സാങ്കേതികവിദ്യയുടെ വികാസത്തോടെ ഹ്യൂമനോയിഡ് റോബോട്ടുകൾ വിവിധ മേഖലകളിൽ സാന്നിധ്യമറിയിക്കുന്നത് ഇപ്പോൾ പതിവാണ്.
എന്നാൽ പരമ്പരാഗതമായ ഇന്ത്യൻ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചുകൊണ്ട് വേറിട്ടൊരു അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് 'മായാ' എന്ന റോബോട്ട്.
ഇൻസ്റ്റാഗ്രാമിലൂടെ സോഹൻ റായ് പങ്കുവെച്ച വീഡിയോയിലൂടെയാണ് മായയുടെ ഈ നൃത്തപ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
പ്രശസ്തമായ ഒരു മറാത്തി ഗാനത്തിനൊത്ത്, പരമ്പരാഗത വസ്ത്രധാരണത്തിൽ ഒരു നർത്തകിക്കൊപ്പം കൃത്യതയോടെയാണ് റോബോട്ട് ചുവടുകൾ വെക്കുന്നത്.
ചൈനീസ് റോബോട്ടിക്സ് കമ്പനിയായ 'യൂണിട്രീ'യുടെ നിലവിലുള്ള ജി1 റോബോട്ട് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മായായുടെ നിർമ്മാണം.
ഇതിനെ പൂർണമായും ഒരു ഇന്ത്യൻ രൂപത്തിലേക്ക് മാറ്റിയെടുത്തത് ട്യൂസ്ഡേ ലാബ്സിലെ വിദഗ്ദ്ധരും മാസ്റ്റേഴ്സ് യൂണിയനിലെ വിദ്യാർഥികളും ചേർന്നാണ്.
റോബോട്ടിന് പ്രത്യേക ശബ്ദവും വ്യക്തിത്വവും ചലനങ്ങളും നൽകിയ സംഘം, മനുഷ്യന്റേതിന് സമാനമായ മുടിയുള്ള വിഗും പ്രത്യേക ആഭരണങ്ങളും 3ഡി പ്രിന്റഡ് ശരീരഭാഗങ്ങളും നൽകി ഇതിന് ഒരു ഇന്ത്യൻ ലുക്ക് നൽകുകയായിരുന്നു.
ഒരു ശാസ്ത്രീയ നർത്തകിയുടെ ചലനങ്ങൾ 'മോഷൻ ക്യാപ്ചർ' സാങ്കേതികവിദ്യ വഴി റെക്കോർഡ് ചെയ്ത ശേഷമാണ് മായയെ പരിശീലനം നൽകി എടുത്തത്.
ഈ വിവരങ്ങൾ ഉപയോഗിച്ച് ബാലൻസ് തെറ്റാതെ ചുവടുകൾ വെക്കാൻ റോബോട്ടിനെ പ്രാപ്തമാക്കി. റോബോട്ടിക് രംഗത്ത് ഇത് വലിയൊരു നേട്ടമായി വിദഗ്ദ്ധർ വിലയിരുത്തുമ്പോഴും സമ്മിശ്ര പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.
ശാസ്ത്രീയ നൃത്തത്തിന് ആവശ്യമായ ഭാവങ്ങളും ആത്മബന്ധവും ഒരു യന്ത്രത്തിന് ഒരിക്കലും നൽകാനാവില്ലെന്നും, മനുഷ്യന്റെ സർഗാത്മകതയ്ക്ക് പകരമാവാൻ ടെക്നോളജിക്ക് കഴിയില്ലെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.
Tags : HumanoidRobot MayaRobot RoboticsInIndia IndianClassicalDance TechAndTradition