കോടതിമുറിയിലെ വസ്ത്രധാരണത്തെച്ചൊല്ലി വിചാരണ നേരിടേണ്ടി വന്ന ടെക്സാസിലെ വനിതാ അഭിഭാഷകയുടെ അനുഭവം നിയമവൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുന്നു.
സാൻ അന്റോണിയോയിൽ നിന്നുള്ള അഭിഭാഷകയും മുൻ ടിവി മാധ്യമപ്രവർത്തകയുമായ മരിയ മെദീനയ്ക്കാണ് ബെക്സാർ കൗണ്ടി ഗവൺമെന്റ് കെട്ടിടത്തിൽ നടന്ന ഹ്രസ്വമായ വാദത്തിനിടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
2019 മുതൽ ബെഞ്ചിലുള്ള ജഡ്ജി യോലാൻഡ ഹഫ്, വാദത്തിനിടെ മരിയയെ അടുത്തു വിളിക്കുകയും അവർ ധരിച്ചിരുന്ന വസ്ത്രം കോടതിക്ക് ചേർന്നതല്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു.
മാധ്യമപ്രവർത്തകയായിരുന്നപ്പോഴും മറ്റ് വിവിധ കോടതികളിൽ ഹാജരായപ്പോഴും താൻ ഇതേ വസ്ത്രമാണ് ഉപയോഗിച്ചിരുന്നതെന്നും, അതിനാൽ ജഡ്ജിയുടെ ഈ നിലപാട് തന്നെ ഏറെ അമ്പരപ്പിച്ചെന്നും മരിയ വ്യക്തമാക്കി.
താൻ ധരിച്ചിരുന്നത് ഒരു സാധാരണ ഷിഫ്റ്റ് ഡ്രസ് ആണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ജൂറി വിചാരണയ്ക്ക് ഇത്തരം ഒരു വസ്ത്രം യോഗ്യമാണോ എന്ന് ചോദിച്ച് ജഡ്ജി അത് നിസാരവത്കരിക്കുകയായിരുന്നു. തോളുകൾ മറയ്ക്കാത്ത വസ്ത്രത്തെ 'ടാങ്ക് ടോപ്പ്' എന്ന് വിശേഷിപ്പിച്ച ജഡ്ജി, കാറിൽ മാറ്റി ധരിക്കാൻ ബ്ലേസർ വല്ലതും ഉണ്ടോ എന്നും ചോദിച്ചു.
തികച്ചും യാഥാസ്ഥിതികമായ പശ്ചാത്തലത്തിൽ വളർന്ന തനിക്ക് മാന്യമായ വസ്ത്രമേതെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും, യോഗ്യമായ നീളവും ബിസിനസ് നിലവാരവുമുള്ള വസ്ത്രത്തെച്ചൊല്ലി പരസ്യമായി അപമാനിക്കപ്പെട്ടതിൽ കടുത്ത നിരാശയുണ്ടെന്നും മരിയ പറഞ്ഞു.
എന്നിരുന്നാലും, കോടതിയുടെ അധികാരത്തെ പൂർണമായും മാനിക്കുന്നതിനാൽ ഇനിയുള്ള തവണകളിൽ തോൾ മറയ്ക്കുന്ന ബ്ലേസർ ധരിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി.
ഈ സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വൻ വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള നിയമവിദഗ്ദ്ധർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം മരിയയെ പിന്തുണച്ച് രംഗത്തെത്തി.
വസ്ത്രത്തിൽ അപാകതകളൊന്നുമില്ലെന്നും, ജഡ്ജി വ്യക്തിപരമായ അനിഷ്ടം തീർക്കാൻ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു എന്നുമാണ് ഇവരുടെ പക്ഷം.
എന്നാൽ, കോടതിമുറിയുടെ ഗൗരവം നിലനിർത്താൻ പുരുഷന്മാരെപ്പോലെ സ്ത്രീകളും തോൾ മറയ്ക്കുന്ന ഔദ്യോഗിക വസ്ത്രങ്ങൾ ധരിക്കണമെന്നും, വസ്ത്രധാരണം സംബന്ധിച്ച് കോടതിമുറിയിൽ ജഡ്ജിയുടെ തീരുമാനമാണ് അന്തിമമെന്നും വാദിക്കുന്നവരും കുറവല്ല.
This is what I was wearing today when a judge said that I was inappropriately dressed for court.
— Mariah Medina (@MMedinanews) September 21, 2026
It’s a dress I’ve worn on air countless times and a dress that I have worn to other courts without issue.
I was confused, so I explained that it’s a shift dress… pic.twitter.com/PUIeyOKGFS
Tags : JudgeYolandaHuff TexasNews LegalNews CourtroomDrama MariahMedina