കിഴക്ക് സൂര്യനുദിച്ചല്ലോ.., ഇന്‍സ്റ്റഗ്രാം തൂക്കിയ, അടുത്തിടെ റീലുകളില്‍ മുഴങ്ങിക്കൊണ്ടിരുന്ന ഗാനം... 27 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പഴയ ക്രീസ്തീയ ഭക്തിഗാനത്തിന്റെ റാപ്പ് വേര്‍ഷന്‍ റാപ്പര്‍ ഫെജോ പുറത്തിറക്കിയപ്പോള്‍ ഗാനം ആലപിച്ച അരൂര്‍ എംഎല്‍എ ദലീമ ജോജോയും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിലുപരി ഗാനത്തിന്റെ യഥാര്‍ഥ സംഗീത സംവിധായകനായ വയലിന് ജേക്കബിന്റെ പേരും വീണ്ടും ചര്‍ച്ചയായി.
ക്രിസ്തീയ ഗാനത്തിന്റെ പതിവ് ശൈലിയെ പൊളിച്ചെഴുതിയ പ്രതിഭ വയലിന് ജേക്കബിന്റെ പേര് ഇപ്പോൾ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരാതിക്കാരായ അലക്സാണ്ടർ കുരുവിള- ബോബി കുരുവിള സഹോദരങ്ങളുടെ വെളിപ്പെടുത്തലുകളാണ് വയലിന് ജേക്കബിന്റെ സംഗീത സംഭാവനകള്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയായിരിക്കുന്നത്. തച്ചങ്കരി തന്റെ പേരില്‍ പുറത്തിറക്കിയ ചില ഹിറ്റ് ആല്‍ബങ്ങള്‍ക്കു യഥാര്‍ഥത്തില്‍ സംഗീതം ഒരുക്കിയത് വയലിന് ജേക്കബ് ആണെന്നാണ് ഇരുവരും ദീപിക ന്യൂസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
തദേവൂസ് അച്ചന്റെ കണ്ണീരാണ് മോചനം എന്ന കാസറ്റ്. തദ്ദേവൂസ് അച്ചന് യേശുദാസ് ഒരു വാക്ക് കൊടുത്തു, ഒരു പാട്ട് പാടാമെന്ന്. അത് ഇവന് അറിഞ്ഞ് സംഗീതം ചെയ്യാമെന്നു പറഞ്ഞു. എന്നാല്‍, വയലിന് ജേക്കബ് ആണ് അതിന് മ്യൂസിക് ചെയ്തത്. എന്തേ വയലിന് ജേക്കബ് മരിച്ചതിനു ശേഷം തച്ചങ്കരിയുടെ ഒരു കാസറ്റും ഹിറ്റ് ആവത്തത്. വചനം, തിരുവചനം, മോചനം എന്ന മൂന്നു കാസറ്റും ജേക്കബ് ചെയ്തതാണ്. അത് കഴിഞ്ഞുള്ള തച്ചങ്കരിയുടെ വര്‍ക്കൊന്നും ഹിറ്റ് ആവാത്തത് എന്താണ്. ഒരു പാട്ടും ഹിറ്റ് ആയിട്ടില്ല. ഇവന് റിട്ടയര്‍ ആയപ്പോള്‍ കാളരാഗത്തില്‍ ഒരു പാട്ട് പാടി. അത് എന്തേ ഹിറ്റ് ആകാത്തത്. ഇവന് വല്യ മ്യൂസിക് ഡയറക്ടര്‍ ആണെങ്കില്‍ അതു ഹിറ്റ് ആകണ്ടേ - ഇതാണ് അഭിമുഖത്തിൽ അലക്സാണ്ടർ കുരുവിളയുടെ വാക്കുകൾ.
തച്ചങ്കരി പുറത്തിറക്കിയ ഗാനങ്ങള്‍ യഥാർഥത്തിൽ വയലിന് ജേക്കബ് ഒരുക്കിയതാണെന്ന അലക്സാണ്ടർ കുരുവിളയുടെ വാദം ആരാണ് വയലിന് ജേക്കബ് എന്ന ചോദ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു പക്ഷേ, ആ പേര് കേൾക്കാത്ത മലയാളികൾക്കു പോലും ഏറെ പ്രിയപ്പെട്ടതാണ് വയലിന് ജേക്കബിന്റെ ഈണങ്ങള്‍. ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്കിയ വയലിന് ജേക്കബ് സംഗീതലോകത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയാണ്.
കോട്ടയം ജില്ലയിലെ വെള്ളൂരിൽ വെളുത്തേടത്ത് വീട്ടില്‍ ജോസഫ്-സെലിന് ദമ്പതികളുടെ മകനായി 1972ല്‍ ആണ് ജേക്കബ് ജനിച്ചത്. ഒമ്പതാം വയസു മുതല്‍ പള്ളിയിലെ ഗായക സംഘത്തോടൊപ്പം ജേക്കബും ചേര്‍ന്നു. പത്താം വയസിലാണ് വയലിന് പഠിപ്പിക്കുന്ന മാത്യു എന്ന ഗുരുവിന്റെ അടുക്കല്‍ എത്തുന്നത്.
ഇതിനിടെ ഗാനമേളകള്‍ക്കും നാടകങ്ങള്‍ക്കും ഓര്കസ്ട്രയില് പങ്കാളിയായി. തുടര്‍ന്ന് റെക്സ് മാസ്റ്ററുടെ കീഴില്‍ ചിട്ടയായ പരിശീലനം നേടിയ ജേക്കബ് പ്രതിഭാധനനായ വയലിനിസ്റ്റ് എന്ന പേര് നേടിയെടുത്തു. ഇളയരാജ അടക്കം തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായി മാറി. കുമരകം രാജപ്പന് സംഗീതം നല്കുന്ന ആല്‍ബങ്ങളുടെ റിക്കാര്‍ഡിംഗില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.
പഴയകാല ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യാനായി ബിനോയ് ചാക്കോ എന്ന ഗായകന് പദ്ധതിയിട്ടപ്പോള്‍ ഓര്‍ക്കസ്ട്രഷന്‍ നയിക്കാന്‍ ജേക്കബിനെ ചുമതലപ്പെടുത്തി. ആദ്യ കാലത്തു വി.ജെ ജേക്കബ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫാ. തദേവൂസ് അരവിന്ദത്ത് ആണ് വയലിന് ജേക്കബ് എന്നു പേരില്‍ വിളിച്ചു തുടങ്ങിയത്.
ഒരു നിമിഷം എന്‍ യേശുവിന് മുന്നില്‍, ഹൃദയം തകര്ന്നൊരുനാള്, കുഞ്ഞ നീയെന്‍ കയ്യില്‍, യേശുവേ നീയെനിക്കായ്-മധുബാലകൃഷ്ണന്, യേശുവിന് മുഖം, ദൈവം തരുന്നതെന്തും, ഈശോ നാഥാ തുടങ്ങി നിരവധി ഗാനങ്ങള്‍ ഒരുക്കി. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കെയാണ് ജേക്കബിന് കരള്‍രോഗം ബാധിച്ചത്. 38-ാം വയസില്‍, 2000 ഫെബ്രുവരി 13ന് അദ്ദേഹം അന്തരിച്ചു. ജീവിതകാലം ചെറുതായിരുന്നെങ്കിലും വയലിന് ജേക്കബ് സൃഷ്ടിച്ച സംഗീതത്തിന്റെ ആയുസ് അതിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ്.
കാലം മാറിയിട്ടും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പുതിയ തലമുറയുടെ ശബ്ദത്തിലും പുതിയ സംഗീതരൂപങ്ങളിലും വീണ്ടും ജനിക്കുന്നു. കിഴക്ക് സൂര്യനുദിച്ചല്ലോ... എന്ന ഗാനത്തിന്റെ റാപ്പ് വേര്‍ഷന്‍ വീണ്ടും വൈറലായപ്പോഴും സംഭവിച്ചത് അതുതന്നെയാണ്. പഴയൊരു ഈണം പുതിയ തലമുറയുടെ കാതുകളിലെത്തുമ്പോള്‍, അതിനു പിന്നില്‍ നിന്നിരുന്ന മറന്നുപോയ സംഗീതപ്രതിഭയുടെ പേര് വീണ്ടും ഉയര്‍ന്നുകേള്‍ക്കുന്നു, വയലിന് ജേക്കബ്.
Tags : TominJThachankary ViolinJacob ChristianDevotionalSongs MalayalamMusic MalayalamHits