ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിലെ താമസച്ചെലവിനെക്കുറിച്ചുള്ള ഒരു ഇന്ത്യൻ സംരംഭകയുടെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഉള്ളടക്ക നിർമ്മാതാവ് കൂടിയായ ഖുഷി ജെയിൻ, സാമ്പത്തിക ഇൻഫ്ലുവൻസറായ ശരൺ ഹെഗ്ഡെയുമായി നടത്തിയ അഭിമുഖത്തിലാണ് മൻഹാറ്റനിലെ ഉയർന്ന വാടക നിരക്കുകളെക്കുറിച്ച് വെളിപ്പെടുത്തിയത്.
പ്രധാന സൗകര്യങ്ങളുള്ള രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിനായി പ്രതിമാസം 10,000 ഡോളറിലധികം (ഏകദേശം പത്ത് ലക്ഷം ഇന്ത്യൻ രൂപ) വാടക നൽകേണ്ടി വരുന്നുവെന്നതാണ് ഇവരുടെ പ്രതികരണം.
മൻഹാറ്റനിൽ സൗകര്യങ്ങളുള്ള വീടുകൾക്ക് ഈ തുകയിൽ താഴെ കണ്ടെത്തുക പ്രയാസമാണെന്നും, ഇതാണ് താൻ പിന്നീട് മൻഹാറ്റനു പുറത്തേക്ക് താമസം മാറ്റാൻ കാരണമെന്നും ഖുഷി വ്യക്തമാക്കുന്നു.
എന്നാൽ ബ്രൂക്ലിൻ, ലോംഗ് ഐലൻഡ് സിറ്റി, ക്വീൻസ്, ആസ്റ്റോറിയ തുടങ്ങിയ പ്രദേശങ്ങളിൽ സമാനമായ അപ്പാർട്ട്മെന്റുകൾ പ്രതിമാസം 5,000 മുതൽ 6,000 ഡോളർ വരെയുള്ള നിരക്കിൽ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
താമസവും അനുബന്ധ ജീവിതച്ചെലവുകളും ചേർത്ത് പ്രതിമാസം 10,000 ഡോളറോളം ചെലവുവരുമെന്നാണ് കണക്കുകൂട്ടൽ. ഇത് പ്രതിവർഷം 95 ലക്ഷം മുതൽ 1.14 കോടി രൂപ വരെയാകും.
അതേസമയം, വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള സംവാദങ്ങളാണ് ഇന്റർനെറ്റിൽ ഉയർന്നുവരുന്നത്. ഖുഷി പറഞ്ഞ വാടകത്തുക അമിതമായി പെരുപ്പിച്ചു കാണിച്ചതാണെന്നും 5,000 മുതൽ 6,000 ഡോളറിന് മൻഹാറ്റനിൽ തന്നെ നല്ല കാഴ്ചകളുള്ള വീടുകൾ ലഭിക്കുമെന്നും വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുന്ന ചിലർ അഭിപ്രായപ്പെടുന്നു.
കൂടാതെ, ഇത്രയും വലിയ തുക ഒരാൾ തനിയെ അല്ല നൽകുന്നതെന്നും പങ്കാളികളോടൊപ്പമോ റൂംമേറ്റ്സിനോടൊപ്പമോ പങ്കുവെച്ചാണ് നൽകുന്നതെന്നും ഇത്തരക്കാരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം ഡോളറിനു മുകളിലായിരിക്കുമെന്നും പ്രതികരണങ്ങളിലുണ്ട്.
അമേരിക്കയിലെ ഉയർന്ന വരുമാന നിലവാരത്തെ ഇന്ത്യയിലെ രൂപയിലേക്ക് നേരിട്ട് മാറ്റി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും, ന്യൂയോർക്കിലെ വരുമാനത്തിന് അനുസരിച്ചാണ് അവിടെയുള്ള ജീവിതച്ചെലവുകളെന്നും മറ്റ് ചിലർ വ്യക്തമാക്കുന്നു.
Tags : NYCRent NewYorkCity ManhattanLiving CostOfLiving KhushiJain