കോതമംഗലം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുവതലമുറയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കീരംപാറ ചീക്കോട് യുവദർശന ക്ലബിന്റെ നേതൃത്വത്തിൽ മിനി മാരത്തണും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ കീരംപാറ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളടക്കം നിരവധി പേർ പങ്കെടുത്തു. പാലമറ്റത്ത് നിന്ന് രാവിലെ ആരംഭിച്ച മിനി മാരത്തോൺ ചീക്കോട് യുവദർശന ക്ലബിൽ സമാപിച്ചു. കോതമംഗലം ഷിബു തെക്കുംപുറം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തണിന്റെ തുടക്കം മുതൽ സമാപനം വരെ എംഎൽഎ പങ്കെടുത്തു.
കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, വാർഡ് മെമ്പർമാരായ മനോജ് മത്തായി, എം.സി. അയ്യപ്പൻ, വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, സാമൂഹിക-സാംസ്കാരിക പ്രമുഖർ എന്നിവർ പങ്കെടുത്തു.