ഹിമാചൽ പ്രദേശിലെ സ്പിതി വാലിയിലെ പരുക്കൻ മലയോര പാതകളിലൂടെ തികച്ചും വ്യത്യസ്തമായ രീതിയിൽ യാത്ര ചെയ്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ് രണ്ട് ബ്രിട്ടീഷ് സഞ്ചാരികൾ.
സാധാരണയായി ബൈക്കുകളിലോ വലിയ ഫോർ വീലർ വാഹനങ്ങളിലോ ആളുകൾ എത്തിച്ചേരുന്ന ഈ കഠിനമായ ഹിമാലയൻ പ്രദേശത്തുകൂടി ഒരു സാധാരണ ഓട്ടോറിക്ഷയിലാണ് ഇവർ തങ്ങളുടെ സാഹസിക യാത്ര നടത്തുന്നത്.
താബോയിൽ നിന്ന് കാസയിലേക്കുള്ള യാത്രയ്ക്കിടയിലാണ് 'വിശാൽ എക്സ്പ്രസ്' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധേയനായ വിശാൽ എന്ന ഇന്ത്യൻ സഞ്ചാരി ഈ വിദേശികളെ കണ്ടുമുട്ടുന്നത്.
ഉയരത്തിലുള്ള പ്രദേശങ്ങളും കല്ലും കുഴിയും നിറഞ്ഞ റോഡുകളും കാരണം വെല്ലുവിളി നിറഞ്ഞ ഈ വഴിയിലൂടെ ഓട്ടോറിക്ഷയിൽ പോകുന്ന വിദേശികളെ കണ്ടപ്പോൾ അത്ഭുതപ്പെട്ട വിശാൽ അവരുമായി സംസാരിക്കുകയും ഈ അപൂർവ്വ നിമിഷം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു.
ലണ്ടനിൽ നിന്നെത്തിയ ഈ വിനോദസഞ്ചാരികളുടെ യാത്ര കേവലം ഒരു സാധാരണ യാത്രയല്ലെന്നും സാഹസികത നിറഞ്ഞതാണെന്നും വിശാൽ കുറിക്കുന്നു.
ലക്ഷ്യസ്ഥാനങ്ങളേക്കാൾ യാത്രയിൽ നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യരിലും അവരുടെ വിശേഷങ്ങളിലുമാണ് യാത്രകളുടെ യഥാർഥ മനോഹാരിതയെന്ന് ഈ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം ഓർമ്മിക്കുന്നു.
സ്പിതി വാലിയിൽ നിന്നുള്ള ഈ വേറിട്ട കാഴ്ച വളരെ പെട്ടെന്നാണ് ഇന്റർനെറ്റിൽ വൈറലായത്. പരുക്കൻ മലനിരകളെ കീഴടക്കാൻ ഈ സാധാരണ വാഹനം തിരഞ്ഞെടുത്ത ബ്രിട്ടീഷ് സഞ്ചാരികളുടെ ആവേശത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
Tags : SpitiValley SpitiDiaries AutoRickshawDiaries HimalayanAdventure IndiaTravel