District News
പെരിന്തൽമണ്ണ: വാക്ക് തർക്കത്തിനിടെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. താഴെക്കോട് അരക്കുപറന്പ് ഇബ്രാഹിം പടി ചേരികല്ലൻ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെ മരിച്ചത്. ഭർത്താവ് ഇബ്രാഹിം പടി ചേരികല്ലൻ മുൻഷിദിനെ (27) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് താഴെക്കോട് അരക്കുപറന്പിലെ വീട്ടിൽ വെച്ച് മുൻഷിദ് തന്റെ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് മുൻഷാദ്. ഷഫ്നയുടെ ശരീരത്തിൽ നിന്ന് തീ ആളിപടർന്ന് മുറിക്കകത്തെ കിടക്കയും വസ്ത്രങ്ങളും നശിച്ചിരുന്നു.
District News
ഉപ്പുതറ : ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി ( 46) യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ഭർത്താവ് സുനിലും ബന്ധുക്കളും ആരോപിച്ചു.
മാർച്ച് 27ന് മേരികുളം കൂരാമ്പാറയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടി മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ആൻസിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ടെങ്കിലും രോഗം മൂർഛിച്ചതിനാൽ ചൊവാഴ്ച വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
എന്നാൽ, വേണ്ടത്ര പരിചരണം ഇവിടെ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
അപകടത്തിൽ കാര്യമായ ക്ഷതം ഉണ്ടായത് ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് ഭർത്താവ് സുനിൽ ആരോപിച്ചു. ആൻസിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം ഡിസ്ചാർജ് ചെയ്തു.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ആൻസി മരിച്ചത്.
ശനിയാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഫാദേഴ്സ് ഹൗസ് ഓഫ് ചപ്പാത്ത് പള്ളിയുടെ ഹെവൻവാലിയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ - അലൻ, ആൽവിൻ.
District News
കൂത്തുപറമ്പ്: പൂക്കോട് അമൃത വിദ്യാലയത്തിന് സമീപം വീട്ടിൽ തനിച്ച് താമസിക്കവെ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്കരിച്ചു.
പൂക്കോട് ജെറുസലേമിൽ സി.കെ. അന്നമ്മയാണ് (80) മരിച്ചത്. വാക്കർ തെന്നി നിലത്ത് വീണു തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നടക്കാൻ പ്രയാസമുള്ള ഇവർ വാക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഭാവനയ്ക്കായി എത്തിയവരാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടത്തിയത്.
കൂത്തുപറമ്പ് എസ്ഐ ടി.എം. വിപിനിന്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും ഇന്നലെ രാവിലെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് ബർണശേരി കത്തീഡ്രലിൽ സംസ്കാരം നടത്തിയത്.
National
ഗ്വാളിയർ: മധ്യപ്രദേശിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും എഴുപതുകാരി മരിച്ചു.
ഗ്വാളിയർ ജില്ലയിലെ ദാബ്ര പട്ടണത്തിലെ നവഗ്രഹ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. കലശ യാത്രയ്ക്കായി രാവില ഒട്ടേറെ സ്ത്രീകൾ ക്ഷേത്രത്തിലെത്തിയിരുന്നു.
കലശ വിതരണത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റവരിൽ ആറു സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഇവരെ ഗ്വാളിയറിലെയും ദാബ്രയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
District News
കോഴിക്കോട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍കുഴിയില്‍ ജബ്ബാറിന്റെ ഭാര്യമുനീറ (30) യാണ് മരിച്ചത്. ഫറോക്ക് കരുവന്തിരുത്തി സ്വദേശി ഖാദറിന്റെ മകളാണ് മുനീറ. ബുധനാഴ്ച രാവിലെയാണ് മുനീറയെ ജബ്ബാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കഴുത്തിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റ മുനീറ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഫാറൂഖ് കോളേജിന് സമീപം അണ്ടിക്കാടന്‍ കുഴിയിലാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ.
സംഭവ ദിവസം രാവിലെ മുനീറ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ജബ്ബാര്‍ ആക്രമണം നടത്തിയത്. ജബ്ബാര്‍ ഭാര്യയോട് പണം ചോദിച്ചിരുന്നു. പണം നല്‍കാതിരുന്നതോടെയാണ് ഇയാള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഇയാള്‍ മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിയായ ജബ്ബാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്.
National
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്.
2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49)അണ് മരിച്ചത്.
ഇന്നലെ ഗൈനകോളജി വിഭാഗത്തിൽ ഡി ആൻഡ് സി പരിശോധനക്കായി രാവിലെ ആറിന് എത്തിയതായിരുന്നു ശാലിനി. ഇവർക്ക് ബിപിയോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.
മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയ ശാലിനി ഗൈനകോളജി വിഭാഗത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തു.
പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ചലനമില്ലാതെ കിടന്ന ശാലിനി പുലർച്ചെ മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് ശാലിനി മരണപ്പെട്ടതെന്ന് ബന്ധുക്കളുടെ പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസ് എടുത്തു.