ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ പെട്ട ബഗഗഹൻ ഗ്രാമത്തെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തി 15 അടിയോളം നീളമുള്ള കൂറ്റൻ മുതല.
ജനവാസ മേഖലയിലെ ഒരു വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് വളർത്തുമൃഗങ്ങൾക്ക് ഭീഷണിയായി മുതല കടന്നുകൂടിയത്. ഇരതേടി ഗ്രാമത്തിലേക്ക് വഴിതെറ്റി എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
തൊഴുത്തിൽ അസാധാരണ ചലനവും ഭയന്നോടുന്ന വളർത്തുമൃഗങ്ങളുടെ ബഹളവും കേട്ട് വീട്ടുകാരൻ പരിശോധിച്ചപ്പോഴാണ് മുതലയെ കണ്ടത്.
വിവരമറിഞ്ഞ് അയൽവാസികളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് തടിച്ചുകൂടി. തുടർന്ന് വനംവകുപ്പ് അധികൃതർ എത്തുന്നതുവരെ കാത്തുനിൽക്കാതെ ഗ്രാമീണർ തന്നെ സാഹസിക രക്ഷാപ്രവർത്തനത്തിന് മുതിരുകയായിരുന്നു.
മുതലയുടെ ആക്രമണ സാധ്യത ഒഴിവാക്കാൻ മുഖവും വായയും ചാക്കുകൊണ്ട് മൂടിക്കെട്ടിയ ശേഷം നാട്ടുകാർ ഒന്നടങ്കം ചേർന്ന് അതിനെ തോളിലേറ്റിയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം മുതലയുടെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് മുതലകളുടെ കേന്ദ്രമായ ഭിതർകനിക വന്യജീവി സങ്കേതത്തിലെ സംരക്ഷിത തോട്ടിലേക്ക് ഇതിനെ സുരക്ഷിതമായി തുറന്നുവിട്ടു.
സംഭവം വിജയകരമായി അവസാനിച്ചെങ്കിലും ഇത്രയും വലിയൊരു വന്യജീവി വീടുകൾക്ക് സമീപം വരെയെത്തിയത് പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കാടിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിച്ചുവരുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് ഗ്രാമീണർ ചൂണ്ടിക്കാട്ടുന്നു.
Tags : Odisha WildlifeRescue CrocodileRescue Kendrapara Bhitarkanika