അമേരിക്കയിലെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്വെയർ എൻജിനീയറിംഗ് ജോലി ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് തിരിഞ്ഞ് വൻ വിജയം കൊയ്യുകയാണ് സാഗർ ഖാരെ എന്ന യുവാവ്.
മഹാരാഷ്ട്രയിലെ സോലാപ്പൂർ ജില്ലയിലുള്ള കുർദൂവാടി ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമിയിൽ ആരംഭിച്ച മുരിങ്ങ കൃഷിയിലൂടെ ഇന്ന് പ്രതിവർഷം 36 ലക്ഷത്തോളം രൂപയാണ് ഈ മുൻ ഐടി ജീവനക്കാരൻ സമ്പാദിക്കുന്നത്.
തനതായ ആശയങ്ങളും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കാർഷിക മേഖലയെ വൻ ലാഭകരമായ ബിസിനസാക്കി മാറ്റാമെന്ന് സാഗർ സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു.
പരമ്പരാഗതമായി കൃഷി ചെയ്തുവന്നിരുന്ന കുടുംബ പശ്ചാത്തലത്തിൽ വളർന്ന സാഗറിന്, കോർപ്പറേറ്റ് ലോകത്തെ ജോലിനേട്ടങ്ങളേക്കാൾ കൂടുതൽ സംതൃപ്തി നൽകിയത് സ്വന്തം മണ്ണിലെ അധ്വാനമായിരുന്നു.
അങ്ങനെയാണ് ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലി ഉപേക്ഷിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ചെലവും അവ മണ്ണിലുണ്ടാക്കുന്ന ദോഷവശങ്ങളും മനസിലാക്കിയ സാഗർ, ജൈവരീതിയിലുള്ള മുരിങ്ങ കൃഷി തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടക്കത്തിൽ കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്. 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് ഉയരുന്ന സോലാപ്പൂരിലെ കടുത്ത വേനലിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വിളകളെക്കുറിച്ച് നടത്തിയ ദീർഘ പഠനമാണ് അദ്ദേഹത്തെ മുരിങ്ങയിലേക്ക് എത്തിച്ചത്.
ഇതിനായി തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രമുഖ കർഷകരെ നേരിൽ കണ്ട് കൃഷിരീതികളും ഇതിന്റെ വാണിജ്യ സാധ്യതകളും സാഗർ വിശദമായി മനസിലാക്കി.
ആധുനിക കൃഷി എന്നത് വെറും ശാരീരിക അധ്വാനം മാത്രമല്ലെന്നും, ശരിയായ വിപണി പഠനവും സാങ്കേതിക പരിജ്ഞാനവും ചേരുമ്പോൾ അതൊരു മികച്ച വരുമാന മാർഗമായി മാറുമെന്നും ഈ യുവാവിന്റെ വിജയം അടിവരയിടുന്നു.
നഗരങ്ങളിലെ വൻകിട ഓഫീസുകളിലേക്കും വിദേശ ജോലികളിലേക്കും ആളുകൾ പാഞ്ഞുപോകുമ്പോൾ, കൃത്യമായ പ്ലാനിംഗിലൂടെ സ്വന്തം നാട്ടിലെ മണ്ണിൽ നിന്ന് തന്നെ മികച്ച വിജയം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന വലിയൊരു സന്ദേശമാണ് സാഗറിന്റെ ഈ ജീവിത യാത്ര നൽകുന്നത്.
Tags : SagarKhare MoringaFarming Agripreneur IndianFarmers OrganicFarming