ഇന്ത്യ പിന്നോക്ക രാജ്യമാണെന്ന ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് മുംബൈയിൽ താമസിക്കുന്ന നെതർലാന്റ്സ് സ്വദേശിയായ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു.
രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ലഭ്യമാകുന്ന അതിവേഗ സേവനങ്ങളും സൗകര്യങ്ങളും ചൂണ്ടിക്കാണിച്ചാണ്, പാശ്ചാത്യ ലോകത്തെ പ്രമുഖ രാജ്യങ്ങളേക്കാൾ പല കാര്യങ്ങളിലും ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് ഇവർ വ്യക്തമാക്കുന്നത്.
ക്വിക്ക്-കൊമേഴ്സ് ആപ്പുകൾ വഴി വെറും 10 മിനിറ്റിനുള്ളിൽ പൂക്കൾ വീട്ടുപടിക്കൽ എത്തിയ അനുഭവമാണ് യുവതിയെ അതിശയിപ്പിച്ചത്. സ്വന്തം നാടായ നെതർലാന്റ്സിലും ഇത്തരം സൗകര്യങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയിലെ വലിയ നഗരങ്ങൾക്ക് പുറമെ സാധാരണ നഗരങ്ങളിൽ പോലും ഇത്ര വേഗത്തിൽ സേവനങ്ങൾ ലഭ്യമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ഇവർ പറയുന്നു.
ഇന്ത്യയെ എപ്പോഴും കുറ്റപ്പെടുത്തുന്നവർ അനുഭവ യാഥാർഥ്യങ്ങൾ കാണാതെ പോവുകയാണെന്നും, അനാവശ്യമായ ഇടുങ്ങിയ ചിന്താഗതിയും അപകർഷതാബോധവുമാണ് ഇന്ത്യയിലെ വികസനത്തെയും വളർച്ചയെയും അംഗീകരിക്കാൻ പലരെയും മടിപ്പിക്കുന്നതെന്നും യുവതി കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിൽ പോരായ്മകൾ ഉണ്ടാകാമെങ്കിലും ദൈനംദിന ജീവിതം സുഗമമാക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളിൽ രാജ്യം വളരെ മുന്നിലാണ്. യുവതിയുടെ ഈ നിരീക്ഷണം ഇൻസ്റ്റാഗ്രാമിൽ വൻ തോതിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നത്.
ഇന്ത്യയിലെ ക്വിക്ക് ഡെലിവറി ആപ്പുകൾ സൃഷ്ടിച്ച മാറ്റത്തെയും സമയലാഭത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.
Tags : IndiaTech QuickCommerce MumbaiDiaries ExpatsInIndia LifeInIndia