ഭർത്താവിന്റെ വേർപാടിനു പിന്നാലെ മരുമകളുടെ ജീവിതം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകരുതെന്ന് ആഗ്രഹിച്ച ഒരു കുടുംബം ഉത്തർപ്രദേശിൽ നിന്നുള്ള വേറിട്ടൊരു കാഴ്ചയാവുകയാണ്.
ദുരന്തത്തിന്റെ നിഴൽ വീണ ജീവിതത്തിൽ തളർന്നുപോകാതെ, മുപ്പത്തൊന്നുകാരിയായ മീനാക്ഷി എന്ന മരുമകൾക്ക് പുനർവിവാഹത്തിലൂടെ പുതിയൊരു ജീവിതം സമ്മാനിക്കുകയായിരുന്നു ഈ കുടുംബം.
ഹരിദ്വാർ സ്വദേശിയായ മീനാക്ഷി 2017-ലാണ് ഖതൗലിയിലെ രോഹിതിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ ഈ കുടുംബത്തെ തേടിയെത്തിയത് വലിയൊരു ആഘാതമായിരുന്നു.
രോഗബാധിതനായിരുന്ന രോഹിതിന്റെ പിതാവ് ഓം പാൽ മരണപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ മകൻ രോഹിതും ലോകത്തോട് വിടപറഞ്ഞു. പെട്ടെന്നുണ്ടായ ഈ ദുരന്തത്തിൽ രണ്ടു കുഞ്ഞുങ്ങളുമായി ഒറ്റപ്പെട്ടുപോയ മീനാക്ഷിയുടെ ഭാവി ഓർത്താണ് അമ്മായിയമ്മ സുനിത ദേവി ആശങ്കപ്പെട്ടത്.
മരുമകളെ വീട്ടിൽ നിർത്തി അവരുടെ ജീവിതം പാഴാക്കരുതെന്ന് തീരുമാനിച്ച്, അവരുടെ ഭാവിസുരക്ഷ മുൻനിർത്തി മറ്റൊരു വിവാഹം കഴിപ്പിച്ചു നൽകാൻ അമ്മായിയമ്മ മുൻകൈ എടുക്കുകയായിരുന്നു.
തുടർന്ന് രാജസ്ഥാനിൽ സ്വന്തമായി ബിസിനസ് നടത്തുന്ന യോഗേഷുമായി മീനാക്ഷിയുടെ വിവാഹം ആര്യസമാജം ക്ഷേത്രത്തിൽ വെച്ച് പ്രൗഢമായി നടത്തി. ചടങ്ങുകളിൽ രോഹിതിന്റെ സഹോദരൻ മോഹിത് സ്വന്തം സഹോദരന്റെ സ്ഥാനം ഏറ്റെടുത്താണ് കന്യാദാനം നിർവഹിച്ചത്.
ആരുടെയും സമ്മർദ്ദമില്ലാതെ, പൂർണ സമ്മതത്തോടെയാണ് പുതിയൊരു ജീവിതത്തിലേക്ക് കാൽവെച്ചതെന്ന് മീനാക്ഷി വ്യക്തമാക്കി. തനിക്കൊപ്പം ഉറച്ചുനിന്ന കുടുംബത്തിന് നന്ദി പറയുന്ന മീനാക്ഷിക്കും മക്കൾക്കും ഇനിയും തങ്ങളുടെ തണലുണ്ടാകുമെന്ന് അമ്മായിയമ്മ സുനിതയും ഉറപ്പുനൽകുന്നു.
വിദ്യാഭ്യാസമോ പദവിയോ അല്ല, മാനുഷിക മൂല്യങ്ങളാണ് മനുഷ്യരെ വേറിട്ടുനിർത്തുന്നത് എന്ന് തെളിയിച്ച ഈ കുടുംബത്തിന്റെ മനസിന് സോഷ്യൽ മീഡിയയിലുടനീളം വൻ പ്രശംസയാണ് ലഭിക്കുന്നത്.
Tags : HumanityFirst InspirationalStory WidowRemarriage SocialChange UttarPradesh