നേപ്പാളിലെ ലാംജങ് ജില്ലയിൽ വനംവകുപ്പ് അധികൃതരെയും പ്രദേശവാസികളെയും ഒരുപോലെ ഭീതിയിലാഴ്ത്തി പുള്ളിപ്പുലിയുടെ ആക്രമണം. മയക്കുവെടിയേറ്റ് ബോധരഹിതനായെന്ന നിഗമനത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിച്ച വന്യമൃഗം കൂട് മാറ്റുന്നതിനിടെ അപ്രതീക്ഷിതമായി ഉണർന്ന് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
ബെസിസഹറിലെ ദുംഗ് ഖോലയിൽ നിന്നും പിടികൂടി ലാംജങ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെത്തിച്ച പുള്ളിപ്പുലിയാണ് സെപ്റ്റംബർ 10-ന് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചത്. ചെറിയ വാഹനത്തിൽ നിന്നും താൽക്കാലിക കൂട് താഴെയിറക്കി വലിയൊരു കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.
പെട്ടെന്ന് ഉണർന്നെണീറ്റ പുള്ളിപ്പുലി കൂട്ടിലെ വാതിൽ ബലമായി തള്ളിത്തുറന്ന് തൊട്ടടുത്തുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡ് ബുദ്ധി ജങ് ഗുരുങ്ങിന്റെ മേലേക്ക് ചാടിവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഇരുമ്പുവടിയും മറ്റുമുപയോഗിച്ച് മൃഗത്തെ തുരത്താൻ ശ്രമിച്ചെങ്കിലും 57-കാരനായ ഗുരുങ്ങിന് ആക്രമണത്തിൽ പരിക്കേറ്റു.
തുടർന്ന് ഓഫീസ് വളപ്പിലൂടെ ഓടിനടന്ന പുള്ളിപ്പുലി കെട്ടിടത്തിന്റെ തൂണുകളിൽ കയറി രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ തടസങ്ങളും മറ്റ് പ്രതിരോധ മാർഗങ്ങളും തീർത്ത് മൃഗത്തെ പരിസരത്തുതന്നെ തളച്ചിടുകയായിരുന്നു.
വാർത്ത പരന്നതോടെ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ പൊലിസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സുരക്ഷിത അകലത്തിലേക്ക് മാറ്റി. മൃഗത്തെ പൂർണമായും തിരികെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് അധികൃതർ.
नियन्त्रणमा लिएको चितुवा फुत्किएर लमजुङ डिभिजन वन कार्यालय मै भयो यस्तो... pic.twitter.com/CpM8Ag1iod
— Nirmal Prasai?? (@NirmalPrasai5) September 11, 2026
Tags : NepalNews Lamjung WildlifeRescue LeopardAttack ForestDepartment