Viral
ഹരിദ്വാറിലെ സരായ് ഗ്രാമത്തിൽ ഒരു വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് ഇരുപത്തിയേഴോളം പാമ്പിൻ കുഞ്ഞുങ്ങളെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി പിടികൂടി.
വീടിനുള്ളിൽ കൂട്ടത്തോടെ പാമ്പുകളെ കണ്ടതിനെ തുടർന്ന് പരിഭ്രാന്തിയിലായ വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരായ താലിബ്, ഭോല എന്നിവർ ചേർന്ന് ഏറെ ജാഗ്രതയോടെയാണ് പാമ്പിൻ കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കാതെ ടാങ്കിൽ നിന്നും പുറത്തെടുത്തത്. ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാമ്പുകളെ എല്ലാം സുരക്ഷിതമായി മാറ്റിയെങ്കിലും, ഒരു വാട്ടർ ടാങ്കിനുള്ളിൽ എങ്ങനെയാണ് ഒരേസമയം ഇത്രയധികം പാമ്പിൻ കുഞ്ഞുങ്ങൾ എത്തിയതെന്ന ചോദ്യം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്.
പിടികൂടിയവ നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന വിഷമില്ലാത്ത നീർക്കോലി വിഭാഗത്തിൽപ്പെട്ടതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ശുദ്ധജലാശയങ്ങൾക്ക് സമീപം ജീവിക്കുന്ന ഇവ മനുഷ്യർക്ക് പൊതുവെ അപകടകാരികളല്ല.
തവളകളും ചെറിയ മീനുകളും ആഹാരമാക്കുന്ന ഈ പാമ്പുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. പാമ്പുകളെ മുഴുവൻ മാറ്റിയതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്.
Viral
ഗുജറാത്തിലെ ഉന താലൂക്കിൽ നവാബന്ദറിലെ വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ കിണറ്റിൽ വീണു. കൃഷിയിടത്തിലെ വെള്ളം നിറഞ്ഞ തുറന്ന കിണറ്റിലായിരുന്നു സിംഹം അകപ്പെട്ടത്.
അപകടവിവരം അറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. മരണത്തിന് തൊട്ടടുത്തെത്തിയ സിംഹത്തെ ഒരു മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
കൃത്യമായ ആസൂത്രണത്തോടെ നടന്ന ഈ ദൗത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പ്രദേശവാസികളും പങ്കുചേർന്നു. സിംഹത്തിന് പരിക്കേൽക്കാത്ത വിധം സുരക്ഷിതമായി വടം ഉപയോഗിച്ച് ബന്ധിച്ച് കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ സംഘവി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. കരയിലെത്തിച്ച ഉടൻ തന്നെ ജനങ്ങളുടെ സുരക്ഷയും സിംഹത്തിന്റെ ആരോഗ്യവും കണക്കിലെടുത്ത് അതിനെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.
നിലവിൽ ജസന്ദർ അനിമൽ കെയർ സെന്ററിൽ നിരീക്ഷണത്തിലുള്ള സിംഹം പൂർണ ആരോഗ്യവാനാണെന്ന് അധികൃതർ വ്യക്തമാക്കി. സിംഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉദ്യോഗസ്ഥർ കാട്ടിയ മനക്കരുത്തിനെയും വേഗത്തിലുള്ള ഇടപെടലിനെയും സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രശംസിക്കുന്നുണ്ട്.
Viral
പ്ലാസ്റ്റിക് മലിനീകരണം വന്യജീവികളുടെ നിലനിൽപ്പിന് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്റെ ഞെട്ടിക്കുന്നതും എന്നാൽ ആശ്വാസകരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.
മഞ്ഞുമൂടിയ മലനിരകളിലൂടെ സാഹസിക യാത്രയിലായിരുന്ന രണ്ട് പർവതാരോഹകരുടെ കണ്ണിൽപ്പെട്ടത് തല പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടുന്ന ഒരു കുറുക്കൻ കുഞ്ഞിനെയാണ്.
ആഹാരം തേടിയുള്ള അലച്ചിലിനിടയിൽ ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അവശിഷ്ടത്തിനുള്ളിൽ തല അകപ്പെട്ടുപോയ ആ കുറുക്കൻ കുഞ്ഞ്, രക്ഷപെടാൻ കഴിയാതെ തളർന്ന് മഞ്ഞിൽ വീണുകിടക്കുകയായിരുന്നു.
കുറുക്കന്റെ ശരീരത്തിലാകെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ചുറ്റിക്കിടന്നത് ആ ജീവൻ എത്രത്തോളം അപകടത്തിലായിരുന്നു എന്നതിന്റെ തെളിവായിരുന്നു. മനുഷ്യ സാമീപ്യം കണ്ട് ഭയന്നോടാൻ പോലും കരുത്തില്ലാതെ വിറച്ചുനിന്ന ആ ജീവിയെ രക്ഷിക്കാൻ പർവതാരോഹകർ ഒട്ടും വൈകിയില്ല.
അങ്ങേയറ്റം ക്ഷമയോടും കരുതലോടെയും കുറുക്കനെ സമീപിച്ച രക്ഷകരിൽ ഒരാൾ അതിന്റെ തലയിലെ പ്ലാസ്റ്റിക് പാത്രം അതിവേഗം നീക്കം ചെയ്തു.
പാത്രം നീക്കം ചെയ്ത നിമിഷം തന്നെ മരണപ്പിടുത്തത്തിൽ നിന്ന് മോചിതനായ ആ കുറുക്കൻ കുഞ്ഞ് ഊർജ്ജസ്വലനായി മഞ്ഞിലേക്ക് ഓടിമറയുന്ന ദൃശ്യം കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നതാണ്.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പർവതാരോഹകരുടെ മനുഷ്യത്വപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എങ്കിലും, ഈ സംഭവം വലിയൊരു ചർച്ചയ്ക്കും വഴിതുറന്നിട്ടുണ്ട്.
മനുഷ്യർ വിനോദസഞ്ചാരത്തിന് എത്തുന്ന പരിസ്ഥിതിലോലമായ പ്രദേശങ്ങളിൽ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വന്യജീവികളുടെ ജീവന് എങ്ങനെ വില്ലനാകുന്നു എന്നത് ഈ ദൃശ്യം വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഉത്തരവാദിത്തമില്ലാത്ത ടൂറിസവും മാലിന്യ നിക്ഷേപവും ഇത്തരത്തിൽ മിണ്ടാപ്രാണികളുടെ ദാരുണ അന്ത്യത്തിന് കാരണമാകുന്നുവെന്ന ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്.
പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കേണ്ടതിന്റെയും അനിവാര്യത ഈ കുറുക്കൻ കുഞ്ഞിന്റെ അതിജീവനം നമ്മെ പഠിപ്പിക്കുന്നു.