തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവത്കരണത്തിന് സർക്കാർ സംവിധാനങ്ങൾ മാത്രം മതിയാകില്ലെന്നും മാതാപിതാക്കൾ, അധ്യാപകർ, യുവജന സംഘടനകൾ, മത-സാമൂഹിക സംഘടനകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും ലോക ലഹരിവിരുദ്ധ ദിന സന്ദേശത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. നാടിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന വലിയ ആപത്തായി ലഹരിവസ്തുക്കളുടെ വർധിച്ച ഉപയോഗം മാറിയിരിക്കുന്നു.
യുവജനങ്ങൾക്കിടയിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കുന്നത് ആശങ്കാജനകമാണ്. സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.
ലഹരിവസ്തുകൾക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുവാൻ സർക്കാർ ആരോഗ്യവകുപ്പിന് കീഴിൽ ലഹരിവിമോചനകേന്ദ്രങ്ങൾ നിലവിലുണ്ട്. താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലുമായി 15 കേന്ദ്രങ്ങളിൽ ലഹരിവിമോചന ചികിത്സ ലഭ്യമാണ്.
ഇതിനു പുറമേ ആരോഗ്യ-എക്സൈസ് വകുപ്പുകളുടെ സംയുക്ത സംരംഭമായ വിമുക്തി പദ്ധതിയുടെ കീഴിൽ 14 ലഹരി വിമോചന കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്. ഈ കേന്ദ്രങ്ങളിൽ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. ഇതിലൂടെ ഡീടോക്സിഫിക്കേഷൻ തെറാപ്പി, ഫാമിലി തെറാപ്പി, ഗ്രൂപ്പ് തെറാപ്പി മാർഗങ്ങളും തുടർ ചികിത്സയും നടത്തി വരുന്നു.
ഇതിന് പുറമേ മാനസികാരോഗ്യ പരിപാടി വഴി സാമൂഹികാരോഗ്യ കേന്ദ്രങ്ങളില താലൂക്ക് ആശുപത്രികളിലുമായി 300 മാനസികാരോഗ്യ ക്ലിനിക്കുകൾ നടന്നു വരുന്നുണ്ട്. ഇതിലും ലഹരി വിമോചന ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
Tags : Major intervention essential to fight against alcoholism