ഉത്തർപ്രദേശിലെ മൊറാദാബാദിൽ ചരക്കുലോറി മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ വേറിട്ടൊരു കാഴ്ചയ്ക്കാണ് വഴിയോരം സാക്ഷ്യം വഹിച്ചത്. ഹരിയാനയിൽ നിന്ന് രുദ്രപൂരിലെ പ്രൊഡക്ഷൻ യൂണിറ്റിലേക്ക് വൻതോതിൽ നെയ്യുമായി പോവുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
വാഹനം തലകീഴായി മറിഞ്ഞതോടെ അതിലുണ്ടായിരുന്ന ലിറ്റർ കണക്കിന് നെയ്യ് പാതയോരത്തേക്ക് ഒഴുകിപ്പരന്നു. അപകടത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചില്ല എന്നത് വലിയ ആശ്വാസമായി.
എന്നാൽ അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ഡ്രൈവറെ സഹായിക്കുന്നതിന് പകരം കവറുകളും പാത്രങ്ങളുമായെത്തി റോഡിലെ അഴുക്കിൽ കലർന്ന നെയ്യ് കോരിയെടുക്കാൻ മത്സരബുദ്ധിയോടെ തിരക്കു കൂട്ടുകയായിരുന്നു.
ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടിയതോടെ പ്രദേശത്ത് മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പൊലിസ് സംഘമാണ് ആളുകളെ സ്ഥലത്തുനിന്ന് മാറ്റുകയും റോഡിൽ കിടന്ന വാഹനം നീക്കം ചെയ്ത് ഗതാഗതം പൂർവസ്ഥിതിയിലാക്കുകയും ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. അപകടത്തിൽപ്പെട്ടവരെ തിരിഞ്ഞുനോക്കാതെ റോഡിലെ വൃത്തിഹീനമായ സാഹചര്യം പോലും വകവെക്കാതെ സാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിലെ യുക്തിയില്ലായ്മയെ പലരും രൂക്ഷമായി ചോദ്യം ചെയ്തു.
ഇത്തരം നെയ്യ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നും അല്ലെങ്കിൽ ഇത് കുറഞ്ഞ വിലയ്ക്ക് വിപണിയിൽ വിൽക്കാനാണ് സാധ്യതയെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ പാൽഗറിൽ പാൽ ടാങ്കർ മറിഞ്ഞപ്പോഴും സമാനമായ രീതിയിൽ ജനങ്ങൾ പാൽ ശേഖരിക്കാൻ തടിച്ചുകൂടിയത് വാർത്തയായിരുന്നു.
? MORADABAD : A truck reportedly carrying desi ghee overturned on the highway, spilling ghee across the road. A video circulating on social media shows people gathering at the spot and collecting the spilled ghee. pic.twitter.com/su7WjsU2ij
— indiainlast24hr (@indiain24hr) September 23, 2026
Tags : Moradabad UPNews UttarPradesh MoradabadNews IndianNews