കൂരാച്ചുണ്ട്: രൂക്ഷമായ കാട്ടുപന്നി ശല്യത്താൽ വലയുന്ന ശങ്കരവയൽ, കോയിപ്പറമ്പ്, പുളിവയൽ നിവാസികളുടെ അടിയന്തര യോഗം ചേർന്നു. മാസങ്ങൾക്ക് മുൻപ് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക സംഘടനയായ കിഫയുടെ ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊന്നിരുന്നു. എന്നാൽ അതിനു ശേഷവും കാട്ടുപന്നികളുടെ ശല്യത്താൽ കർഷകർ വലയുകയാണ്.
തോക്കിന് ലൈസൻസ് ആവശ്യമുള്ള എല്ലാ കർഷകർക്കും ലൈസൻസ് അനുവദിക്കണമെന്നും കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ആവശ്യമായ ഷൂട്ടേഴ്സ് പാനൽ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശങ്കരവയൽ സമന്വയ ക്ലബിൽ ചേർന്ന യോഗം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം എൻ.ജെ. ആൻസമ്മ, മുൻ വാർഡ് മെമ്പർ വിൽസൺ മംഗലത്ത് പുത്തൻപുരയിൽ, കിഫ ജില്ലാ പ്രസിഡന്റ് മനോജ് കുബ്ലാനി, വൈസ് പ്രസിഡന്റ് ബെന്നി എടത്തിൽ, ജിമ്മി വല്ലയിൽ, ജോർജ് പൊട്ടുകുളത്തിൽ, രാജേഷ് ചുവപ്പുങ്കൽ, സിറിയക് പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.