്നും ഹോസിട്ട് ജലം എടുക്കാനും അധികാരികൾ നിർദേശം നൽകുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. അന്നുമുതൽ ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ടാങ്കിൽനിന്നു ഹോസിട്ടാണ് ജലം ശേഖരിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി നാട്ടുകാരുടെ ഹോസുകൾ വെട്ടിമുറിച്ച് നശിപ്പിക്കുകയും കുറച്ചുഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്തു. ടാങ്കിൽനിന്ന് അനധികൃതമായി വെള്ളമെടുത്തുവെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഇല്ലാതായി. ഇപ്പോൾ നാല് കിലോമീറ്റർ അലെയുള്ള അഴുതയാറ്റിൽനിന്നോ അല്ലെങ്കിൽ വെള്ളം വില കൊടുത്ത് വാങ്ങിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ.
ഹോസിട്ടത് അനധികൃതമെന്ന് വാട്ടർ അഥോറിട്ടി
ജലമോഷണം തടയാനായി രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയതെന്നും ടാങ്കിൽനിന്ന് ജനങ്ങൾ ഹോസിട്ട് ജലം എടുത്തിരുന്നത് അനധികൃതമായിട്ടായിരുന്നെന്നും ഇങ്ങനെ വെള്ളമെടുക്കാൻ നിയമമില്ലെന്നും പിഴയടച്ചാൽ പിടിച്ചെടുത്ത സാധനങ്ങൾ തിരികെ നൽകുമെന്നും വാട്ടർ അതോറിറ്റി എഇ പറഞ്ഞു.
Kerala
കോഴിക്കോട്: ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്കി.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ വികസന ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് അല്ലെങ്കില്‍ കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് എന്നിവ മുന്‍കൂറായി ഉപയോഗിക്കണമെന്നാണു നിര്‍ദേശം.
റോഡ് പുനരുദ്ധാരണത്തിനായി ചെലവാക്കുന്ന തുക മൂന്നു മാസത്തിനകം ജല്‍ ജീവന് മിഷന് പദ്ധതിയില്‍നിന്ന് പഞ്ചായത്തുകള്‍ക്കു തിരികെ അനുവദിക്കും. വാട്ടര്‍ അഥോറിറ്റി മുഖേന സംസ്ഥാനതല നോഡല്‍ ഏജന്‍സി വഴിയാണു തുക കൈമാറുക. റോഡ് നന്നാക്കേണ്ടത് ജല അഥോറിറ്റിയാണെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
നിലവില്‍ പൈപ്പിടല്‍ പൂര്‍ത്തിയാകുകയോ പുരോഗമിക്കുകയോ ചെയ്യുന്ന റോഡുകള്‍ സംസ്ഥാനതല നോഡല്‍ ഏജന്‍സി മുഖേന അന്തിമ വെണ്ടറായി മാപ്പ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രക്രിയ വൈകരുതെന്നും തദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി കേരളത്തില്‍ വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടല്‍. കരാറുകാര്‍ക്കുള്ള കുടിശികയും ജല അഥോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ഉത്തരവാദിത്വ തര്‍ക്കവുമാണു റോഡുകള്‍ നന്നാക്കാത്തതിനു പ്രധാന കാരണം.
പല ജില്ലകളിലും കുഴികള്‍ അപകടകാരികളായി മാറിയിട്ടുണ്ട്. ജലജീവന്‍ പദ്ധതിയില്‍ റോഡ് പുനരുദ്ധാരണം കരാറുകാരുടെ ഉത്തരവാദിത്വമാണെങ്കിലും കോടികളുടെ കുടിശിക കാരണം അറ്റകുറ്റപ്പണി മുടങ്ങുകയാണ്.
റോഡ് നന്നാക്കുന്നതില്‍ ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് പണം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്നും പിന്നീട് ഈ തുക വാട്ടര്‍അഥോറിറ്റി നല്‍കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പുതന്നെ അറിയിച്ചിരിക്കുന്നത്.
District News
കൊച്ചി: ചെല്ലാനത്തെ കുടിവെള്ള പ്രശ്നത്തിനെതിരെയുള്ള സമരം താത്കാലികമായി അവസാനിപ്പിച്ച് നാട്ടുകാര്‍. വാട്ടര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മായയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം പൊട്ടിയ പൈപ്പുകള്‍ മാറ്റി പമ്പിംഗ് നടത്താമെന്നു തീരുമാനമായതോടെയാണ് താത്കാലികമായി സമരം നിര്‍ത്തിവച്ചത്.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിന്, ചെല്ലാനം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. സാംസണ് ആഞ്ഞിലിപറമ്പില് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്. അതേസമയം, കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചെല്ലാനത്തു നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്തു കുടിവെള്ളം ലഭിക്കുന്നില്ല.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ചെല്ലാനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ നിവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡ് മെംബര്‍ ടോണി തയ്യിലിന്റെ നേതൃത്വത്തില്‍ തീരദേശ ഹൈവേയിലെ മാളികപറമ്പ് കവലയിലെ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.
വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി റോഡില്‍ എത്തിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണമ്മാലി സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൂക്ഷ ഗന്ധമുള്ള മലിനജലമാണ് പൈപ്പുകളില്‍ ഇപ്പോള്‍ എത്തുന്നതെന്നും എത്ര പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറയായി ഇരിക്കുന്ന സംവിധാനങ്ങളെ അനക്കാനുള്ള സമരമാണിതെന്നും ഫാ. സാംസണ് ആഞ്ഞിലിപറമ്പില് പറഞ്ഞു.
District News
നെടുമങ്ങാട്: വാട്ടർ അഥോറിട്ടി നെടുമങ്ങാട് ഓവർസിയർ ഓഫീസ് പരിധിയിൽ കുടിവെള്ള മുടക്കം പതിവാകുന്നു. ഐഎസ് ആർഒ ലൈനിനു കീഴിൽ വരുന്ന നൂറുകണക്കിന് ഉപഭോക്താക്കളാണ് ശുദ്ധജലം കിട്ടാതെ ദിവസങ്ങളായി വലയുന്നത്.
കല്ലിംഗൽ, വാണ്ട, പനച്ചമൂട്, മുഖവൂർ, കരുപ്പൂര് ഭാഗങ്ങളിൽ പൈപ്പ് വെള്ളം മുടങ്ങിയിട്ട് നാലു ദിവസമായെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ആഴ്ചയിൽ മൂന്നു ദിവസം ഈ ലൈനിൽ വെള്ളം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഷെഡ്യൂൾ അനുസരിച്ചല്ല വെള്ളം നൽകുന്നതെന്നാണ് പരാതി.
ഉപഭോക്താക്കളുടെ എണ്ണം ഏറിയതോടെ വട്ടപ്പാറ, പുലിപ്പാറ, ഐഎസ്ആർഒ എന്നിങ്ങനെ ലൈനുകൾ നിശ്ചയിക്കുകയും നിയന്ത്രിത ദിവസങ്ങളിൽ മാത്രം വെള്ളം നൽകുകയുമാണ് അധികൃതർ ചെയ്തിരുന്നത്. ഇക്കാര്യത്തിൽ കൃത്യത പാലിക്കാത്തതിനാൽ വെള്ളം ഏതുദിവസം കിട്ടുമെന്നറിയാതെ വിഷമത്തിലാണു നാട്ടുകാർ.
മതിയായ വെള്ളം സംഭരിച്ചു മുൻകരുതൽ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നും ജലഅഥോറിട്ടി ഓഫീസ് വൃത്തങ്ങൾ പ്രതികരിച്ചു.
Kerala
കോഴിക്കോട്: മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടുകയും റോഡിൽ പലയിടത്ത് മണ്ണ് അടിഞ്ഞുകൂടുകയും ചെയ്തു. റോഡിൽ ഗർത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിംഗ് നിർത്തിവച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്.
കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പിന്നാലെ ഗതാഗതം തടസപ്പെട്ടിരുന്നു.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
District News
കടുത്തുരുത്തി; നിലയ്ക്കലില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള മൂന്ന് കുടിവെളള ടാങ്ക് സ്ഥാപിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഇതിലൂടെ ശബരിമലയിലെ കുടിവെളള പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അഥോറിറ്റിയുടെ കടുത്തുരുത്തി ഡിവിഷന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസം ഗിക്കുകയായിരുന്നു മന്ത്രി.
കേരളം വളരെ കാലമായി ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ജലലഭ്യതയെന്നും എന്നാല്‍ ഭൂഗര്‍ഭജലം കുറയുന്നതും കടലിലെ ജലനിരപ്പ് ഉയരുന്നതും ജലാശയങ്ങളിലെ വെള്ളം മലിനപ്പെടുന്നതും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ശുദ്ധീകരിച്ച ജലം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ദൗത്യമാണ് ജലജീവന്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാലങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജലഅഥോറിറ്റി ഓഫീസുകളാണ് ഇതോടെ ഒരു കുടക്കീഴിലായിരിക്കുന്നത്. മോന്‍സ് ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണ്സണ് കൊട്ടുകാപ്പളളി, രാജു ജോണ്‍ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. സ്മിത, ടി.കെ. വാസുദേവന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പായിപ്പാട്: ജല്‍ ജീവൻ മിഷന് പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചില്ല. റോഡുകളിലെ യാത്രാ ദുരിതത്തിലായ പായിപ്പാട് എട്ടാംവാര്‍ഡ് നിവാസികള്‍ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനനെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജൂലൈ 14ന് മുമ്പ് റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു. അബ്ദുല്‍ കലാം, നാസര്‍ കുളത്തിങ്കല്‍, അനീഷ് തന്‍സില്‍, മായ, ശോഭന, സെലീന, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.