രാമപുരം: ദേശീയപാതയോട് ചേർന്നുള്ള രാമപുരം എഎച്ച്എൽപി സ്കൂളിന് മുന്നിൽ സീബ്രാലൈൻ പുനഃസ്ഥാപിക്കാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. കുട്ടികൾ ദിവസവും റോഡ് മുറിച്ചുകടക്കുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇരുവശത്തുനിന്നു വളവുകളുള്ളതും രണ്ട് ഗ്രാമീണ റോഡുകൾ വന്നുചേരുന്നതുമായ പ്രധാന ജംഗ്ഷനാണ് രാമപുരം സ്കൂൾപടി.
ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് അപകടകരമാണ്. സ്കൂളിന് മുന്നിൽ സീബ്രാലൈൻ ഇല്ലാത്തതും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്. ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. രണ്ടുമാസം മുന്പ് സ്കൂളിന് മുന്നിലുണ്ടായ അപകടത്തിൽ പ്രധാനാധ്യാപകൻ കക്കേങ്ങൽ അബ്ദുസലാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തരമായി സീബ്രാലൈനും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.