തിരമാലകൾക്ക് താഴെ സ്രാവുകൾ നീന്തിത്തുടിക്കുന്ന ആഴക്കടലിന്റെ അന്തരീക്ഷത്തിൽ വെച്ച് നടന്ന ഒരു അപൂർവ വിവാഹാഭ്യർഥനയുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
യുകെയിലെ ബക്കിംഗ്ഹാംഷെയർ സ്വദേശിയായ ജെയിംസ് വാൾഷ് തന്റെ കാമുകിയായ പേജ് കുക്കിനോടാണ് വേറിട്ട രീതിയിൽ പ്രണയാഭ്യർഥന നടത്തിയത്.
ലിങ്കൺഷെയറിലെ സ്കെഗ്നെസ് അക്വേറിയത്തിലെ സ്കൂബാ ഡൈവിംഗ് അനുഭവത്തിനിടയിലാണ് സ്രാവുകളെ സാക്ഷി നിർത്തി ജെയിംസ് പ്രിയതമയോടുള്ള പ്രണയം തുറന്നുപറഞ്ഞത്.
സാധാരണയായി ആളുകൾ തിരഞ്ഞെടുക്കുന്ന പരമ്പരാഗതമായ പ്രണയാഭ്യർഥന രീതികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ജെയിംസ് ആഗ്രഹിച്ചിരുന്നു. സ്രാവുകളോട് പേജിനുള്ള പ്രത്യേക ഇഷ്ടം മനസിലാക്കിയാണ് ഇത്തരം ഒരു സാഹസിക പശ്ചാത്തലം അവൻ തിരഞ്ഞെടുത്തത്.
സ്കൂബാ ഡൈവിംഗിനായി എത്തിയ ഇവരെ അക്വേറിയം അധികൃതരുടെ സഹായത്തോടെ സഹഡൈവർമാരിൽ നിന്ന് അല്പം മാറ്റി നിർത്തിയ ശേഷമായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
ഡൈവിംഗ് വസ്ത്രങ്ങളും സ്കൂബാ ഗിയറും ധരിച്ച് വെള്ളത്തിനടിയിൽ വെച്ച് ജെയിംസ് വിവാഹാഭ്യർഥന എഴുതിയ പ്രത്യേക ബോർഡ് പേജിന് മുന്നിൽ ഉയർത്തിക്കാട്ടി.
തീർത്തും അപ്രതീക്ഷിതമായ ഈ നീക്കത്തിൽ അമ്പരന്നുപോയ പേജ്, വികാരഭരിതയായി തന്റെ സന്തോഷം മറച്ചുവെക്കാനാവാതെ സ്കൂബാ മാസ്കിലേക്ക് കൈകൾ ചേർത്തു. തുടർന്ന്, വാട്ടർപ്രൂഫ് സിഗ്നലിലൂടെ അവൾ തന്റെ സമ്മതം അറിയിക്കുകയും ചെയ്തു.
ആഗ്രഹിച്ചതുപോലെ സ്രാവുകൾക്കൊപ്പം നീന്താൻ കഴിഞ്ഞതിനൊപ്പം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിനും സാക്ഷിയാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പേജ്.
ഒരു അക്വേറിയം ടാങ്കിനുള്ളിലാണ് താൻ നിൽക്കുന്നത് എന്ന കാര്യം പോലും ആ നിമിഷത്തിൽ മറന്നുപോയെന്ന് അവൾ ഓർത്തെടുക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വേറിട്ട സംഭവത്തെയും നവദമ്പതികളെയും വാഴ്ത്തി അക്വേറിയം അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.
Tags : UnderwaterProposal SharkTankProposal UniqueProposals ProposalGoals SheSaidYes