പൂജകളും പ്രാർഥനകളും നിറയുന്ന പതിവു ക്ഷേത്രാന്തരീക്ഷങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയ്ക്കാണ് തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
ചരിത്രപ്രസിദ്ധമായ വാട് അരുൺ ക്ഷേത്രത്തിലെത്തുന്ന സന്ദർശകർ പ്രാർഥനയോടൊപ്പം തന്നെ പ്രാധാന്യം നൽകുന്നത് തായ് പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രീകരണങ്ങൾക്കാണ്.
പൈതൃക സ്മാരകമെന്നതിലുപരി ഒരു ഫാഷൻ കേന്ദ്രത്തിന്റെ പ്രതീതിയാണ് നിലവിൽ ഈ ക്ഷേത്രമുറ്റത്ത് അനുഭവപ്പെടുന്നത്. യാത്രാ വ്ലോഗറായ സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കൗതുകക്കാഴ്ച വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്.
ക്ഷേത്രപരിസരത്ത് പ്രവർത്തിക്കുന്ന വസ്ത്രശാലകളിൽനിന്ന് തായ് പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കെടുത്ത്, മേക്കപ്പും ചെയ്ത് അണിഞ്ഞൊരുങ്ങാൻ സന്ദർശകർക്ക് സൗകര്യമുണ്ട്.
വസ്ത്രങ്ങൾക്കൊപ്പം ക്ഷേത്രത്തിനുള്ളിലെ ഫോട്ടോഷൂട്ട് കൂടി ഉൾപ്പെടുന്ന പാക്കേജുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്.
തായ് സംസ്കാരം അടുത്തറിയാനും വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തി മികച്ച യാത്രാനുഭവം സ്വന്തമാക്കാനും ഇത് സഹായിക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, അവിടുത്തെ കടുത്ത ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിൽ ഇത്തരത്തിലുള്ള വസ്ത്രധാരണം പ്രയാസകരമാണെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
വസ്ത്രങ്ങൾ വാടകയ്ക്കെടുക്കുന്നതിനും ഫോട്ടോഷൂട്ടിനുമായി ഈടാക്കുന്ന തുകയെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏതായാലും ബാങ്കോക്കിലെത്തുന്ന സഞ്ചാരികളുടെ യാത്രാ ഡയറിയിലെ ഒഴിവാക്കാനാവാത്ത ഒരിടമായി വാട് അരുൺ ക്ഷേത്രം മാറിയിരിക്കുകയാണ്.
Tags : WatArun ThailandTravel BangkokDiaries UniqueTemples TravelNews