പടിഞ്ഞാറൻ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള തീസ്ത നദിയിൽ മനുഷ്യത്വത്തിന്റെ വേറിട്ടൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം പ്രകൃതി സാക്ഷ്യം വഹിച്ചത്.
ഗജോൽഡോബ മേഖലയിലൂടെ കാട്ടാനക്കൂട്ടം നദി മുറിച്ചുകടക്കുന്നതിനിടെ ശക്തമായ നീരൊഴുക്കിൽപ്പെട്ട് കൂട്ടത്തിൽ നിന്ന് വേർപെട്ടുപോയ ഏതാനും ദിവസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി മരണമുഖത്തുനിന്നാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
നദിയിലെ അതിശക്തമായ ഒഴുക്കിൽപ്പെട്ട് കിലോമീറ്ററുകളോളം ഒഴുകിപ്പോയ കുഞ്ഞാന വെള്ളത്തിൽ മുങ്ങിപ്പൊങ്ങി ശ്വാസത്തിനായി പിടയുന്നത് മീൻപിടിച്ചുകൊണ്ടിരുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സാഹചര്യം മനസിലാക്കിയ മത്സ്യത്തൊഴിലാളികൾ ഒട്ടും സമയം പാഴാക്കാതെ തങ്ങളുടെ ബോട്ട് ആനക്കുട്ടി ഒഴുകിപ്പോയ ദിശയിലേക്ക് തിരിച്ചു. ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ച് ഏകദേശം മൂന്ന് കിലോമീറ്ററിലധികം ദൂരം ആനക്കുട്ടിയെ പിന്തുടർന്ന ഇവർ, ഒടുവിൽ ആനക്കുട്ടിയെ സാഹസികമായി വള്ളത്തിലേക്ക് വലിച്ചുകയറ്റി.
ഭയന്നും തണുത്തുവിറച്ചും വള്ളത്തിന്റെ തട്ടിൽ കിടന്ന ആനക്കുട്ടിയെ തടവിക്കൊടുത്ത് ആശ്വസിപ്പിച്ച ഇവർ, അതിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ച ശേഷം വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കഠംബാരി റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി ആനക്കുട്ടിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച് ആവശ്യമായ പരിചരണങ്ങൾ നൽകി. തുടർന്ന് ഗജോൽഡോബ വനമേഖലയിൽ ഇപ്പോഴും തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തിനിടയിൽ നിന്ന് കുഞ്ഞാനയുടെ അമ്മയെ കണ്ടെത്താനായി വനപാലകരും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അമ്മയാനയെ കണ്ടെത്തുകയും, ആളുകളുടെ സാന്നിധ്യത്തിൽ തന്നെ അമ്മ തന്റെ കുഞ്ഞിനെ സ്നേഹത്തോടെ സ്വീകരിച്ച് പാൽ നൽകുകയും ചെയ്തു. തുടർന്ന് രണ്ടാനകളും ഒന്നിച്ചു കാടുകയറിയതോടെയാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശുഭപര്യവസാനമായത്.
A newborn elephant calf was swept nearly 5 km downstream by Teesta’s strong currents.
— Mudit Kumar Verma IFS (@MuditKVerma) September 21, 2026
Our Forest team, with help of local fishermen, rescued the drowning calf and reunited it with its mother.
A beautiful story of rescue and reunion. ?#elephant #wildlife #IFS #forest #teesta pic.twitter.com/rvq7fpyMd2
Tags : ElephantRescue WildlifeRescue TeestaRiver Jalpaiguri WestBengal